breaking news New

ഇന്ധനവിലയിൽ ഉടൻ കുറവുണ്ടാകില്ല ; എണ്ണക്കമ്പനികൾക്ക് 42,000 കോടിയുടെ നഷ്ടം : ബാധ്യത നികത്താതെ വില കുറയ്ക്കാനാകില്ലെന്ന് സുരേഷ് ഗോപി

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവിലയിൽ ഉടൻ കുറവുണ്ടാകില്ലെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് 42,000 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും ഈ സാമ്പത്തിക ബാധ്യത പരിഹരിക്കാതെ ഇന്ധനവില കുറയ്ക്കുക പ്രായോഗികമല്ലെന്നും മന്ത്രി വ്യക്തമാക്കി.

പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുണ്ടായ വിതരണ തടസ്സങ്ങളും ആഗോള വിപണിയിലെ എണ്ണവിലയിലെ ചാഞ്ചാട്ടവുമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് ചെന്നൈ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

കേരളം, തമിഴ്നാട്, കർണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഇന്ധനവില വർധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണത്തിൽ തടസ്സങ്ങളുണ്ടെന്നും പ്രതിസന്ധി മറികടക്കാൻ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അറിയിച്ചു.

അതേസമയം, പെട്രോളിന്റെ നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാരുകൾക്ക് സ്വന്തം നിലയിൽ തീരുമാനമെടുക്കാമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് നികുതി കുറയ്ക്കാൻ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

എന്നാൽ കേന്ദ്രസർക്കാർ ഇന്ധനവിലയിൽ ഇളവ് പ്രഖ്യാപിക്കുന്നതിന് മുമ്പ് എണ്ണക്കമ്പനികളുടെ സാമ്പത്തിക ബാധ്യതകൾ പരിഗണിക്കേണ്ടതുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

അതിനിടെ, എഥനോൾ മിശ്രണവുമായി ബന്ധപ്പെട്ട് മതിയായ ആസൂത്രണം നടത്താത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് കർണാടക വ്യവസായ മന്ത്രി എം.ബി. പാട്ടീൽ കേന്ദ്രസർക്കാരിനെതിരെ ആരോപിച്ചു. ഇന്ധനവില സംബന്ധിച്ച രാഷ്ട്രീയ-സാമ്പത്തിക ചർച്ചകൾ ഇതോടെ വീണ്ടും സജീവമാകുകയാണ്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4