breaking news New

തിരിച്ചറിയൽ രേഖ ദുരുപയോഗം ചെയ്ത് വ്യാജ സിം കാർഡുകൾ ; സൈബർ തട്ടിപ്പിന് ഉപയോഗം വ്യാപകം, കടുത്ത മുന്നറിയിപ്പുമായി ടെലികോം മന്ത്രാലയം

സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സിം കാർഡുകൾ മറ്റുള്ളവർക്ക് കൈമാറുന്നതും വ്യാജ സിം എടുത്തു നൽകുന്നതും ഗുരുതരമായ നിയമലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.

ഛത്തീസ്ഗഢിൽ പോയിന്റ് ഓഫ് സെയിൽ ഏജന്റ് ജനങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് 25 മൊബൈൽ കണക്ഷനുകൾ വ്യാജമായി ആക്റ്റിവേറ്റ് ചെയ്ത സംഭവം അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യവ്യാപകമായി ഉപഭോക്താക്കൾക്ക് ടെലികോം വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയത്.

ടെലികമ്മ്യൂണിക്കേഷൻസ് ആക്ട് 2023 പ്രകാരം ഇത്തരം ക്രമക്കേടുകൾ കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. വ്യാജ സിം എടുക്കൽ, ഫോണുകളുടെ ഐഎംഇഐ സംഖ്യയിൽ മാറ്റം വരുത്തൽ എന്നിവയ്ക്ക് മൂന്ന് വർഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയും ലഭിച്ചേക്കാം.

സൈബർ തട്ടിപ്പുകൾക്കോ മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കോ സ്വന്തം പേരിൽ എടുത്ത സിം കാർഡുകൾ വാടകയ്ക്കോ കടമായോ നൽകിയാൽ അതിന്റെ നിയമപരമായ ഉത്തരവാദിത്തം യഥാർത്ഥ ഉടമസ്ഥനായിരിക്കും. അതിനാൽ സ്വന്തം പേരിൽ എത്ര സിം കാർഡുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

കേന്ദ്ര സർക്കാർ നിർമ്മിച്ച സഞ്ചാർ സാഥി എന്ന പോർട്ടൽ വഴിയും മൊബൈൽ ആപ്പ് വഴിയും ഉപഭോക്താക്കൾക്ക് തങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്ത മൊബൈൽ കണക്ഷനുകൾ വളരെ എളുപ്പത്തിൽ കണ്ടെത്താനാകും. ഇതിനായി sancharsaathi.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

വെബ്സൈറ്റിലെ ടാപ്പ്കോപ്പ് (TAFCOP) സേവനം തിരഞ്ഞെടുത്ത് സ്വന്തം മൊബൈൽ നമ്പറും ഒടിപിയും നൽകിയാൽ നിങ്ങളുടെ പേരിൽ നിലവിലുള്ള മുഴുവൻ സിം നമ്പറുകളുടെയും പട്ടിക ലഭിക്കും. ഇതിൽ നിങ്ങൾ അറിയാതെ എടുത്ത നമ്പറുകളോ ഇപ്പോൾ ഉപയോഗിക്കാത്ത നമ്പറുകളോ ഉണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യാനും ബ്ലോക്ക് ചെയ്യാനും സാധിക്കും.

നിങ്ങൾ അറിയാത്ത ഏതോ ഒരു നമ്പർ പട്ടികയിൽ കണ്ടാൽ അപ്പോൾ തന്നെ നോട്ട് മൈ നമ്പർ എന്ന ഓപ്ഷൻ നൽകി ടെലികോം വകുപ്പിന് പരാതി നൽകാം. ഈ നമ്പറുകൾ പരിശോധിച്ച് ടെലികോം ഓപ്പറേറ്റർമാർ റദ്ദാക്കുന്നതാണ്.

കൂടാതെ വ്യാജ മൊബൈൽ ഫോണുകൾ തിരിച്ചറിയാനുള്ള സൗകര്യവും സഞ്ചാർ സാഥി പോർട്ടലിൽ ലഭ്യമാണ്. ഫോണിന്റെ ബ്രാൻഡ്, മോഡൽ, നിർമ്മാതാക്കൾ എന്നിവ ശരിയാണോ എന്ന് പരിശോധിക്കാൻ വെബ്സൈറ്റിലെ കെവൈഎം (KYM) ഓപ്ഷൻ പ്രയോജനപ്പെടുത്താം.

സൈബർ കുറ്റകൃത്യങ്ങളിൽ രാജ്യത്തെ നിരപരാധികളായ സാധാരണക്കാർ ഇരയാകുന്നത് തടയാനാണ് ടെലികോം മന്ത്രാലയം ഈ സംവിധാനം കൂടുതൽ ശക്തമാക്കിയത്. സ്വന്തം പേരിലുള്ള സിം കാർഡുകൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ ഇടയ്ക്കിടെ ഇത്തരം പരിശോധനകൾ നടത്തുന്നത് നല്ലതാണ്.

മറ്റുള്ളവരുടെ അക്കൗണ്ടുകൾക്കോ ആവശ്യങ്ങൾക്കോ ആയി സ്വന്തം പേരിലെടുത്ത സിം കാർഡുകൾ കൈമാറുന്നത് ഭാവിയിൽ വലിയ നിയമ കുരുക്കുകളിലേക്ക് നയിച്ചേക്കാം. അത് കൊണ്ട് ഓരോ പൗരനും സ്വന്തം ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കണമെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4