ശബരിമല: അയ്യപ്പഭക്തർ ഇരുമുടിക്കെട്ടിൽ കൊണ്ടുവന്ന് ഭഗവാന് സമർപ്പിച്ച അരി വിറ്റ വകയിൽ ദേവസ്വം ബോർഡിന് ലഭിക്കേണ്ട ലക്ഷങ്ങൾ കാണാനില്ല!
ശബരിമലയിലെ 1.63 ലക്ഷം കിലോഗ്രാം വഴിപാട് അരി ഒരു രൂപ പോലും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടയ്ക്കാതെ കരാറുകാരൻ കൊണ്ടുപോയതായി ദേവസ്വം വിജിലൻസ് കണ്ടെത്തി. ഇതിലൂടെ ബോർഡിന് 42,37,568 രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിജിലൻസ് റിപ്പോർട്ട്.
തീർഥാടകർ ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന അരി സന്നിധാനത്തെ വിവിധ ഭണ്ഡാരങ്ങളിലാണ് സമർപ്പിക്കുന്നത്. ഇതിൽ ഒരു ഭാഗം നിവേദ്യവും ശർക്കരപ്പായസവും തയ്യാറാക്കാൻ ഉപയോഗിക്കും. ബാക്കി വരുന്ന അരി കരാർ അടിസ്ഥാനത്തിൽ വിൽക്കുകയാണ് പതിവ്.
എന്നാൽ ഇത്തവണ അരി വിൽപ്പനയുടെ കണക്കുപുസ്തകത്തിൽ വൻ 'കണക്ക് പിഴവ്' സംഭവിച്ചതായാണ് കണ്ടെത്തൽ. കരാർപ്രകാരം ഓരോ തവണ അരി കൊണ്ടുപോകുമ്പോഴും തൂക്കം രേഖപ്പെടുത്തി, പണം ദേവസ്വം അക്കൗണ്ടിൽ അടയ്ക്കാനുള്ള ചലാൻ സ്റ്റോർ സൂപ്രണ്ട് നൽകണം. എന്നാൽ ചലാൻ നൽകുകയോ പണം അടച്ചെന്ന് ഉറപ്പുവരുത്തുകയോ ചെയ്തില്ല. മാത്രമല്ല, സ്റ്റോക്ക് ലെഡ്ജറിലും അരിയുടെ അളവ് രേഖപ്പെടുത്തിയില്ല. വിജിലൻസ് പരിശോധനയിലാണ് ക്രമക്കേട് പുറത്തുവന്നത്.
സന്നിധാനത്തെ മെയിൻ സ്റ്റോർ സൂപ്രണ്ടായിരുന്ന ബി. ദിലീപ് കുമാറിന്റെ ചുമതലക്കാലത്താണ് ക്രമക്കേട് നടന്നതെന്നാണ് റിപ്പോർട്ടിലുള്ളത്. മേയ് 31-ന് ഇദ്ദേഹം സർവീസിൽനിന്ന് വിരമിക്കുകയും ചെയ്തു. പണം ലഭിക്കാത്ത വിവരം നിലവിലെ എക്സിക്യൂട്ടീവ് ഓഫീസർ ദേവസ്വം കമ്മിഷണറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
തുടർന്ന് കുടിശ്ശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കമ്മിഷണർ കരാറുകാരന് നോട്ടീസ് നൽകിയെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല.
2025 നവംബറിൽ ശ്രീപദ്മനാഭ ട്രേഡേഴ്സിലെ അനിൽകുമാറിനാണ് അരി വിൽപ്പനയ്ക്കുള്ള കരാർ നൽകിയത്. കിലോഗ്രാമിന് 26 രൂപയായിരുന്നു കരാർ നിരക്ക്. 2026 ഏപ്രിൽ വരെ 1,62,983.4 കിലോഗ്രാം അരി കൊണ്ടുപോയെങ്കിലും ദേവസ്വം ബോർഡിന്റെ അക്കൗണ്ടിലേക്ക് പണമൊന്നും എത്തിയില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ.
ഭക്തർ കാണിക്കയായി സമർപ്പിച്ച അരി വിറ്റിട്ടും പണം അക്കൗണ്ടിലെത്തിയില്ലെന്നത് ദേവസ്വം ഭരണസംവിധാനത്തിലെ പരിശോധനാ സംവിധാനങ്ങളുടെ വീഴ്ചയിലേക്കും വിരൽചൂണ്ടുന്നു. ഭണ്ഡാരത്തിൽ അരി നിറഞ്ഞു, കരാറുകാരന്റെ കൈയിൽ അരിയെത്തി, പക്ഷേ പണം മാത്രം ദേവസ്വത്തിന്റെ ഖജനാവിലെത്തിയില്ല!
CENTRAL MEDIA NEWS DESK | 🌐 cmediaonline.in
ശബരിമലയിലെ വഴിപാട് അരിക്കും ‘വഴിതെറ്റി’ ! 1.63 ലക്ഷം കിലോ അരി കടത്തി കരാറുകാരൻ ; ദേവസ്വം ബോർഡിന് 42.37 ലക്ഷം രൂപയുടെ നഷ്ടം!
Advertisement
Advertisement
Advertisement