പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായി പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. ശബരിമലയിൽ അസൗകര്യങ്ങളുടെ ഘോഷയാത്രയാണെന്നും മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും നടത്തിയ പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.
ശബരിമലയിലേക്കുള്ള റോഡുകളുടെ ടാറിങ് പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ആവശ്യത്തിന് അരവണ ലഭ്യമാക്കാനും കുടിവെള്ളം ഉറപ്പാക്കാനും സർക്കാരിന് സാധിച്ചിട്ടില്ല. ശുചിമുറികളുടെയും ശൗചാലയങ്ങളുടെയും ശോചനീയാവസ്ഥയും ഭക്തർക്ക് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. മണ്ഡലകാലത്തിന് മുന്നോടിയായി ആവശ്യമായ ശുചീകരണ പ്രവർത്തനങ്ങൾ പോലും പൂർത്തിയാക്കാനായില്ലെന്നും അനൂപ് ആന്റണി കുറ്റപ്പെടുത്തി.
പമ്പയിലെ ഗണപതി ക്ഷേത്രത്തിന്റെ പ്ലാസ്റ്ററിങ് അടർന്നുവീണ സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമലയിലെത്തി യോഗങ്ങൾ വിളിച്ചുചേർത്ത് പ്രഖ്യാപനങ്ങൾ നടത്തുന്നതല്ലാതെ ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടുവെന്നാണ് ആരോപണം.
വെർച്വൽ ക്യൂ ബുക്കിങ് സംവിധാനം തീർത്ഥാടകർക്ക് ദുരിതമായി മാറിയെന്നും അനൂപ് ആന്റണി ആരോപിച്ചു. ബുക്കിങ് രസീത് കാണിക്കാത്തവർക്ക് പമ്പയിലേക്കുള്ള കെഎസ്ആർടിസി ബസുകളിൽ പ്രവേശനം നിഷേധിച്ചുവെന്നും സ്പോട്ട് ബുക്കിങ് സൗകര്യം നിലയ്ക്കലിൽ മാത്രമായി പരിമിതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ സമരത്തിനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശനും പത്തനംതിട്ട എംപിയും ശബരിമല തീർത്ഥാടനത്തിന് ആവശ്യമായ സഹായങ്ങൾ തേടി പ്രധാനമന്ത്രിയെയോ കേന്ദ്രസർക്കാർ പ്രതിനിധികളെയോ കാണാൻ തയ്യാറായില്ലെന്നും അനൂപ് ആന്റണി വിമർശിച്ചു.
മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ രാഷ്ട്രീയ ശൈലിയാണ് വി.ഡി. സതീശൻ പിന്തുടരുന്നതെന്നും അധികാരത്തിലെത്തിയശേഷം നേരത്തെ നടത്തിയ പ്രഖ്യാപനങ്ങൾക്ക് വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പുതിയ വാഹനങ്ങൾ വാങ്ങില്ലെന്ന് പ്രഖ്യാപിച്ച സർക്കാർ ഇപ്പോൾ ആഡംബര വാഹനങ്ങൾക്കായി ഒൻപത് കോടി രൂപ ചെലവഴിക്കാൻ ഒരുങ്ങുകയാണെന്നും കുറ്റപ്പെടുത്തി.
ശബരിമല വിഷയത്തിൽ ബിജെപി പ്രക്ഷോഭത്തിലേക്ക്
സർക്കാരിന്റെ ഇരട്ടത്താപ്പിനും ശബരിമല തീർത്ഥാടകരോടുള്ള അവഗണനയ്ക്കുമെതിരെ ബിജെപി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അനൂപ് ആന്റണി വ്യക്തമാക്കി. വരും ദിവസങ്ങളിൽ പ്രമുഖ ബിജെപി നേതാക്കൾ ശബരിമല സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജമാഅത്തെ ഇസ്ലാമിയുടെ മലർവാടിക്ക് പരീക്ഷ നടത്താൻ അനുമതി നൽകിയ സർക്കാർ മയിൽപ്പീലിക്ക് പരീക്ഷ നടത്താനുള്ള അനുമതി നിഷേധിച്ചത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു.
വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയല്ലെന്നും മുസ്ലിം ലീഗിന്റെ മാത്രം മുഖ്യമന്ത്രിയാണെന്നുമുള്ള വിവാദ പരാമർശത്തോടെയാണ് അനൂപ് ആന്റണി സർക്കാരിനെതിരായ വിമർശനം അവസാനിപ്പിച്ചത്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങളില്ല ; സർക്കാർ പരാജയമെന്ന് ബിജെപി : അരവണ മുതൽ കുടിവെള്ളം വരെ ഭക്തർ ദുരിതത്തിൽ ; സർക്കാരിനെതിരെ പ്രക്ഷോഭം പ്രഖ്യാപിച്ച് അനൂപ് ആന്റണി
Advertisement
Advertisement
Advertisement