തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ മദ്യനയത്തിന് അന്തിമരൂപം നൽകാനുള്ള തിരക്കിട്ട നീക്കവുമായി സർക്കാർ. മദ്യനയത്തിന്റെ കരട് എക്സൈസ് വകുപ്പ് ഇന്നോ നാളെയോ മുഖ്യമന്ത്രിക്ക് കൈമാറും. ഈ മാസം തന്നെ പുതിയ മദ്യനയം പ്രഖ്യാപിക്കാനാണ് നീക്കം.
വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പന സംബന്ധിച്ച് ഉടൻ തീരുമാനമുണ്ടാകില്ല. വിവിധ തലങ്ങളിലുള്ള ചർച്ചകൾക്ക് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ബെവ്കോ ഔട്ട്‌ലെറ്റുകളുടെ എണ്ണം വർധിപ്പിക്കില്ലെന്നും നിലവിലുള്ള ഔട്ട്‌ലെറ്റുകളുടെ അടിസ്ഥാനസൗകര്യങ്ങളും പ്രവർത്തനരീതിയും മെച്ചപ്പെടുത്തി മുഖച്ഛായ മാറ്റുമെന്നും സൂചനയുണ്ട്. ഔട്ട്‌ലെറ്റുകളുടെ ഏകീകരണവും പരിഗണനയിലാണ്.
ബെവ്കോ ഔട്ട്‌ലെറ്റുകളിലെ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത സംബന്ധിച്ച് നേരത്തെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പുതിയ മദ്യനയത്തിൽ പ്രാധാന്യം നൽകും.
വീര്യം കുറഞ്ഞ മദ്യം വിൽക്കേണ്ടതില്ലെന്ന നിലപാടാണ് യുഡിഎഫിനുള്ളതെങ്കിൽ അതുമായി മുന്നോട്ടുപോകില്ലെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാൽ ഇക്കാര്യത്തിൽ രാഷ്ട്രീയ ചർച്ചകളും നിർണായകമാകും.
മുൻ എക്സൈസ് കമ്മീഷണർ സിറാം സാംബശിവ റാവുവാണ് മദ്യനയത്തിന്റെ കരട് തയ്യാറാക്കിയത്. ബാറുകളുടെ പ്രവർത്തനസമയം ക്രമീകരിക്കുക, ഹോർട്ടി വൈൻ, ഹോർട്ടി ലിക്കർ എന്നിവയുടെ ഉൽപ്പാദനത്തിനും വിതരണത്തിനും അനുമതി നൽകുക തുടങ്ങിയ നിർദേശങ്ങളും കരടിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
സാമൂഹിക ഉത്തരവാദിത്തത്തോടെയുള്ള മദ്യപാന സംസ്കാരം വളർത്തുന്നതിനൊപ്പം മയക്കുമരുന്ന് ഉപയോഗം പൂർണമായി ഇല്ലാതാക്കുകയുമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് എക്സൈസ് മന്ത്രി എം. ലിജു നേരത്തെ വ്യക്തമാക്കിയിരുന്നു.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
പുതിയ മദ്യനയം ഈ മാസം തന്നെ ; കരട് മുഖ്യമന്ത്രിക്ക് കൈമാറും : ബെവ്കോ ഔട്ട്‌ലെറ്റുകളുടെ എണ്ണം കൂട്ടില്ല : മുഖച്ഛായ മാറ്റാൻ സർക്കാർ നീക്കം
Advertisement
Advertisement
Advertisement