breaking news New

സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് പ്രമുഖ സാഹിത്യകാരന്‍ മേതില്‍ രാധാകൃഷ്ണന്‍ അര്‍ഹനായി

തിരുവനന്തപുരം :
അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

കവി കെ ജി എസ് അധ്യക്ഷനും കല്‍പറ്റ നാരായണന്‍, കെ സച്ചിദാനന്ദന്‍, സാറാജോസഫ് എന്നിവര്‍ അംഗങ്ങളും എം പി. സുരേന്ദ്രന്‍ മെമ്പര്‍ സെക്രട്ടറിയുമായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ ഏകകണ്ഠമായി തെരഞ്ഞെടുത്തത്. പുരസ്‌കാരം പിന്നീട് കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി സമ്മാനിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അനന്യമായ ലാവണ്യബോധവും അനിതരമായ ധിഷണാശേഷിയും കൊണ്ട് മലയാള സാഹിത്യത്തില്‍ നവഭാവുകത്വം സൃഷ്ടിച്ച എഴുത്തുകാരനാണ് മേതില്‍ രാധാകൃഷ്ണനെന്ന് ജൂറി വിലയിരുത്തി.1944 ആഗസ്റ്റ് 24ന് പാലക്കാട് ജില്ലയിലെ ആലത്തൂര്‍ പുതിയങ്കത്ത് പാറക്കാട്ട് ഗോവിന്ദ മേനോന്‍- മേതില്‍ കമല ദമ്പതികളുടെ മകനായാണ് ജനനം.

ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജിലും തൃശൂര്‍ കേരളവര്‍മ്മ കോളേജിലും വിദ്യാഭ്യാസം. ഒരു നോര്‍വീജിയന്‍ ഷിപ്പിംഗ് സ്ഥാപനത്തിലെ കമ്പ്യൂട്ടര്‍ വിഭാഗത്തിന്റെ അധിപനായും നെസ്റ്റ് സോഫ്റ്റ്വെയര്‍ യു എസ് എയുടെ മദ്രാസ് ശാഖയില്‍ സീനിയര്‍ സാങ്കേതികലേഖകനായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു.

സൂര്യവംശം, ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി, ബ്രാ, പെന്‍ഗ്വിന്‍, ഡിലന്‍ തോമസിന്റെ പന്ത്, നായകന്മാര്‍ ശവപേടകങ്ങളില്‍, സംഗീതം ഒരു സമയകലയാണ്, മേതില്‍ കഥകള്‍, മേതില്‍ കവിതകള്‍, രോമം, ദൈവം മനുഷ്യന്‍ യന്ത്രം, ലൈംഗികതയെക്കുറിച്ച് ഒരു ഉപന്യാസം, ആല്‍ബട്രോസിന്റെ കരച്ചില്‍, മൂന്നുവര, ഭൂമിയെയും മരണത്തെയും കുറിച്ച്, സൂര്യമത്സ്യത്തെ വിവരിക്കല്‍, ചൂണ്ടുന്ന എലി ചൂണ്ടെലി, ഇവിടെ ഒരു വവ്വാല്‍ ഇല്ല, സീബ്ര ക്രോസിംഗ്, പെന്‍ഗ്വിന്‍ എന്നിവ പ്രധാന കൃതികള്‍.

സാംസ്‌കാരിക വകുപ്പ് സെക്രട്ടറി കെ ബിജു, ഡയറക്ടര്‍ ഇമ്പശേഖര്‍, കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ കല്‍പ്പറ്റ നാരായണന്‍, സെക്രട്ടറി എം പി സുരേന്ദ്രന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4