breaking news New

ഉത്സവവിപണിയിൽ മായം കലർത്തിയ ഭക്ഷ്യവസ്തുക്കളുടെ വൻവേട്ട ; 81.80 കോടിയുടെ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു : 314 സ്ഥാപനങ്ങൾ പൂട്ടിച്ചു !!

ന്യൂഡൽഹി : ഉത്സവ സീസണിൽ രാജ്യവ്യാപകമായി നടത്തിയ ഭക്ഷ്യസുരക്ഷാ പരിശോധനയിൽ ഞെട്ടിക്കുന്ന ക്രമക്കേടുകൾ കണ്ടെത്തി. 81.80 കോടി രൂപ വിലമതിക്കുന്ന മായം കലർന്നതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ ഭക്ഷ്യ ഉൽപ്പന്നങ്ങളാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (FSSAI) നേതൃത്വത്തിൽ പിടിച്ചെടുത്തത്. 3,279 മെട്രിക് ടണ്ണിലധികം ഭക്ഷ്യവസ്തുക്കൾ പരിശോധനാ സംഘം പിടിച്ചെടുത്തു.

ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 314 സ്ഥാപനങ്ങൾ അധികൃതർ അടച്ചുപൂട്ടി. 410 സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു. ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നതും ഗുണനിലവാര മാനദണ്ഡങ്ങൾ ലംഘിക്കുന്നതും വ്യാപകമാണെന്നതിന്റെ സൂചനയാണ് പരിശോധനയിലെ കണ്ടെത്തലുകൾ.

ഭക്ഷ്യഎണ്ണ, പലഹാരങ്ങൾ, ബേക്കറി ഉൽപ്പന്നങ്ങൾ, പാക്കറ്റ് ഭക്ഷണങ്ങൾ, ഉത്സവകാല ഗിഫ്റ്റ് ഹാംപറുകൾ എന്നിവയ്ക്കൊപ്പം പാൽ, പനീർ, നെയ്യ്, ഖോയ തുടങ്ങിയ ക്ഷീരോൽപ്പന്നങ്ങളാണ് പ്രധാനമായും പിടിച്ചെടുത്തത്.

രാജ്യത്തുടനീളം 56,431 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് 1,100-ലധികം സ്ഥാപനങ്ങളുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്തു. 10,047 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസുകളും നൽകി.

പരിശോധനയുടെ ഭാഗമായി ആകെ 43,939 ഭക്ഷ്യസാമ്പിളുകൾ ശേഖരിച്ചു. ഇതിൽ പരിശോധന പൂർത്തിയായ സാമ്പിളുകളിൽ 2,273 എണ്ണം നിശ്ചിത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തി.

വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ സഹകരണത്തോടെ സെപ്റ്റംബർ ഒന്ന് മുതൽ നവംബർ അഞ്ച് വരെയായിരുന്നു രാജ്യവ്യാപക പരിശോധന. ഉത്സവകാലത്ത് ഭക്ഷ്യവസ്തുക്കളുടെ ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുകയാണ് പരിശോധനയുടെ ലക്ഷ്യം.

C-MEDIA NEWS DESK | www.cmediaonline.in


Image
Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4