breaking news New

ഓപ്പറേഷൻ തൂഫാൻ : ലഹരിമാഫിയക്കെതിരെ നടപടി കടുപ്പിച്ച് കേരള പൊലീസ് ; 40 പേരുടെ സ്വത്തുക്കൾ കണ്ടുകെട്ടും ; 148 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

തിരുവനന്തപുരം :
പദ്ധതിയുടെ ഭാഗമായി ഇതുവരെ ഫോണ്‍ വഴി 8,125 പരാതികളും വാട്‌സാപ്പ് വഴി 5,668 പരാതികളും ലഭിച്ചതായി നോഡല്‍ ഓഫീസര്‍ ഐ.ജി. പുട്ട വിമലാദിത്യ അറിയിച്ചു. ഇതിനുപുറമെ ആഭ്യന്തരമന്ത്രിയുടെ ഓഫീസിലേക്കും നിരവധി പരാതികള്‍ എത്തിച്ചേരുന്നുണ്ടെന്ന് അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

ലഹരിക്കടത്തിലൂടെ നിയമവിരുദ്ധമായി സമ്പാദിച്ച സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ഇതിനോടകം അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ലഹരിക്കടത്തുമായി ബന്ധമുള്ള 40 പേരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും. കൂടാതെ നിയമവിരുദ്ധ ഇടപാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 148 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും 186 വാഹനങ്ങളും 801 മൊബൈല്‍ ഫോണുകളും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകളില്‍ ഇതുവരെ 30 ലക്ഷത്തോളം ആളുകള്‍ പങ്കെടുത്തതായും അധികൃതര്‍ വ്യക്തമാക്കി.

വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് ലഹരി സാധനങ്ങള്‍ കടത്തുന്ന പ്രധാന കണ്ണികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി നാലുപേര്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസും, ഒരാള്‍ക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസും, പത്തുപേര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്റര്‍പോളിന്റെയും കേന്ദ്ര ഏജന്‍സികളുടെയും സഹായത്തോടെ ഇതര രാജ്യങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന പ്രതികളെ പിടികൂടാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ലഹരി കുറ്റകൃത്യങ്ങളും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ മുന്‍കാല കുറ്റവാളികളായ 2,500-ഓളം പേരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇവര്‍ മുഴുവന്‍ പേരും കര്‍ശന നിരീക്ഷണത്തിലാണെന്നും വരും ദിവസങ്ങളില്‍ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുമെന്നും ഐ.ജി. കൂട്ടിച്ചേര്‍ത്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4