breaking news New

രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലേക്ക് ; ഗുരുവായൂരിലും കാലടിയിലും ദർശനം : വൻ സുരക്ഷയും ഗതാഗത നിയന്ത്രണവും!

കൊച്ചി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ കേരള സന്ദർശനത്തോടനുബന്ധിച്ച് ഗുരുവായൂരിലും കാലടിയിലും കർശന സുരക്ഷാ ക്രമീകരണങ്ങൾ. നവംബർ 27 വെള്ളിയാഴ്ച ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലും കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലും രാഷ്ട്രപതി ദർശനം നടത്തും. സന്ദർശനത്തിന്റെ ഭാഗമായി ഇരുപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ 11 മണിക്ക് രാഷ്ട്രപതി കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലെത്തും. ദർശനത്തിനുശേഷം 11.30-ന് മടങ്ങും. ക്ഷേത്രദർശനം മാത്രമാണ് സന്ദർശനത്തിന്റെ ഭാഗം.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ മുതൽ വൈകിട്ട് നാല് മണിവരെ കാലടി ക്ഷേത്രത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല.

ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് അരിയന്നൂർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങുന്ന രാഷ്ട്രപതി തുടർന്ന് ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തും. വൈകിട്ട് 3.50-ന് ക്ഷേത്രത്തിലേക്ക് പുറപ്പെടും. 4.15 വരെ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം 4.30-ന് മടങ്ങും.

ഗുരുവായൂരിൽ ഗതാഗത നിയന്ത്രണം; വാഹനങ്ങൾ വഴിതിരിച്ചുവിടും

രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം ചൂണ്ടൽ മുതൽ ഗുരുവായൂർ കാരക്കാട് ജങ്ഷൻ വരെ ഗതാഗതം പൂർണമായും നിരോധിക്കും. സന്ദർശനത്തിന് മുന്നോടിയായുള്ള ട്രയൽ റണ്ണിന്റെ ഭാഗമായി വ്യാഴാഴ്ചയും നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ അറിയിച്ചു.

യാത്രക്കാർ ശ്രദ്ധിക്കേണ്ട പ്രധാന നിർദേശങ്ങൾ:

* തൃശൂരിൽ നിന്നുള്ള വാഹനങ്ങൾ ചൂണ്ടലിൽ നിന്ന് കുന്നംകുളം വഴി ഗുരുവായൂരിലെത്തണം.

* സ്വകാര്യ ബസുകൾ പടിഞ്ഞാറെനട കമ്പിപ്പാലത്തിന് സമീപമുള്ള ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യണം.

* ചാവക്കാട്, പൊന്നാനി ഭാഗങ്ങളിൽ നിന്നുള്ള ടോറസ്, ടിപ്പർ ലോറികൾ ചാവക്കാട് ജങ്ഷന് മുൻപായി നിർത്തണം.

* പാവറട്ടിയിൽ നിന്ന് വരുന്ന ടോറസ്, ടിപ്പർ ലോറികൾ പഞ്ചാരമുക്ക് ജങ്ഷന് മുൻപായി നിർത്തിയിടണം.

* ഇന്നർ, ഔട്ടർ റിങ് റോഡുകളിൽ വാഹന പാർക്കിങ് പൂർണമായും നിരോധിച്ചിട്ടുണ്ട്.

രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ കണക്കിലെടുത്ത് യാത്രക്കാർ മുൻകൂട്ടി യാത്രാപദ്ധതി തയ്യാറാക്കണമെന്നും ഗതാഗത നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4