ലഹരിമരുന്ന് കേസുകളുടെ (എന്‍.ഡി.പി.എസ്) വിചാരണ വേഗത്തിലാക്കുന്നതിനും കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിനുമായി സംസ്ഥാനത്ത് മൂന്ന് പുതിയ പ്രത്യേക കോടതികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പാലക്കാട്, മഞ്ചേരി, തൃശൂര്‍ എന്നീ ജുഡീഷ്യല്‍ ജില്ലകളിലാണ് പുതിയ എന്.ഡി.പി.എസ് കോടതികള്‍ സ്ഥാപിക്കുന്നത്. ഇതിനുപുറമെ, തിരുവനന്തപുരത്തും എറണാകുളത്തുമുള്‍പ്പെടെ നിലവിലുള്ളതും പുതിയതുമായ കോടതികളുടെ സുഗമമായ പ്രവര്‍ത്തനത്തിനായി ഓരോ കോടതിയിലും 11 പേര്‍ക്ക് വീതം സ്ഥിരനിയമനം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ മൂന്ന് പുതിയ കോടതികളിലുമായി ആകെ 33 പുതിയ തസ്തികകളാണ് സൃഷ്ടിക്കുന്നത്.
അതേസമയം,
ഉദ്യോഗാര്‍ത്ഥികള്‍ക്ക് വലിയ ആശ്വാസം പകരുന്ന മറ്റൊരു പ്രധാന പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തി. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ അധ്യാപക തസ്തികകളിലേക്കുള്ള 18 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടിനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രൈമറി തസ്തികകള്‍ മുതല്‍ എച്ച്.എസ്.എസ്.ടി വരെയുള്ള റാങ്ക് ലിസ്റ്റുകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കാലാവധി അവസാനിക്കാനിരുന്ന അധ്യാപക റാങ്ക് പട്ടികകളുടെ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത്. സംസ്ഥാനത്ത് സെന്‍സസ്, ബി.എല്‍.ഒ ചുമതലകള്‍, അന്തര്‍ജില്ലാ സ്ഥലംമാറ്റ നടപടികളിലെ കാലതാമസം, സ്റ്റാഫ് ഫിക്‌സേഷന്‍ വൈകിയത് തുടങ്ങിയ വിവിധ കാരണങ്ങളാല്‍ ഒഴിവുകള്‍ യഥാസമയം കണ്ടെത്തി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വകുപ്പുതലത്തില്‍ കാലതാമസം നേരിട്ടിരുന്നു.
വിവിധ കാരണങ്ങളാല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയത് മൂലം അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന അവസരങ്ങള്‍ നഷ്ടപ്പെടാന്‍ പാടില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടാന്‍ സര്‍ക്കാര്‍ തയ്യാറായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന തീരുമാനമാണ്.
സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ ദുരിതമനുഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാര വിതരണം ഈ ആഴ്ച തന്നെ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ഉറപ്പുനല്‍കി. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം ഇക്കഴിഞ്ഞ 14-നാണ് പൂര്‍ണ്ണമായും അവസാനിച്ചത്. നിലവില്‍ കൃഷി, വീട്, സ്വത്ത് വകകള്‍ക്കുണ്ടായ നഷ്ടങ്ങള്‍ സംബന്ധിച്ച സ്ഥിതിവിവര കണക്കുകള്‍ റവന്യൂ അധികൃതര്‍ സൂക്ഷ്മമായി പരിശോധിച്ചു വരികയാണ്.
ഈ ആഴ്ച തന്നെ മുഴുവന്‍ പരിശോധനാ നടപടികളും പൂര്‍ത്തിയാക്കി അര്‍ഹരായ എല്ലാവര്‍ക്കും പ്രളയധനസഹായം വിതരണം ചെയ്തു തുടങ്ങും. അര്‍ഹരായ ഒരു വ്യക്തിക്ക് പോലും ആനുകൂല്യങ്ങള്‍ നഷ്ടപ്പെടില്ലെന്നും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പൊതുവിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങള്‍ വേഗത്തിലാക്കാനും ലഹരി കേസുകളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കാനും ഒപ്പം പ്രളയബാധിതര്‍ക്ക് സമയബന്ധിതമായി ആശ്വാസമെത്തിക്കാനും ലക്ഷ്യമിട്ടുള്ള സര്‍ക്കാറിന്റെ ഈ ബഹുമുഖ തീരുമാനങ്ങള്‍ പൊതുസമൂഹത്തില്‍ വലിയ സ്വീകാര്യത നേടുന്നു.
ലഹരി മാഫിയക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’ കൂടുതൽ ശക്തമാകും ; പോലീസിന്റെ പോരാട്ടത്തിന് പൂർണ്ണ പിന്തുണയുമായി സർക്കാർ : നിർണായക തീരുമാനങ്ങൾ പ്രഖ്യാപിച്ചു
Advertisement
Advertisement
Advertisement