breaking news New

സർക്കാരിനെതിരെ തുറന്നടിച്ച് ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ; “മലങ്കര സഭയുടെ ഹൃദയത്തിൽ ആഴത്തിലുള്ള മുറിവേറ്റു” : നീതിക്കായുള്ള പോരാട്ടം തുടരുമെന്ന് കാതോലിക്കാ ബാവാ

കോട്ടയം : ഓർത്തഡോക്സ്–യാക്കോബായ സഭാതർക്കത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. സർക്കാരിന്റെ നിലപാട് മലങ്കര സഭയുടെ ഹൃദയത്തിൽ ആഴത്തിലുള്ള മുറിവേൽപ്പിച്ചെന്ന് അദ്ദേഹം തുറന്നടിച്ചു.

സഭയുടെ ശാശ്വത സമാധാനത്തിനായി നടത്തിയ നീതിയുക്തമായ ശ്രമങ്ങളെ സർക്കാർ തലത്തിൽ ഔദ്യോഗികമായി അട്ടിമറിക്കാൻ ശ്രമമുണ്ടായെന്നാണ് സഭയുടെ വിലയിരുത്തലെന്നും കാതോലിക്കാ ബാവാ വ്യക്തമാക്കി.

കോട്ടയം ദേവലോകം അരമനയിൽ ചേർന്ന അടിയന്തര യോഗങ്ങൾക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭാ വർക്കിംഗ് കമ്മിറ്റി, ആലോചനാസമിതി, ലീഗൽ സെൽ എന്നിവയുടെ യോഗങ്ങളാണ് ചേർന്നത്.

പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ സന്ദർശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടതിയിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് സഭയെ ഏറെ ആശ്ചര്യപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. സഭയിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളെ സർക്കാർ തലത്തിൽത്തന്നെ തടസ്സപ്പെടുത്താനുള്ള നീക്കമുണ്ടായെന്ന ഗുരുതരമായ ആരോപണവും കാതോലിക്കാ ബാവാ ഉന്നയിച്ചു.

എന്നാൽ സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് സമാധാനശ്രമങ്ങളിൽ നിന്ന് പിന്നോട്ടുപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നീതിക്കും സത്യത്തിനും വേണ്ടിയുള്ള പോരാട്ടം മുൻഗാമികളായ പിതാക്കന്മാർ കാണിച്ചുതന്ന വഴിയിലൂടെ തുടരുമെന്നും പ്രഖ്യാപിച്ചു.

“സത്യം ജയിക്കും, സത്യം ജയിക്കും, സത്യം ജയിക്കും” – മുൻഗാമികളായ പിതാക്കന്മാരുടെ വാക്കുകൾ ആവർത്തിച്ചാണ് കാതോലിക്കാ ബാവാ പ്രതികരണം അവസാനിപ്പിച്ചത്.

സഭാതർക്കവുമായി ബന്ധപ്പെട്ട് കോടതിയിലെ സർക്കാർ നിലപാടിനെതിരെ ഓർത്തഡോക്സ് സഭയുടെ പ്രതിഷേധം കൂടുതൽ ശക്തമാകുന്നതിന്റെ സൂചനയാണ് കാതോലിക്കാ ബാവായുടെ പ്രതികരണം.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4