breaking news New

അരി മുതൽ പലവ്യഞ്ജനങ്ങൾ വരെ വില കുതിക്കുന്നു ; കുടുംബബജറ്റ് താളംതെറ്റി സാധാരണക്കാർ !!

അയല്‍സംസ്ഥാനങ്ങളിലുണ്ടായ രൂക്ഷമായ കാലാവസ്ഥാ വ്യതിയാനവും കൃഷിനാശവുമാണ് വിപണിയില്‍ പെട്ടെന്നുള്ള വിലവര്‍ധനയ്ക്ക് കാരണമായത്. ഇതിനുപുറമേ പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച സാമ്പത്തിക ആഘാതങ്ങളും വിപണിയെ കൂടുതല്‍ ദുരിതത്തിലാഴ്ത്തുന്നു.

അരിവിപണിയിലാണ് ഉപഭോക്താക്കള്‍ക്ക് ഏറ്റവും വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മട്ട അരിയുടെ ചില്ലറവില കിലോയ്ക്ക് 50 രൂപയില്‍നിന്ന് ഒറ്റയടിക്ക് 65 രൂപയായി ഉയര്‍ന്നു. മൊത്തവിപണിയില്‍ പൊന്നി അരിക്ക് ഒരു മാസത്തിനിടെ 10 രൂപ വര്‍ധിച്ച് 53 രൂപയായപ്പോള്‍ ചില്ലറവിപണിയില്‍ ഇതിലും ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നത്. സുലേഖ അരി കിലോയ്ക്ക് 45-ല്‍നിന്ന് 55 രൂപയായും, ജയ അരി 45-ല്‍നിന്ന് 54 രൂപയായും വര്‍ധിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ കുത്തരിയുടെയും ചാക്കരിയുടെയും വിലയില്‍ നാല് രൂപ വരെ വര്‍ധനവുണ്ടായിട്ടുണ്ട്. അരിവില കുതിച്ചുയര്‍ന്നതോടെ ഹോട്ടലുകളില്‍ ഊണിന് വില വര്‍ധിപ്പിക്കാന്‍ ഉടമകള്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഉത്സവസീസണ്‍ കൂടിയെത്തിയതോടെ പരിപ്പ്, പയര്‍ വര്‍ഗങ്ങളുടെ വിലയിലും വന്‍ കുതിച്ചുകയറ്റമാണ് അനുഭവപ്പെടുന്നത്. രണ്ടാഴ്ചയ്ക്കിടെ രണ്ടുതവണയായി 12 രൂപ വര്‍ധിച്ച് ഉഴുന്നിന്റെ മൊത്തവില 138 രൂപയായതോടെ പലയിടത്തും ചില്ലറവില 150 രൂപ കടന്നു. തുവരപ്പരിപ്പിന് 170 രൂപയും കടലയ്ക്ക് 95 രൂപയും വന്‍പയറിന് 120 രൂപയുമാണ് നിലവിലെ നിരക്ക്. സാധാരണ പരിപ്പിന് 70 രൂപ രേഖപ്പെടുത്തുമ്പോള്‍, മുളക് വില 230 രൂപയില്‍നിന്ന് 360 രൂപയിലേക്കും മഞ്ഞള്‍ വില 180-ല്‍നിന്ന് 300 രൂപയിലേക്കും കുതിച്ചുയര്‍ന്നു. ഓണക്കാലത്തിനുശേഷം കുറഞ്ഞ പഞ്ചസാരവില വീണ്ടും ഉയര്‍ന്ന് മൊത്തവിപണിയില്‍ 54 രൂപയിലെത്തിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ ഗോതമ്പ്, റവ എന്നിവയ്ക്കും വില വര്‍ധിക്കുമെന്നാണ് വ്യാപാരികള്‍ നല്‍കുന്ന സൂചന.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4