breaking news New

ദുബൈയിൽ ജീവിക്കേണ്ടത് ഈ ഏഴ് മൂല്യങ്ങൾക്കൊപ്പം ; പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കുമായി പുതിയ മാർഗനിർദേശവുമായി ശൈഖ് മുഹമ്മദ്

ദുബൈ എന്ന വിസ്മയ നഗരത്തെ ലോകത്തിന് മാതൃകയാക്കി നിലനിര്‍ത്തുന്നതിനും തലമുറകളിലേക്ക് ഈ പൈതൃകം പകര്‍ന്നുനല്‍കുന്നതിനുമായി ‘ദുബൈ സമൂഹത്തിനായുള്ള കത്ത്’ എന്ന പേരിലാണ് അദ്ദേഹം ഈ തത്വങ്ങള്‍ പങ്കുവെച്ചത്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ദി ലെറ്റേഴ്സി’ലാണ് ഈ സന്ദേശം.

ജീവിതം എന്നാല്‍ ഉത്തരവാദിത്തമാണെന്നും ആ ഉത്തരവാദിത്തബോധമാണ് ജീവിതത്തിന് അര്‍ഥം നല്‍കുന്നതെന്നും ആദ്യ തത്വമായി അദ്ദേഹം വ്യക്തമാക്കുന്നു. ഓരോ ജീവനക്കാരനും നേതാവും രക്ഷിതാവും സമൂഹത്തോട് പ്രതിബദ്ധതയുള്ളവരാകണം. മനുഷ്യന്റെ അന്തസ്സും മൂല്യവും തിരിച്ചറിഞ്ഞ് പരസ്പരം ആദരിക്കലാണ് രണ്ടാമത്തെ തത്വം. മനുഷ്യന്റെ സംസ്‌കാരവും മതവിശ്വാസങ്ങളും വികാരങ്ങളും ബഹുമാനിക്കപ്പെടുമ്പോഴാണ് യഥാര്‍ഥ സഹവര്‍ത്തിത്വം സാധ്യമാകുന്നത്.

ഏത് കാര്യത്തിലും പൂര്‍ണതയും കൃത്യതയും കാത്തുസൂക്ഷിക്കുക എന്നതാണ് മൂന്നാമത്തെ പാഠം. ചെയ്യുന്ന ജോലിയില്‍ അര്‍പ്പണബോധം പുലര്‍ത്തുമ്പോഴാണ് ആ നാടിന്റെ പെരുമ ഉയരുന്നത്. വിനയം നമ്മെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുമെന്നതാണ് നാലാമത്തെ തത്വം. ഒന്നുമില്ലായ്മയില്‍ നിന്നാണ് ദുബൈ തുടങ്ങിയതെന്നും അഹങ്കാരമില്ലാതെ അറിവിനോടും മനുഷ്യരോടും വിനയം കാട്ടണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

പ്രതീക്ഷയും ശുഭാപ്തിവിശ്വാസവുമാണ് അഞ്ചാമത്തെ വഴി. പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റാനും അസാധ്യമായതിനെ സാധ്യമാക്കാനുമുള്ള നിശ്ചയദാര്‍ഢ്യം ജനതക്ക് വേണം. നന്മ ചെയ്യലും ദാനധര്‍മങ്ങളുമാണ് ആറാമത്തെ തത്വം. ഒരു പുഞ്ചിരിയോ നല്ല വാക്കുകളോ വഴിയിലെ തടസ്സങ്ങള്‍ നീക്കലോ പോലും മഹത്തായ നന്മയാണെന്ന് അദ്ദേഹം പറയുന്നു. നമ്മെ ചേര്‍ത്തുപിടിക്കുന്ന നാടിനോടുള്ള കൂറും ആത്മാര്‍ഥതയുമാണ് ഏഴാമത്തെയും അവസാനത്തെയും തത്വം.

രാജ്യത്തിന്റെ നിയമങ്ങളെ അനുസരിക്കുകയും അതിന്റെ നേട്ടങ്ങളെയും പതാകയെയും നെഞ്ചേറ്റുകയും വേണം. നഗരങ്ങള്‍ രൂപകല്‍പന ചെയ്യുന്നതോ ആകാശംമുട്ടെ കെട്ടിടങ്ങള്‍ ഉയര്‍ത്തുന്നതോ അല്ല യഥാര്‍ഥ അത്ഭുതം. മറിച്ച് ഉന്നതമായ മൂല്യങ്ങളിലും തത്വങ്ങളിലും അധിഷ്ഠിതമായ ഒരു മാനുഷിക സമൂഹത്തെ വാര്‍ത്തെടുക്കലാണ് ഏറ്റവും വലിയ വിപ്ലവമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ശൈഖ് മുഹമ്മദ് തന്റെ സന്ദേശം ഉപസംഹരിക്കുന്നത്.

ഒക്ടോബര്‍ ഒന്നിന് പുസ്തകത്തിന്റെ അറബിക് പതിപ്പ് പുറത്തിറങ്ങിയിരുന്നു. ഇംഗ്ലീഷ് പതിപ്പ് ഒക്ടോബര്‍ 15-ന് പുറത്തിറങ്ങും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4