breaking news New

വിമാനക്കമ്പനി ജീവനക്കാരുടെ മോശം പെരുമാറ്റത്തിനെതിരെ യാത്രക്കാർക്ക് നിയമനടപടി സ്വീകരിക്കാം ; നിർണായക നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി

ഡൽഹി : വിമാനക്കമ്പനി ജീവനക്കാരിൽ നിന്ന് അധിക്ഷേപമോ മോശം പെരുമാറ്റമോ നേരിടേണ്ടിവന്നാൽ യാത്രക്കാർക്ക് സിവിൽ, ക്രിമിനൽ നിയമനടപടികൾ സ്വീകരിക്കാമെന്ന് ഡൽഹി ഹൈക്കോടതി.

എന്നാൽ ജീവനക്കാരുടെ പെരുമാറ്റം നിയന്ത്രിക്കാൻ പ്രത്യേക പരാതി പരിഹാര സംവിധാനം രൂപീകരിക്കണമെന്നോ പ്രത്യേക വിമാനയാത്രാ ചട്ടങ്ങൾ കൊണ്ടുവരണമെന്നോ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (DGCA) നിർദേശം നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് അമിത് മഹാജൻ അധ്യക്ഷനായ ബെഞ്ചാണ് ശാലിനി തിവാരി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ട് സുപ്രധാന നിരീക്ഷണം നടത്തിയത്. നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കേണ്ടത് ബന്ധപ്പെട്ട ഭരണഘടനാ സ്ഥാപനങ്ങളുടെയും അധികാരികളുടെയും ചുമതലയാണെന്നും ഇത് നയപരമായ ഭരണകാര്യത്തിൽ ഉൾപ്പെടുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇൻഡിഗോ എയർലൈൻസിലെ കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് തന്നോട് അശ്ലീലവും അധിക്ഷേപകരവുമായ ഭാഷയിൽ സംസാരിച്ചെന്നും ജീവനക്കാരനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ കമ്പനി തയ്യാറായില്ലെന്നും ആരോപിച്ചാണ് ശാലിനി തിവാരി കോടതിയെ സമീപിച്ചത്.

വിമാനത്തിനുള്ളിൽ മോശമായി പെരുമാറുന്ന യാത്രക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ സിവിൽ ഏവിയേഷൻ ചട്ടങ്ങളിൽ വ്യവസ്ഥകളുണ്ടെങ്കിലും ജീവനക്കാരുടെ മോശം പെരുമാറ്റത്തിനെതിരെ സമാനമായ പ്രത്യേക ചട്ടങ്ങൾ നിലവിലില്ലെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു.

ഇതേ വിഷയത്തിൽ നേരത്തെ സമർപ്പിച്ച ഹർജി പരിഗണിച്ച കോടതി, പരാതി പരിശോധിച്ച് 30 ദിവസത്തിനകം തീരുമാനമെടുക്കാൻ ഡിജിസിഎയ്ക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ 20ന് നൽകിയ മറുപടിയിൽ എയർലൈൻ ആവശ്യമായ തിരുത്തൽ നടപടികളും പ്രതിരോധ സംവിധാനങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് ഡിജിസിഎ വ്യക്തമാക്കിയിരുന്നു.

ഇതോടെ കമ്പനിക്കെതിരെ വീണ്ടും പ്രത്യേക നടപടി സ്വീകരിക്കാൻ ഉത്തരവിടേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, ജീവനക്കാരുടെ അധിക്ഷേപത്തിനും മോശം പെരുമാറ്റത്തിനുമെതിരെ നിലവിലുള്ള നിയമമാർഗങ്ങൾ ഉപയോഗിച്ച് യാത്രക്കാർക്ക് നീതി തേടാമെന്നും കോടതി നിരീക്ഷിച്ചു.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4