തിരുവനന്തപുരം : സർക്കാർ ഉറപ്പുകൾ പാലിക്കപ്പെടാത്തതിൽ പ്രതിഷേധം ശക്തമാക്കി എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ. സെക്രട്ടേറിയറ്റിന് മുന്നിൽ തുടരുന്ന സമരം കൂടുതൽ കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം.
നിരാഹാര സമരം നടത്തുന്ന എം. ജയകൃഷ്ണനാണ് പ്രതിഷേധത്തിന്റെ ഭാഗമായി തലമുണ്ഡനം ചെയ്യുക. ഉദ്യോഗാർത്ഥികളുടെ സമരം 138-ാം ദിവസത്തിലേക്ക് കടന്നിട്ടും ആവശ്യങ്ങളിൽ തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് പുതിയ പ്രതിഷേധരീതി.
വിഷയം ചർച്ചയിലൂടെ പരിഹരിക്കാമെന്ന് സർക്കാർ നേരത്തെ ഉറപ്പുനൽകിയിരുന്നെങ്കിലും മന്ത്രിതല ചർച്ചയും ഫലം കണ്ടില്ല. ബുധനാഴ്ചയ്ക്കുള്ളിൽ പ്രശ്നത്തിന് പരിഹാരം കാണാമെന്നാണ് സമരസമിതിക്ക് സർക്കാർ നൽകിയിരിക്കുന്ന ഉറപ്പ്. എന്നാൽ ഈ ഉറപ്പ് എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് സമരസമിതിയുടെ നിലപാട്. നേരിട്ട് ആവശ്യം അംഗീകരിക്കാൻ കഴിയില്ലെങ്കിൽ ഉദ്യോഗാർത്ഥികൾക്ക് അനുകൂലമായ ബദൽ മാർഗമെങ്കിലും സർക്കാർ സ്വീകരിക്കണമെന്നാണ് ആവശ്യം.
അതേസമയം, നിരാഹാര സമരം നടത്തുന്ന വളർമതി ആശുപത്രിയിൽ നിന്ന് തിരിച്ചെത്തി സമരപ്പന്തലിൽ സമരം തുടരുകയാണ്. സർക്കാർ തീരുമാനത്തിനായി കാത്തിരിക്കുമ്പോഴും പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് ഉദ്യോഗാർത്ഥികളുടെ നീക്കം.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കാനൊരുങ്ങി എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സ് ; സമരം 138-ാം ദിവസത്തിലേക്ക് : മന്ത്രിതല ചർച്ചയും പരാജയം
Advertisement
Advertisement
Advertisement