തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈ ഡേ ഒഴിവാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി കെസിബിസി മദ്യവിരുദ്ധ സമിതി.
ഡ്രൈ ഡേ പിൻവലിക്കാൻ ഇനി ഒരു സർക്കാരിനും കഴിയില്ലെന്നും അത്തരമൊരു നീക്കമുണ്ടായാൽ ശക്തമായ ജനകീയ പ്രതിഷേധം നേരിടേണ്ടിവരുമെന്നും സമിതി മുന്നറിയിപ്പ് നൽകി.
മുഖ്യമന്ത്രിയുടെ പേര് പരാമർശിക്കാതെയാണ് സർക്കാരിന്റെ നീക്കത്തിനെതിരെ സമിതി രംഗത്തെത്തിയത്. ഉമ്മൻചാണ്ടി സർക്കാരിനും പിണറായി സർക്കാരിനും നടപ്പാക്കാൻ കഴിയാതിരുന്ന ഡ്രൈ ഡേ പിൻവലിക്കൽ ഇനി ഒരു സർക്കാരിനും സാധ്യമാകില്ലെന്നാണ് സമിതിയുടെ നിലപാട്.
ശമ്പളദിവസങ്ങളിൽ ലഭിക്കുന്ന പണം മദ്യത്തിനായി ചെലവഴിക്കുന്നത് തടയുന്നതിനും മദ്യപാനവുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങൾ കുറയ്ക്കുന്നതിനുമാണ് ഡ്രൈ ഡേ സംവിധാനം കൊണ്ടുവന്നതെന്ന് സമിതി ചൂണ്ടിക്കാട്ടി.
സർക്കാരിന്റെ 'ഗീവ് ആൻഡ് ടേക്ക്' നയത്തിന്റെ ഭാഗമായി ഖജനാവിലേക്ക് കൂടുതൽ പണം എത്തിക്കാനുള്ള സാമ്പത്തിക തന്ത്രമാണോ ഡ്രൈ ഡേ പിൻവലിക്കാനുള്ള നീക്കത്തിന് പിന്നിലെന്നും സമിതി സംശയമുന്നയിച്ചു.
വിനോദസഞ്ചാരത്തിന്റെയും കോൺഫറൻസുകളുടെയും പേരിൽ മദ്യനിരോധന ദിനം ഒഴിവാക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി.
ടൂറിസം മേഖലയെ വളർത്താൻ മദ്യത്തെ ആശ്രയിക്കേണ്ട സാഹചര്യമില്ല. മദ്യം ലഭ്യമാക്കി വിനോദസഞ്ചാര മേഖലയെ പുഷ്ടിപ്പെടുത്തുന്ന സമീപനം ഒരു സർക്കാരും സ്വീകരിക്കരുതെന്നും കെസിബിസി ആവശ്യപ്പെട്ടു.
വിഷയത്തിൽ തുടർപ്രതിഷേധങ്ങളും നടപടികളും ആസൂത്രണം ചെയ്യുന്നതിനായി കെസിബിസി മദ്യവിരുദ്ധ സമിതിയുടെ അടിയന്തര ഓൺലൈൻ യോഗം ഞായറാഴ്ച ചേരാനും തീരുമാനിച്ചിട്ടുണ്ട്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
ഡ്രൈ ഡേ പിൻവലിക്കാനുള്ള നീക്കത്തിന് ശക്തമായ തിരിച്ചടി ; ഒരു സർക്കാരിനും നടപ്പാക്കാനാകില്ലെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി
Advertisement
Advertisement
Advertisement