breaking news New

ഒൻപത് വർഷമായി ശമ്പള പരിഷ്കരണമില്ല ; കേന്ദ്രത്തിനെതിരെ ബിഎസ്എൻഎൽ ജീവനക്കാർ നാളെ രാജ്യവ്യാപക പണിമുടക്കിലേക്ക്

ന്യൂഡൽഹി: ഒൻപത് വർഷമായി നീളുന്ന ശമ്പള പരിഷ്കരണ തർക്കത്തിൽ കേന്ദ്രസർക്കാരിനെതിരെ പോരാട്ടം കടുപ്പിച്ച് ബിഎസ്എൻഎൽ ജീവനക്കാർ. ന്യായമായ ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരും ഓഫീസർമാരും നാളെ രാജ്യവ്യാപകമായി ഏകദിന പണിമുടക്ക് നടത്തും.

2017 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരേണ്ട മൂന്നാം ശമ്പള പരിഷ്കരണമാണ് ഇതുവരെ നടപ്പാക്കാത്തത്. എക്സിക്യൂട്ടീവ്, നോൺ എക്സിക്യൂട്ടീവ് വിഭാഗങ്ങളിലെ ജീവനക്കാർക്ക് പരിഷ്കരണത്തിന്റെ ആനുകൂല്യം നൽകണമെന്നാണ് തൊഴിലാളി സംഘടനകളുടെ പ്രധാന ആവശ്യം.

ബിഎസ്എൻഎല്ലിന്റെ സാമ്പത്തിക നഷ്ടവും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള 'അഫോർഡബിലിറ്റി ക്ലോസ്' വ്യവസ്ഥയുമാണ് ശമ്പള പരിഷ്കരണം തടസ്സപ്പെടാൻ കാരണമായി ഔദ്യോഗികമായി ചൂണ്ടിക്കാണിക്കുന്നത്. ഈ വ്യവസ്ഥയിൽ ഇളവ് നൽകാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ആവശ്യമാണ്. എന്നാൽ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായിട്ടില്ല.

നവംബർ 11ന് തൊഴിലാളി സംഘടനാ നേതാക്കൾ ടെലികോം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ശമ്പള പരിഷ്കരണത്തിന് പച്ചക്കൊടി ലഭിച്ചില്ല. ഇനിയും കാത്തിരിക്കണമെന്ന നിലപാടാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് സംഘടനകൾ ആരോപിക്കുന്നു. മൂന്നാം ശമ്പള പരിഷ്കരണത്തിന്റെ കാലാവധി ഡിസംബർ 31ന് അവസാനിക്കാനിരിക്കെയാണ് ജീവനക്കാരുടെ പ്രതിഷേധം ശക്തമാകുന്നത്.

2018 മാർച്ചിൽ 1,83,522 ജീവനക്കാരുണ്ടായിരുന്ന ബിഎസ്എൻഎല്ലിൽ കഴിഞ്ഞ മാർച്ച് അവസാനത്തോടെ ജീവനക്കാരുടെ എണ്ണം 54,875 ആയി കുറഞ്ഞു. 2019ലെ സ്വമേധയാ വിരമിക്കൽ പദ്ധതിയും ജീവനക്കാരുടെ സ്ഥലംമാറ്റവുമാണ് ഈ കുറവിന് പ്രധാന കാരണങ്ങൾ.

2017ൽ ബിഎസ്എൻഎൽ ബോർഡ് 15 ശതമാനം ഫിറ്റ്മെന്റോടെ ശമ്പള പരിഷ്കരണം നടപ്പാക്കാനുള്ള നിർദേശം സമർപ്പിച്ചിരുന്നു. അന്ന് കണക്കാക്കിയ അധിക വാർഷിക സാമ്പത്തിക ബാധ്യത 4,303 കോടി രൂപയായിരുന്നു. 2017 ജനുവരി ഒന്ന് മുതൽ പരിഷ്കരണം പ്രാബല്യത്തിൽ വരുത്തുന്നതിനൊപ്പം കുടിശ്ശികയും അനുവദിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

ശമ്പള പരിഷ്കരണം വൈകുന്നത് ജീവനക്കാരുടെയും കുടുംബങ്ങളുടെയും സാമ്പത്തിക നിലയെ ബാധിക്കുന്നുവെന്നും ടെലികോം വകുപ്പിൽനിന്ന് ഡെപ്യൂട്ടേഷനിലുള്ളവർക്ക് പുതുക്കിയ ശമ്പള സ്കെയിൽ ലഭിക്കുമ്പോൾ ബിഎസ്എൻഎൽ ജീവനക്കാർക്ക് മാത്രം ആനുകൂല്യം നിഷേധിക്കുന്നത് ഇരട്ടനീതിയാണെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

ബിഎസ്എൻഎൽ ജീവനക്കാരുടെ 15 യൂണിയനുകളുടെയും അസോസിയേഷനുകളുടെയും സംയുക്ത കൂട്ടായ്മയായ ഓൾ യൂണിയൻസ് ആൻഡ് അസോസിയേഷൻസ് ഓഫ് ബിഎസ്എൻഎൽ (AUAB) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭരണാനുകൂല സംഘടനയായ ബിഎംഎസ് സമരത്തിൽ പങ്കെടുക്കുന്നില്ല.

ഒൻപത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ശമ്പള പരിഷ്കരണത്തിനായി ജീവനക്കാർ ഒന്നടങ്കം തെരുവിലിറങ്ങുമ്പോൾ കേന്ദ്രസർക്കാരിന്റെ നിലപാട് എന്താകുമെന്നാണ് ഇനി അറിയേണ്ടത്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4