breaking news New

സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയായി രവാഡ ചന്ദ്രശേഖറിനെ നിയമിച്ചു

ആന്ധ്രാപ്രദേശ് സ്വദേശിയായ രവാഡ 1991ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. രാവിലെ ചേർന്ന പ്രത്യേക മന്ത്രിസഭായോഗമാണ് രവാഡ് പോലീസ് തലപ്പത്തേയ്‌ക്ക് നിയമിക്കാനുള്ള തീരുമാനം എടുത്തത്. കൂത്തുപറമ്പ് വെടിവെപ്പ് നടക്കുമ്പോൾ തലശ്ശേരി എഎസ്പി ആയിരുന്ന രവാഡ ചന്ദ്രശേഖറിനെ മേധാവിയാക്കുന്നതിൽ ഇടത് കേന്ദ്രങ്ങളിൽ വലിയ ചർച്ച നടന്നിരുന്നു.

നിലവിലെ ഡിജിപി ഷേയ്ഖ് ദർവേസ് സാഹിബ് ഇന്ന് സർവ്വീസിൽ നിന്ന് വിരമിക്കും. ഈ ഒഴിവിലേക്കാണ് രവാഡയുടെ നിയമനം. നിലവിൽ ഐബിയിൽ സ്പെഷ്യൽ ഡയറക്ടറാണ് രവാഡ ചന്ദ്രശേഖർ. യുപിഎസ്‍സി തയ്യാറാക്കിയ മൂന്നംഗ ചുരുക്ക പട്ടികയിൽ രണ്ടാം പേരുകാരനായിരുന്നു.

രവാഡ ചന്ദ്രശേഖര്‍ നിലിവില്‍ കേന്ദ്ര സര്‍വീസില്‍ ഡിജിപി പദവിയിലാണെന്നും ഇതു കണക്കിലെടുത്ത് അദ്ദേഹത്തെ ഒഴിവാക്കി മനോജ് എബ്രഹാമിനെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ചൂണ്ടിക്കാട്ടി യുപിഎസ് സി സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന സർക്കാർ ശക്തമായി വാദിച്ചെങ്കിലും കമ്മിറ്റി അംഗീകരിച്ചില്ല.

രവാഡ ചന്ദ്രശേഖര്‍ പോലീസ് മേധാവിയാകാന്‍ തയാറാണെന്ന് സെലക്ഷന്‍ കമ്മിറ്റിയെ രേഖാമൂലം അറിയിച്ചിട്ടുള്ള സാഹചര്യത്തില്‍ അദ്ദേഹത്തെ ഒഴിവാക്കാനാകില്ലെന്ന് സെലക്ഷന്‍ കമ്മിറ്റി നിലപാടെടുത്തു. ഇതോടെ സംസ്ഥാനം കേന്ദ്രത്തിനു കൈമാറിയ ആറംഗ പട്ടികയില്‍ ആദ്യ മൂന്നു പേരുകാരായ നിതിന്‍ അഗര്‍വാള്‍, രവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരുടെ ചുരുക്ക പട്ടിക തയ്യാറാക്കുകയായിരുന്നു.

പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനക്കാരായ രവാഡ ചന്ദ്രശേഖറിനെയും യോഗേഷ് ഗുപ്‌തയെയും പട്ടികയില്‍ നിന്നു പിന്‍മാറ്റാന്‍ സര്‍ക്കാര്‍ പല വിധ സമ്മര്‍ദ്ദങ്ങള്‍ ഉപയോഗിച്ചിരുന്നു. യോഗേഷ് ഗുപ്‌തയ്‌ക്കു കേന്ദ്ര ഡെപ്യൂട്ടേഷനുള്ള വിജിലന്‍സ് ഫയല്‍ കൈമാറാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. സംസ്ഥാന പോലീസ് മേധാവി പട്ടികയില്‍ നിന്ന് പിന്‍മാറിയാല്‍ ഫയല്‍ ഒപ്പിട്ട് കൈമാറാമെന്ന് ഇടനിലക്കാര്‍ വഴി അറിയിച്ച് യോഗേഷ് ഗുപ്തയ്‌ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും അദ്ദേഹം തയ്യാറായില്ല. ഫയല്‍ ഒപ്പിടാന്‍ സര്‍ക്കാര്‍ തയ്യാറല്ലെങ്കില്‍ താന്‍ സംസ്ഥാനത്തു തുടര്‍ന്നു കൊള്ളാമെന്നും ഒരു കാരണവശാലും ഡിജിപി യോഗ്യതാ പട്ടികയില്‍നിന്നു പിന്‍മാറില്ലെന്നും യോഗേഷ് കര്‍ശന നിലപാടു സ്വീകരിച്ചു.

ഇതോടെയാണ് മനോജ് എബ്രാഹിനെ പോലീസ് തലവനാക്കാനുള്ള സര്‍ക്കാരിന്റെ എല്ലാ നീക്കങ്ങളും പാളിയത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5