തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിക്ക് മദ്യപാനികളെയും അച്ചടക്കലംഘനവും പ്രശ്നങ്ങളുമുണ്ടാക്കുന്ന പൊലീസുകാരെ നിയോഗിക്കരുതെന്ന് കർശന നിർദേശം നൽകി ദക്ഷിണ മേഖലാ ഐജി പി. പ്രകാശ്. ജില്ലാ പൊലീസ് മേധാവിമാർക്കും യൂണിറ്റ് മേധാവിമാർക്കും കമാൻഡന്റുമാർക്കും ഇതുസംബന്ധിച്ച് ഉത്തരവ് നൽകി.
നിലയ്ക്കലിൽ കഴിഞ്ഞ ദിവസമുണ്ടായ പൊലീസുകാരന്റെ അതിക്രമം അംഗീകരിക്കാനാവില്ലെന്ന് ഐജി വ്യക്തമാക്കി. പൊലീസിന് കളങ്കമുണ്ടാക്കുന്ന ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്ക് അയക്കാതിരിക്കാൻ ജില്ലാ പൊലീസ് മേധാവിമാർ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശിച്ചു.
അയ്യപ്പഭക്തരുമായി ശബരിമലയിലേക്ക് എത്തിയ വാഹനത്തിന്റെ ഡ്രൈവർ പ്രശാന്തിനെ എഎസ്ഐ ജിജോ മർദിച്ച സംഭവമാണ് വിവാദമായത്. സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഎസ്ഐ ജിജോയെ ഐജി സസ്പെൻഡ് ചെയ്തിരുന്നു. പൊലീസിന് ആകെ കളങ്കമുണ്ടാക്കിയ സംഭവമായാണ് ഇതിനെ വിലയിരുത്തിയത്.
ഇതിന്റെ തുടർച്ചയായാണ് ശബരിമല ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിൽ കർശന മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയത്. അച്ചടക്കമുള്ളവരും മദ്യപിക്കാത്തവരും പ്രശ്നങ്ങളിൽ ഉൾപ്പെടാത്തവരുമായ ഉദ്യോഗസ്ഥരെ മാത്രമേ ഡ്യൂട്ടിക്ക് നിയോഗിക്കാവൂ എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
ശബരിമലയിൽ ഭക്തരോടുള്ള പെരുമാറ്റത്തിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഐജി നിർദേശിച്ചിട്ടുണ്ട്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
ശബരിമല ഡ്യൂട്ടിക്ക് ഇനി മദ്യപാനികളും പ്രശ്നക്കാരുമായ പൊലീസുകാരെ വേണ്ട ! കർശന നിർദേശവുമായി ദക്ഷിണ മേഖലാ ഐജി ; നിലയ്ക്കൽ സംഭവത്തിൽ സേനയ്ക്ക് വീണ്ടും താക്കീത്
Advertisement
Advertisement
Advertisement