breaking news New

യു.ഡി.എഫ് ഭരണത്തിലും ടി.പി. വധക്കേസ് പ്രതികൾക്ക് പരോൾ ; ഇടതുസർക്കാറിനെതിരെ വിമർശിച്ചവർ ഇപ്പോൾ ഭരണപങ്കാളികൾ ; എന്നിട്ടും പരോൾ തുടരുന്നു !

ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിക്കുന്നതിനെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം വീണ്ടും ശക്തമാകുന്നു.

യു.ഡി.എഫ് ഭരണത്തിലും കേസിലെ പ്രതികൾക്ക് പരോൾ ലഭിക്കുന്നത് തുടരുകയാണ്. മുൻ ഇടതുസർക്കാറിന്റെ കാലത്ത് പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെ ശക്തമായ വിമർശനമുയർത്തിയ ആർ.എം.പി ഉൾപ്പെടെയുള്ള കക്ഷികൾ ഭരണത്തിന്റെ ഭാഗമായിരിക്കുമ്പോഴും ഇത്തരം പരോളുകൾ തടയാനാകുന്നില്ലെന്നതാണ് ശ്രദ്ധേയം.

കേസിലെ പ്രതി മുഹമ്മദ് ഷാഫിക്ക് ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് 15 ദിവസത്തെ പരോൾ അനുവദിച്ചു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഇയാൾ പുറത്തിറങ്ങി.

കുഞ്ഞിനെ കാണുന്നതിനായി പരോൾ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഷാഫി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇയാളുടെ പരോൾ അപേക്ഷ നേരത്തെ ജയിൽ അധികൃതർ നിരസിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലും ഷാഫി പരോളിൽ പുറത്തിറങ്ങിയിരുന്നു.

കേസിലെ ഒന്നാം പ്രതി എം.സി. അനൂപിനും കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് 20 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. നേരത്തെ രജീഷ് ഉൾപ്പെടെയുള്ള പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെ യു.ഡി.എഫ് രംഗത്തെത്തിയിരുന്നു. പരോൾ ചട്ടങ്ങൾ പാലിച്ചല്ലെന്നായിരുന്നു അന്നത്തെ വിമർശനം. എന്നാൽ, നിയമാനുസൃതമായാണ് പരോൾ അനുവദിച്ചതെന്നായിരുന്നു ജയിൽ അധികൃതരുടെ വിശദീകരണം.

ഇടതുസർക്കാറിന്റെ കാലത്ത് ടി.പി. വധക്കേസ് പ്രതികൾക്ക് ലഭിച്ച പരോളുകൾ നിയമവിരുദ്ധമാണെന്ന ആരോപണം ശക്തമായതോടെ അനുവദിച്ച പരോളുകളെക്കുറിച്ച് അന്വേഷണം വേണമെന്ന് ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു. ടി.പി. കേസ് പ്രതികൾക്ക് മാത്രം എന്താണ് പ്രത്യേക പരിഗണനയെന്ന ചോദ്യം കോടതി ഉയർത്തുകയും ചെയ്തു. കേസിലെ പന്ത്രണ്ടാം പ്രതി ജ്യോതിബാബുവിന്റെ പരോൾ അപേക്ഷ ഹൈക്കോടതി നിരസിക്കുകയും ചെയ്തിരുന്നു.

ടി.പിയുടെ ഭാര്യ കെ.കെ. രമ യു.ഡി.എഫിന്റെ അസോസിയേറ്റ് ഘടകകക്ഷിയായി വടകരയിൽ നിന്ന് മത്സരിച്ച് വിജയിച്ച് സർക്കാറിനെ പിന്തുണയ്ക്കുന്ന സാഹചര്യത്തിലും പ്രതികൾക്ക് പരോൾ ലഭിക്കുന്നത് തുടരുകയാണ്. മുൻപ് പരോൾ വിഷയത്തിൽ ശക്തമായ രാഷ്ട്രീയ നിലപാടെടുത്തവർ ഭരണപങ്കാളികളായിട്ടും സ്ഥിതിയിൽ മാറ്റമില്ലെന്ന വിമർശനത്തിനാണ് പുതിയ സംഭവങ്ങൾ വഴിയൊരുക്കുന്നത്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4