തിരുവനന്തപുരം : ബാങ്കുകള്‍, ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകള്‍ തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെ പേരില്‍ തട്ടിപ്പുകാര്‍ ഇന്റര്‍നെറ്റില്‍ വ്യാജ നമ്പറുകള്‍ പോസ്റ്റ് ചെയ്താണ് ഉപഭോക്താക്കളെ വലയിലാക്കുന്നത്.
സഹായത്തിനായി ഉപഭോക്താക്കള്‍ ഈ നമ്പറുകളിലേക്ക് വിളിക്കുമ്പോള്‍ നേരിട്ട് കണക്റ്റാകില്ല. തുടര്‍ന്ന് കസ്റ്റമര്‍ സപ്പോര്‍ട്ട് ഏജന്റാണെന്ന വ്യാജേന തട്ടിപ്പുകാര്‍ തിരികെ വിളിക്കുകയാണ് ചെയ്യുന്നത്. പരാതി പരിഹരിക്കാനെന്ന പേരില്‍ ഫോണില്‍ റിമോട്ട് ആക്സസ് അല്ലെങ്കില്‍ സ്‌ക്രീന്‍ ഷെയറിംഗ് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ ഫീസെന്നോ വെരിഫിക്കേഷന്‍ ഫീസെന്നോ പറഞ്ഞ് അഞ്ചു രൂപ പോലെയുള്ള ചെറിയ തുക അടയ്ക്കാന്‍ നിര്‍ദ്ദേശിക്കും. ഇതിലൂടെ ബാങ്കിംഗ് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും ചോര്‍ത്തി വന്‍ സാമ്പത്തിക തട്ടിപ്പാണ് ഇവര്‍ നടത്തുന്നത്.
ഗൂഗിളില്‍ തിരയുമ്പോള്‍ ലഭിക്കുന്ന കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ പൂര്‍ണ്ണമായി വിശ്വസിക്കരുത്.
ഏതൊരു സേവനത്തിനും സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റോ ആപ്പോ മാത്രം ഉപയോഗിക്കുക. അജ്ഞാതരുടെ ആവശ്യപ്രകാരം യാതൊരു കാരണവശാലും റിമോട്ട് ആക്സസ് ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ രജിസ്ട്രേഷന്‍ ഫീസുകള്‍ നല്‍കുകയോ ചെയ്യരുത്.
ഒ.ടി.പി, പിന്‍, പാസ്വേഡ്, കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവ ആരുമായും പങ്കുവെക്കരുത്. ഫോണ്‍ സംഭാഷണത്തിനിടെ എന്തെങ്കിലും സംശയം തോന്നിയാല്‍ ഉടന്‍ കോള്‍ അവസാനിപ്പിച്ച് ഔദ്യോഗിക വിവരങ്ങള്‍ വഴി ബന്ധപ്പെടുകയോ തൊട്ടടുത്ത ബ്രാഞ്ച് നേരിട്ട് സന്ദര്‍ശിക്കുകയോ ചെയ്യുക.
ഏതെങ്കിലും തരത്തിലുള്ള സൈബര്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഉടന്‍തന്നെ 1930 എന്ന സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പറിലോ www.cybercrime.gov.in എന്ന ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടല്‍ വഴിയോ പരാതി നല്‍കണമെന്ന് പൊലീസ് അറിയിച്ചു.
കസ്റ്റമർ കെയർ നമ്പർ ഗൂഗിളിൽ തിരയുന്നുണ്ടോ ? സൂക്ഷിക്കുക ! ₹5 അടയ്ക്കാൻ പറഞ്ഞ് ‘സപ്പോർട്ട് ഏജന്റ്’ ചമഞ്ഞെത്തും ; ഫോൺ നിയന്ത്രണത്തിലാക്കി അക്കൗണ്ട് കാലിയാക്കും : വൻ സൈബർ തട്ടിപ്പിനെതിരെ പൊലീസ് മുന്നറിയിപ്പ്
Advertisement
Advertisement
Advertisement