കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ കോളിംഗ് നെയിം പ്രസന്റേഷന്‍ സേവനം നവംബര്‍ 1 മുതല്‍ ഔദ്യോഗികമായി രാജ്യവ്യാപകമായി പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. ജിയോ, എയര്‍ടെല്‍, വിഐ, ബിഎസ്എന്‍എല്‍ തുടങ്ങിയ പ്രമുഖ ടെലികോം സേവനദാതാക്കളുടെയെല്ലാം നെറ്റ്വര്‍ക്കുകളില്‍ ഈ സംവിധാനം ലഭ്യമായിതുടങ്ങി.
ഓണ്‍ലൈന്‍ തട്ടിപ്പുകളും സ്പാം കോളുകളും മൂലം സാധാരണക്കാര്‍ കബളിക്കപ്പെടുന്നത് തടയുക എന്നതാണ് ഈ പുതിയ പരിഷ്‌കാരത്തിന്റെ പ്രധാന ലക്ഷ്യം. അപരിചിതമായ നമ്പറുകളില്‍ നിന്ന് കോളുകള്‍ വരുമ്പോള്‍ ഇനിമുതല്‍ ഫോണ്‍ നമ്പറിനൊപ്പം വിളിക്കുന്ന വ്യക്തിയുടെ ഔദ്യോഗിക പേരും ഫോണ്‍ സ്‌ക്രീനില്‍ തത്സമയം തെളിയും. സിം കാര്‍ഡ് എടുക്കുമ്പോള്‍ നല്‍കിയ ഔദ്യോഗിക രേഖകളിലെ പേരാണ് ടെലികോം ഡാറ്റാബേസില്‍ നിന്നും ശേഖരിച്ച് പ്രദര്‍ശിപ്പിക്കുക.
ട്രൂകോളര്‍ പോലുള്ള തേര്‍ഡ് പാര്‍ട്ടി ആപ്പുകളുടെ സഹായമില്ലാതെ തന്നെ മൊബൈല്‍ നെറ്റ്വര്‍ക്കുകളില്‍ നേരിട്ട് ഈ സേവനം ലഭ്യമാകുന്നു എന്നതാണ് പ്രത്യേകത. നിലവില്‍ ജിയോ, എയര്‍ടെല്‍, വിഐ, ബിഎസ്എന്‍എല്‍ എന്നിവയുടെ 4ജി, 5ജി നെറ്റ്വര്‍ക്കുകളിലാണ് ഈ സംവിധാനം സ്വയമേവ ആക്ടിവേറ്റാകുന്നത്. ഉപഭോക്താക്കള്‍ ഇതിനായി പ്രത്യേകമായി ഫോണ്‍ സെറ്റിങ്സുകളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതില്ലെന്നതും ശ്രദ്ധേയമാണ്.
എങ്കിലും, പഴയ തലമുറയിലുള്ള 2ജി, 3ജി നെറ്റ്വര്‍ക്കുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭിക്കുന്നതിനായി ഇനിയും കാത്തിരിക്കേണ്ടി വരും. സാധാരണക്കാര്‍ക്ക് യാതൊരുവിധ നിരക്കുകളും ഈടാക്കാതെ തികച്ചും സൗജന്യമായാണ് ടെലികോം കമ്പനികള്‍ ഈ സേവനം നടപ്പിലാക്കിയിരിക്കുന്നത്. വ്യാജ കോളുകളുടെ ശല്യം കുറയുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ കോളുകള്‍ സ്വീകരിക്കാന്‍ സാധിക്കും.
ഈ പുതിയ സംവിധാനത്തില്‍ ഉപഭോക്താക്കളുടെ സ്വകാര്യത പൂര്‍ണ്ണമായി സംരക്ഷിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഫോണ്‍ ബുക്കില്‍ നേരത്തെ സേവ് ചെയ്തിട്ടുള്ള നമ്പറാണെങ്കില്‍ നിങ്ങള്‍ നല്‍കിയിട്ടുള്ള പേര് തന്നെയാകും സ്‌ക്രീനില്‍ കാണിക്കുക. എന്നാല്‍ നമ്പര്‍ സേവ് ചെയ്തിട്ടില്ലാത്ത പക്ഷം മാത്രമായിരിക്കും ടെലികോം ഡാറ്റാബേസില്‍ നിന്നുള്ള ഔദ്യോഗിക പേര് തെളിയുക.
വിദേശ രാജ്യങ്ങളില്‍ നിന്നുളള കോളുകളാണെങ്കില്‍ വ്യക്തികളുടെ പേരുകള്‍ക്ക് പകരം 'ഇന്റര്‍നാഷണല്‍ കോള്‍' എന്ന് മാത്രമായിരിക്കും സ്‌ക്രീനില്‍ കാണിക്കുക. കൂടാതെ, തങ്ങളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതിനായി സിഎല്‍ഐആര്‍ സംവിധാനം ആക്ടിവേറ്റ് ചെയ്തിട്ടുള്ളവരുടെ പേരുകളും സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കില്ല.
ഏറ്റവും പ്രധാനം, കോള്‍ അവസാനിച്ച ഉടന്‍ തന്നെ ഈ പേര് വിവരങ്ങള്‍ ഉപഭോക്താക്കളുടെ ഫോണില്‍ സൂക്ഷിക്കപ്പെടില്ല എന്നതാണ്. അജ്ഞാത കോളുകളുടെ ഭീഷണി പൂര്‍ണ്ണമായി ഒഴിവാക്കാനും സൈബര്‍ തട്ടിപ്പുകളെ ചെറുക്കാനും ഏറെ സഹായകരമാകുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ പുതിയ ടെലികോം പരിഷ്‌കാരം.
രാജ്യത്ത് മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും ലക്ഷ്യമിട്ട് പുതിയ ടെലികോം ചട്ടങ്ങള്‍ നിലവില്‍ വന്നു
Advertisement
Advertisement
Advertisement