breaking news New

കേരളത്തിൽ വിലക്കയറ്റം നിയന്ത്രണാതീതം ; തമിഴ്നാട്ടിലേക്കാൾ ഇരട്ടിവില ! വെളുത്തുള്ളി 80, ചെറിയ ഉള്ളി 220, മുരിങ്ങക്ക 120 ; അടുക്കള ബജറ്റ് താളംതെറ്റി, സർക്കാർ എവിടെയെന്ന് വീട്ടമ്മമാർ

പത്തനംതിട്ട: നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോഴും നിയന്ത്രണ നടപടികൾ ഫലപ്രദമാകുന്നില്ലെന്ന ആരോപണം ശക്തമാകുന്നു. അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ ലഭിക്കുന്നതിനേക്കാൾ ഉയർന്ന വില നൽകിയാണ് കേരളത്തിൽ പലവ്യഞ്ജനങ്ങളും പച്ചക്കറികളും വാങ്ങേണ്ടിവരുന്നത്. വിലക്കയറ്റം സാധാരണക്കാരുടെ കുടുംബബജറ്റിനെ താളംതെറ്റിക്കുമ്പോൾ സർക്കാർ ഇടപെടൽ എവിടെയെന്ന ചോദ്യവും ഉയരുന്നു.

വെളുത്തുള്ളിക്ക് കിലോയ്ക്ക് 80 രൂപയും മുരിങ്ങക്കായ്ക്ക് 120 രൂപയും ചെറിയ ഉള്ളിക്ക് 220 രൂപയുമാണ് നിലവിൽ ഈടാക്കുന്നത്. കർണാടകയിൽനിന്ന് എത്തുന്ന ചെറിയ ഉള്ളിയുടെ വില കുത്തനെ ഉയർന്നതിന് വ്യക്തമായ കാരണമില്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി. തമിഴ്നാട്ടിൽനിന്ന് എത്തുന്ന ഗുണനിലവാരം കുറഞ്ഞ ഉള്ളിക്കുപോലും 180 രൂപ നൽകേണ്ട സ്ഥിതിയാണ്.

കോയമ്പത്തൂർ മാർക്കറ്റിൽ സവാള വില കിലോയ്ക്ക് 65 രൂപ കടന്നതായും വരും ദിവസങ്ങളിൽ വില ഇനിയും ഉയരുമെന്നും വ്യാപാരികൾ മുന്നറിയിപ്പ് നൽകുന്നു.

പാലക്കാട് നെന്മാറയിൽനിന്ന് എത്തുന്ന പാവയ്ക്കയ്ക്ക് 80 രൂപയാണ് വില. ഉരുളക്കിഴങ്ങിന് 120 രൂപയും തമിഴ്നാട്ടിലെ പുളിയംകുഴി ഭാഗത്തുനിന്നുള്ള നാരങ്ങയ്ക്ക് 160 രൂപയിലധികവുമാണ് വില. മുട്ടയുടെയും മറ്റ് പച്ചക്കറികളുടെയും വില ഉയരുന്നതും കുടുംബങ്ങളുടെ ചെലവ് വർധിപ്പിക്കുന്നു.

പച്ചക്കറികളുടെ വിലവർധന സാധാരണ കുടുംബങ്ങളെ മാത്രമല്ല ഹോട്ടൽ മേഖലയെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഭക്ഷണവിഭവങ്ങൾ തയ്യാറാക്കുന്നതിനുള്ള ചെലവ് വർധിച്ചതോടെ ഹോട്ടൽ നടത്തിപ്പ് കൂടുതൽ ദുഷ്കരമായി. മുട്ടയ്ക്കൊപ്പം കോഴിയിറച്ചി, പോത്തിറച്ചി എന്നിവയുടെ വിലയും ഉയരുകയാണ്. ക്രിസ്മസ് സീസൺ അടുക്കുന്നതോടെ മാംസവില വീണ്ടും വർധിക്കുമെന്ന ആശങ്കയും വ്യാപാരികൾക്കുണ്ട്.

മഴയും കൃഷിനാശവും തിരിച്ചടിയാകുന്നു

കനത്ത മഴയും കൃഷിനാശവുമാണ് പച്ചക്കറി വില ഉയരാൻ കാരണമെന്നാണ് വിലയിരുത്തൽ. ശബരിമല തീർത്ഥാടനകാലം ആരംഭിച്ചതോടെ അയൽസംസ്ഥാനങ്ങളിലും പച്ചക്കറി വില വർധിക്കുന്നുണ്ട്. ഇതിനിടെ ഒരു കിലോ നാളികേരത്തിന് 70 രൂപയായതും ഉപഭോക്താക്കൾക്ക് അധികഭാരമാകുന്നു. വില ഇനിയും ഉയർന്നേക്കുമെന്നാണ് വ്യാപാരികളുടെ സൂചന.

വിലക്കയറ്റം തുടർന്നാൽ സാധാരണക്കാരുടെ അടുക്കളച്ചെലവ് ഇനിയും ഉയരും. വിപണിയിലെ വില നിയന്ത്രിക്കാനും ജനങ്ങൾക്ക് ന്യായവിലയിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കാനും സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4