breaking news New

ശബരിമലയിൽ ഓൺലൈൻ റൂം ബുക്കിങ് ആദ്യദിനം തന്നെ പാളി ; വെബ്‌സൈറ്റ് തുറന്നതോടെ സാങ്കേതിക തകരാർ : ഭക്തർ ദുരിതത്തിൽ

പത്തനംതിട്ട :
ശബരിമല സന്നിധാനത്ത് ഭക്തർക്കായി ഏർപ്പെടുത്തിയ ഓൺലൈൻ റൂം ബുക്കിങ് സംവിധാനം പ്രവർത്തനം ആരംഭിച്ച ആദ്യ ദിവസം തന്നെ തകരാറിലായി. വെബ്‌സൈറ്റിലുണ്ടായ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് നിരവധി ഭക്തർക്ക് മുറികൾ ബുക്ക് ചെയ്യാനുള്ള നടപടികൾ പൂർത്തിയാക്കാനായില്ല.

ഓൺലൈൻ വഴി മുറികൾ ബുക്ക് ചെയ്യുന്നതിനുള്ള വെബ്‌സൈറ്റ് ഇന്നലെയാണ് പ്രവർത്തനം ആരംഭിച്ചത്. എന്നാൽ തുറന്ന് അധികം വൈകാതെ തന്നെ സാങ്കേതിക തടസ്സങ്ങൾ നേരിട്ടതോടെ ബുക്കിങ് സംവിധാനം പ്രതിസന്ധിയിലായി. ഓൺലൈൻ ബുക്കിങ്ങിനായി 400 മുറികളാണ് നീക്കിവച്ചിരിക്കുന്നത്.

ഡിജിറ്റൈസേഷന്റെ ഭാഗമായി പുതിയ സാങ്കേതിക സംവിധാനങ്ങളിലേക്ക് മാറുമെന്ന് ദേവസ്വം ബോർഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഈ മണ്ഡലകാലത്തും പഴയ സോഫ്റ്റ്‌വെയർ തന്നെയാണ് ഉപയോഗിക്കുന്നത്. റൂം ബുക്കിങ്ങിന് പുറമെ സന്നിധാനത്തെ വിവിധ വഴിപാട് കൗണ്ടറുകളിലും പഴയ സോഫ്റ്റ്‌വെയർ സംവിധാനമാണ് തുടരുന്നത്.

കഴിഞ്ഞ മണ്ഡലപൂജ കാലത്തും ഓൺലൈൻ റൂം ബുക്കിങ്ങിൽ വ്യാപകമായ ക്രമക്കേടുകളും ഇടനിലക്കാരുടെ ഇടപെടലുകളും കണ്ടെത്തിയിരുന്നു. ചില ഏജൻസികൾ കൂട്ടത്തോടെ മുറികൾ ബുക്ക് ചെയ്ത് കൈവശപ്പെടുത്തിയതും വിവാദമായിരുന്നു. ഇത്തരം ക്രമക്കേടുകൾക്ക് ശാശ്വത പരിഹാരം കാണുമെന്ന് ദേവസ്വം ബോർഡ് ഉറപ്പുനൽകിയിരുന്നെങ്കിലും പുതിയ സീസണിന്റെ തുടക്കത്തിൽ തന്നെ സാങ്കേതിക പ്രശ്നങ്ങൾ ആവർത്തിക്കുകയാണ്.

വെബ്‌സൈറ്റിലെ തകരാറുകൾ എത്രയും വേഗം പരിഹരിക്കുമെന്നും ഭക്തർക്ക് സുതാര്യമായ രീതിയിൽ പരമാവധി മുറികൾ ഓൺലൈൻ വഴി ലഭ്യമാക്കാനുള്ള നടപടികൾ ഊർജിതമാക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4