സ്ത്രീകളെ പൊതുമണ്ഡലത്തിൽ നിന്ന് അടുക്കളയിലേക്ക് തിരിച്ചയക്കണമെന്ന ചിന്താഗതി ദൗർഭാഗ്യകരവുമാണെന്ന് റോജി എം. ജോൺ പറഞ്ഞു. സ്ത്രീകൾ അടുക്കളകളിൽ നിന്ന് പൊതുവേദികളിലേക്ക് എത്തിയത് പെട്ടെന്നുണ്ടായ മാറ്റമല്ലെന്നും നൂറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങളിലൂടെയും ത്യാഗങ്ങളിലൂടെയുമാണ് സ്ത്രീകൾ അവകാശങ്ങൾ നേടിയെടുത്തതെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
മാറുമറയ്ക്കാനുള്ള അവകാശത്തിനായി പോരാടിയ കേരളത്തിന്റെ നവോത്ഥാന ചരിത്രം ഓർമിപ്പിച്ച റോജി എം. ജോൺ, ആര്യ പള്ളം, ദാക്ഷായണി വേലായുധൻ, അക്കാമ്മ ചെറിയാൻ തുടങ്ങിയവരുടെ പോരാട്ടങ്ങളും ചൂണ്ടിക്കാട്ടി. സ്ത്രീകൾക്ക് പൊതുമണ്ഡലത്തിൽ ഇടം നേടിക്കൊടുത്തത് നിരവധി തലമുറകളുടെ പോരാട്ടങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. സാവിത്രിഭായ് ഫൂലെയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ മുതൽ ബഹിരാകാശ രംഗത്തെ സുനിത വില്യംസിന്റെ നേട്ടങ്ങൾ വരെയുള്ള ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്ത്രീകളുടെ മുന്നേറ്റം മന്ത്രി വിശദീകരിച്ചത്.
ഇന്ദിര ഗാന്ധി, സോണിയ ഗാന്ധി, ജസീന്ത ആർഡൻ തുടങ്ങിയ വനിതാ നേതാക്കളും വിവിധ മേഖലകളിൽ സ്ത്രീകൾ കൈവരിച്ച നേട്ടങ്ങളും അദ്ദേഹം പരാമർശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുതൽ സിവിൽ സർവീസ്, ഗവേഷണം, ശാസ്ത്ര സാങ്കേതിക മേഖലകൾ വരെ സ്ത്രീകൾ നിർണായക സാന്നിധ്യമായി മാറിയ കാലമാണിതെന്നും റോജി എം. ജോൺ പറഞ്ഞു. ഇന്ത്യയുടെ രാഷ്ട്രപതിയായി ദ്രൗപതി മുർമു നേതൃത്വം നൽകുന്ന സാഹചര്യവും മന്ത്രി ചൂണ്ടിക്കാട്ടി.
ലിംഗം, ജാതി, മതം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വ്യത്യാസങ്ങളില്ലാതെ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സ്ത്രീകൾക്കും തുല്യമായി അവകാശപ്പെട്ടതാണെന്നും അത് റദ്ദാക്കാനുള്ള അധികാരം ആർക്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചരിത്രത്തിന്റെ ചക്രം മുന്നോട്ടാണ് തിരിയുന്നത്, പിന്നോട്ടല്ല. അതിനെ പിന്നോട്ടു തിരിക്കാൻ ശ്രമിക്കുന്നവരെ കാലം തിരിച്ചറിയും എന്ന മുന്നറിയിപ്പോടെയാണ് റോജി എം. ജോണിന്റെ കുറിപ്പ് അവസാനിക്കുന്നത്.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീകളെക്കുറിച്ചുള്ള വിവാദ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി റോജി എം. ജോൺ
Advertisement
Advertisement
Advertisement