breaking news New

കോവിഡ് കാലത്തെ ഗ്ലൗസ് വാങ്ങലിൽ വൻ ക്രമക്കേട് ; 7.09 കോടിയുടെ നഷ്ടം ! മുൻ കെ.എം.എസ്.സി.എൽ ജനറൽ മാനേജർക്കെതിരെ കേസെടുക്കാൻ ശുപാർശ

തിരുവനന്തപുരം : കോവിഡ് കാലത്ത് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (കെ.എം.എസ്.സി.എൽ) വഴി വാങ്ങിയ ലക്ഷക്കണക്കിന് ഗ്ലൗസുകൾ ഉപയോഗിക്കാതെ ഗോഡൗണുകളിൽ കിടന്ന് നശിച്ചതിലൂടെ സർക്കാരിന് 7.09 കോടി രൂപയുടെ നഷ്ടമുണ്ടായതായി ആഭ്യന്തര വിജിലൻസ് അന്വേഷണ റിപ്പോർട്ട്.

സംഭവത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും കെ.എം.എസ്.സി.എൽ മുൻ ജനറൽ മാനേജർ എസ്.ആർ. ദിലീപ് കുമാറിനെ പ്രതിയാക്കണമെന്നും അന്വേഷണ സംഘം ശുപാർശ ചെയ്തു.

58.40 ലക്ഷം ഗ്ലൗസുകളാണ് വിതരണം ചെയ്യാതെ ഗോഡൗണുകളിൽ സൂക്ഷിച്ച് കാലാവധി കഴിഞ്ഞ് നശിപ്പിച്ചത്. ഒരു വശത്ത് വാങ്ങിയ ഗ്ലൗസുകൾ ഉപയോഗിക്കാതെ നശിച്ചപ്പോൾ മറുവശത്ത് കോടിക്കണക്കിന് രൂപ ചെലവഴിച്ച് പുതിയ ഗ്ലൗസുകൾ വാങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു.

2021 ജൂൺ, ജൂലൈ മാസങ്ങളിൽ വിപണിവിലയേക്കാൾ ഉയർന്ന നിരക്കിൽ ഒരു കോടി ഗ്ലൗസുകൾ വാങ്ങാൻ കോർപ്പറേഷൻ തീരുമാനിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. 'അഗ്രത അവോൺ എക്സിം' എന്ന കമ്പനിക്ക് ഒരു ഗ്ലൗസിന് 12.10 രൂപ നിരക്കിൽ കരാർ നൽകി. സാധാരണ ടെൻഡർ നടപടികളിലെ വിലപേശലുകളും ചർച്ചകളും നടന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.

കരാർ പ്രകാരം മുഴുവൻ ഗ്ലൗസുകളും സമയബന്ധിതമായി എത്തിക്കാത്തതിനെ തുടർന്ന് മറ്റൊരു കമ്പനിയിൽനിന്ന് 7.72 രൂപ നിരക്കിൽ ഗ്ലൗസുകൾ വാങ്ങി. എന്നാൽ പിന്നീട് അഗ്രത കമ്പനിയും ബാക്കിയുള്ള 58.40 ലക്ഷം ഗ്ലൗസുകൾ തിരുവനന്തപുരം, എറണാകുളം ഗോഡൗണുകളിൽ എത്തിച്ചു. അധികൃതർ ഇവ സ്വീകരിച്ച് സൂക്ഷിച്ചെങ്കിലും പിന്നീട് സപ്ലൈ ഓർഡർ റദ്ദാക്കി.

സെക്യൂരിറ്റി ഈടാക്കാതെ 6.07 കോടി രൂപയിലധികം മുൻകൂറായി നൽകിയതും അന്വേഷണത്തിൽ ചട്ടലംഘനമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കരാറുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ നിയമനടപടികളും നിലവിലുണ്ട്.

ഉപയോഗിക്കാതെ സൂക്ഷിച്ച ഗ്ലൗസുകൾ കാലാവധി കഴിഞ്ഞ് നശിച്ചതാണ് ഖജനാവിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയത്. ആശുപത്രികളിലേക്ക് വിതരണം ചെയ്യേണ്ട മെഡിക്കൽ ഉപകരണങ്ങൾ ഗോഡൗണുകളിൽ കെട്ടിക്കിടന്ന് നശിച്ച സംഭവത്തിൽ ഉദ്യോഗസ്ഥരുടെ നടപടിയും അന്വേഷണ പരിധിയിലാണ്.

ആഭ്യന്തര വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ട് തുടർനടപടികൾക്കായി ആഭ്യന്തര വകുപ്പിന് കൈമാറാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഇതോടെ കേസിൽ വിശദമായ വിജിലൻസ് അന്വേഷണത്തിനുള്ള സാധ്യതയും തുറന്നിരിക്കുകയാണ്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4