breaking news New

സതീശനെതിരെ കോൺഗ്രസിൽ പടയൊരുക്കം ; എ ഗ്രൂപ്പ് ഒരുമിക്കുന്നു ; ഹൈക്കമാൻഡിന് പരാതി നൽകാൻ നീക്കം : പദവി വീതംവയ്പ്പിൽ പൊട്ടിത്തെറി

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവർത്തനശൈലിക്കെതിരെ കോൺഗ്രസിനുള്ളിൽ എ ഗ്രൂപ്പിന്റെ സംഘടിത നീക്കം.

പാർട്ടിയിലും ഭരണത്തിലും തങ്ങൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുമായി പ്രമുഖ നേതാക്കൾ രംഗത്തെത്തി. അതൃപ്തി പരസ്യമാക്കി എം.എം. ഹസനും രംഗത്തെത്തിയതോടെ കോൺഗ്രസിലെ ആഭ്യന്തര പോര് പുതിയ തലത്തിലേക്ക്.

സതീശന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കും ഏകാധിപത്യ ശൈലിക്കുമെതിരെ ഹൈക്കമാൻഡിനെ സമീപിക്കാനാണ് എ ഗ്രൂപ്പിന്റെ നീക്കം. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷി എന്നിവർക്ക് പരാതി നൽകാനും ആലോചനയുണ്ടെന്നാണ് വിവരം.

ബോർഡ്-കോർപറേഷൻ പദവികളുടെ വീതംവയ്പ്പാണ് തർക്കത്തിന് പ്രധാന കാരണം. മുസ്‌ലിം ലീഗിന് 22 സ്ഥാനങ്ങൾ നൽകിയപ്പോൾ എ ഗ്രൂപ്പിനെ പൂർണമായി അവഗണിച്ചെന്നാണ് നേതാക്കളുടെ ആരോപണം. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവർ മാത്രം ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയതും എ ഗ്രൂപ്പിനെ പ്രകോപിപ്പിച്ചിട്ടുണ്ട്.

എം.എം. ഹസൻ, കെ.സി. ജോസഫ്, ബെന്നി ബെഹ്നാൻ, ഷാഫി പറമ്പിൽ, പി.സി. വിഷ്ണുനാഥ് തുടങ്ങിയ നേതാക്കൾ പ്രത്യേക യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ഭരണം മാറിയിട്ടും വിവിധ പദവികളിൽ സി.പി.എം നേതാക്കൾ തുടരുന്നത് എ ഗ്രൂപ്പിന് അവസരം നിഷേധിക്കാനാണെന്നും യോഗത്തിൽ വിമർശനമുയർന്നതായി സൂചനയുണ്ട്.

ബോർഡ്-കോർപറേഷൻ വിഭജനം വൈകിയെന്ന് കെ.പി.സി.സി ഭാരവാഹി യോഗത്തിൽ സണ്ണി ജോസഫ് നടത്തിയ പരാമർശവും സതീശനെ ലക്ഷ്യമിട്ടുള്ളതാണെന്ന വിലയിരുത്തലുണ്ട്. മുഖ്യമന്ത്രിക്ക് താൽപര്യമുള്ളവരെ പ്രധാന സ്ഥാനങ്ങളിൽ നിയമിക്കാൻ നീക്കം നടക്കുന്നതായും പാർട്ടിയുമായി ബന്ധമില്ലാത്തവർ പോലും സ്വാധീനം ഉപയോഗിച്ച് പദവികൾക്കായി ശ്രമിക്കുന്നതായും എ ഗ്രൂപ്പ് നേതാക്കൾ ആരോപിക്കുന്നു.

കോൺഗ്രസിനുള്ളിലെ അതൃപ്തി മുന്നണിയിലേക്കും വ്യാപിക്കുകയാണ്. കേരള കോൺഗ്രസ് (ജോസഫ്), ആർ.എസ്.പി എന്നീ ഘടകകക്ഷികളിലും പദവി വിഭജനത്തെച്ചൊല്ലി അസംതൃപ്തി നിലനിൽക്കുന്നുണ്ട്. ഹൈക്കമാൻഡ് ഇടപെടൽ ഉണ്ടായില്ലെങ്കിൽ കോൺഗ്രസിലെ അധികാരത്തർക്കം കൂടുതൽ രൂക്ഷമാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4