വ്യാപാരികളുടെ ഭാഗത്തുനിന്നുള്ള ശക്തമായ അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനം. ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരാനിരുന്ന പുതിയ നിരക്കുകൾ ഇനി നവംബർ രണ്ടാം വാരത്തോടെ നിലവിൽ വന്നേക്കും. എന്നാൽ നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഇതുസംബന്ധിച്ച കൃത്യമായ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിശ്ചിത പരിധിക്ക് മുകളിലുള്ള ചില വ്യാപാരി ഇടപാടുകൾക്ക് മാത്രമാണ് ഈ നിരക്കുകൾ ബാധകമാകുകയെന്നും സാധാരണ ഉപഭോക്താക്കൾ നടത്തുന്ന പേയ്മെന്റുകൾ പൂർണ്ണമായും സൗജന്യമായി തുടരുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
കഴിഞ്ഞ സെപ്റ്റംബറിൽ അംഗീകരിച്ച പുതിയ ചട്ടക്കൂട് പ്രകാരം, 2,000 രൂപയ്ക്ക് മുകളിലുള്ള ഉപഭോക്താവിൽ നിന്ന് വ്യാപാരിയിലേക്കുള്ള യുപിഐ ഇടപാടുകൾക്ക് 0.4 ശതമാനം എംഡിആർ ഈടാക്കും.
3,000 രൂപയുടെ ഇടപാടിന് 12 രൂപയും 10,000 രൂപയ്ക്ക് 40 രൂപയുമാണ് നിരക്ക്.
50,000 രൂപയുടെ ഇടപാടിന് 200 രൂപയും, 75,000 രൂപയോ അതിൽ കൂടുതലോ വരുന്ന ഇടപാടുകൾക്ക് പരമാവധി 300 രൂപയുമായിരിക്കും നിരക്ക്.
റെയിൽവേ, ടെലികോം, ഇൻഷുറൻസ്, ഇന്ധനം തുടങ്ങിയ പ്രത്യേക മേഖലകളിൽ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് അഞ്ച് രൂപ ഫിക്സഡ് നിരക്ക് ബാധകമാകും. മൂലധന വിപണിയിലെ ഇടപാടുകൾക്ക് 0.02 ശതമാനമാണ് നിരക്ക് (പരമാവധി പരിധി 300 രൂപ).
പുതിയ ചട്ടപ്രകാരം എംഡിആർ നിരക്ക് വ്യാപാരികൾക്കാണ് ബാധകമാക്കിയിരിക്കുന്നത്. ഈ തുക ഉപഭോക്താക്കളിൽനിന്ന് ഈടാക്കാൻ വ്യാപാരികൾക്ക് അനുവാദമില്ല. വ്യക്തികൾ തമ്മിലുള്ള പണമിടപാടുകൾ, സ്വന്തം അക്കൗണ്ടുകൾ തമ്മിലുള്ള കൈമാറ്റങ്ങൾ, യുപിഐ ഓട്ടോപേ എന്നിവയ്ക്കൊന്നും ഈ നിരക്കുകൾ ബാധകമാകില്ല.
യുപിഐ സംവിധാനം തടസ്സങ്ങളില്ലാതെ പ്രവർത്തിപ്പിക്കുന്നതിന് വലിയ തുക ചെലവഴിക്കേണ്ടി വരുന്നുണ്ടെന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം. യുപിഐയുടെ പ്രവർത്തനച്ചെലവ് പ്രതിവർഷം ഏകദേശം 20,000 കോടി രൂപ വരുമെന്നാണ് ധനമന്ത്രാലയത്തിന്റെ കണക്കാക്കൽ. പേയ്മെന്റ് അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, സൈബർ സുരക്ഷ ഉറപ്പാക്കൽ, തട്ടിപ്പുകൾ തടയൽ, സാങ്കേതിക വികസനം, ഉപഭോക്തൃ സേവനങ്ങൾ എന്നിവയ്ക്കുള്ള ഫണ്ട് കണ്ടെത്താനാണ് പുതിയ നിരക്കുകൾ ഏർപ്പെടുത്തുന്നത്. കൂടാതെ, ചെറുനഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലും ലഡാക്കിലും ഡിജിറ്റൽ പേയ്മെന്റ് ശൃംഖല വ്യാപിപ്പിക്കുന്നതിനായുള്ള പ്രത്യേക ഫണ്ടും ഈ ചട്ടക്കൂടിൽ വിഭാവനം ചെയ്യുന്നുണ്ട്.
തിരഞ്ഞെടുത്ത യു.പി.ഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഏർപ്പെടുത്താനുള്ള തീരുമാനം ദീപാവലിക്ക് ശേഷം നടപ്പാക്കാൻ നീക്കം
Advertisement
Advertisement
Advertisement