breaking news New

റെയിൽവേ വളപ്പിൽ മദ്യപിച്ച് ‘വിലസൽ’ ഇനി നടക്കില്ല ; ലഹരിക്കാർക്കെതിരെ നടപടി ശരിവെച്ച് ഹൈക്കോടതി

ട്രെയിനുകളിലോ റെയിൽവേ വളപ്പിലോ മദ്യപിച്ച് ലഹരിയിലാകുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കാനും അവരെ പുറത്താക്കാനുമുള്ള റെയിൽവേയുടെ അധികാരം ഹൈക്കോടതി ശരിവെച്ചു.

ഇതിനായി റെയിൽവേ അധികൃതർക്ക് അധികാരം നൽകുന്ന 1989-ലെ റെയിൽവേ ആക്ടിലെ 145 (എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് കോടതി വ്യക്തമാക്കി. പ്രസ്തുത വകുപ്പിന്റെ പ്രവർത്തനം തടയണമെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് തള്ളിയത്.

അതേസമയം, റെയിൽവേ ഉദ്യോഗസ്ഥർ ഈ അധികാരം ദുരുപയോഗം ചെയ്യുന്ന പക്ഷം അവർക്ക് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ടൂർ ആന്റ് ട്രാവൽസ് കമ്പനി മാനേജിംഗ് ഡയറക്ടറായ കെ എൻ ശാസ്ത്രിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ‘ലഹരി അവസ്ഥ’ എന്നതിന് കൃത്യമായ നിയമപരമായ നിർവചനം നിയമത്തിൽ നൽകിയിട്ടില്ലെന്നും, ഇത് ഉദ്യോഗസ്ഥർക്ക് യാത്രക്കാരെ വേട്ടയാടാൻ അനാവശ്യമായ അധികാരം നൽകുമെന്നുമായിരുന്നു ഹർജിയിൽ ആരോപിച്ചത്. ചെറിയ അളവിൽ മദ്യം കഴിച്ചവരെപ്പോലും ലഹരിയിലാണെന്ന് മുദ്രകുത്തി പുറത്താക്കാൻ ഇത് ഇടയാക്കുമെന്നും, ഭരണഘടന ഉറപ്പുനൽകുന്ന സമത്വം (ആർട്ടിക്കിൾ 14), അഭിപ്രായ സ്വാതന്ത്ര്യം (ആർട്ടിക്കിൾ 19), ജീവിക്കാനുള്ള അവകാശം (ആർട്ടിക്കിൾ 21) എന്നിവയുടെ ലംഘനമാണിതെന്നും ഹർജിക്കാരൻ വാദിച്ചു.

എന്നാൽ മദ്യപിച്ചയാളെ ട്രെയിനിൽ നിന്ന് പുറത്താക്കുന്ന ആദ്യ ഘട്ടത്തിൽ തന്നെ രക്തപരിശോധന നടത്തുന്നത് പ്രായോഗികമല്ലെന്ന് കോടതി നിരീക്ഷിച്ചു. രക്തപരിശോധനാ ഫലം വരാൻ മണിക്കൂറുകളെടുക്കും. അതിനാൽ തുടക്കത്തിൽ ബ്രീത്ത് അനലൈസർ പരിശോധനയോ ശാരീരിക ലക്ഷണങ്ങളോ അടിസ്ഥാനമാക്കി നടപടിയെടുക്കുന്നതിൽ തെറ്റില്ല. ആവശ്യമെങ്കിൽ പിന്നീട് ഡോക്ടറുടെ സേവനം തേടാവുന്നതാണെന്നും ഹൈക്കോടതി നിർദേശിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4