മൈക്രോസോഫ്റ്റിന്റെ ആഗോള സേവനങ്ങളെ ബാധിച്ച വൻ സാങ്കേതിക തകരാർ മണിക്കൂറുകൾ പിന്നിട്ടിട്ടും പൂർണമായി പരിഹരിക്കാനായില്ല. മൈക്രോസോഫ്റ്റ് ടീംസ്, ഔട്ട്‌ലുക്ക്, എഐ അധിഷ്ഠിത സോഫ്റ്റ്‌വെയറായ കോപൈലറ്റ് തുടങ്ങിയ പ്രധാന സേവനങ്ങളിലാണ് കണക്ടിവിറ്റി പ്രശ്നങ്ങൾ അനുഭവപ്പെട്ടത്. പത്ത് മണിക്കൂറിലേറെയായി തുടരുന്ന തടസ്സം ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചു.
തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ പ്രതീക്ഷിച്ച വേഗത്തിൽ മുന്നോട്ടുപോകുന്നില്ലെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. ഏറ്റവും പുതിയ നടപടികളിൽ നേരിയ പുരോഗതി മാത്രമാണ് ഉണ്ടായത്. വിവിധ മേഖലകളിലെ സെർവറുകളുടെ പ്രവർത്തനം നിരീക്ഷിച്ച് ശേഷി വർധിപ്പിക്കുന്നതിനുള്ള നടപടികളാണ് കമ്പനി ഇപ്പോൾ വിലയിരുത്തുന്നത്.
ഇൻഫ്രാസ്ട്രക്ചർ റീബൂട്ട് ചെയ്തതിനുശേഷം പുതിയ പാച്ചുകൾ ശരിയായി പ്രവർത്തിക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. അതേസമയം, ഔട്ട്‌ലുക്ക് സേവനത്തിലെ തകരാർ റിപ്പോർട്ട് ചെയ്തവരുടെ എണ്ണം വ്യാഴാഴ്ച ആഗോളതലത്തിൽ ഏകദേശം 1.4 ലക്ഷത്തിലെത്തിയിരുന്നു. പിന്നീട് ഡൗൺഡിറ്റക്ടറിന്റെ കണക്കനുസരിച്ച് പരാതികൾ 28,000 ആയി കുറഞ്ഞെങ്കിലും പ്രശ്നം പൂർണമായി അവസാനിച്ചിട്ടില്ല.
സൈബർ സുരക്ഷാ ലംഘനമല്ല തകരാറിന് കാരണമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്. ലോകമെമ്പാടുമായി 43 കോടിയിലധികം ആളുകൾ ഉപയോഗിക്കുന്ന മൈക്രോസോഫ്റ്റ് 365 സേവനങ്ങളിലെ തടസ്സം വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഓപ്പൺഎഐ, ആന്ത്രോപിക് തുടങ്ങിയ സാങ്കേതിക കമ്പനികളുടെ സേവനങ്ങളെയും തകരാർ ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്.
സെർവർ ശേഷിയും പ്രവർത്തനക്ഷമതയും നിരന്തരം നിരീക്ഷിച്ച് പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് കമ്പനി അറിയിച്ചു. എന്നാൽ എല്ലാ സേവനങ്ങളും സാധാരണ നിലയിലാകാൻ എത്ര സമയമെടുക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
മൈക്രോസോഫ്റ്റിന്റെ ആഗോള സേവനങ്ങൾ നിശ്ചലം ; 10 മണിക്കൂർ പിന്നിട്ടിട്ടും തകരാർ പൂർണമായി പരിഹരിക്കാനായില്ല : ലക്ഷക്കണക്കിന് ഉപയോക്താക്കൾ പ്രതിസന്ധിയിൽ
Advertisement
Advertisement
Advertisement