തിരുവനന്തപുരം : കഴിഞ്ഞ ദിവസം രാത്രി ഏഴുമണിക്ക് ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 15 മുതല്‍ 30 മിനിറ്റ് വരെ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. രാജ്യവ്യാപകമായി അനുഭവപ്പെടുന്ന വന്‍ വൈദ്യുതി കമ്മിയാണ് കേരളത്തെയും ഇരുട്ടിലാക്കുന്നത്. വൈദ്യുതി നിയന്ത്രണം ഇനിയും തുടരും.
പ്രതീക്ഷിച്ച തോതില്‍ മഴ ലഭിക്കാത്തതാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിയുടെ ഏറ്റവും പ്രധാനപ്പെട്ട കാരണം. രാജ്യവ്യാപകമായി കാലവര്‍ഷത്തില്‍ വലിയ കുറവുണ്ടായതോടെ വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം കുത്തനെ ഇടിഞ്ഞു. പ്രധാനപ്പെട്ട ജലവൈദ്യുത പദ്ധതികളുടെയെല്ലാം സംഭരണികളില്‍ ജലനിരപ്പ് അപകടകരമാംവിധം താഴുകയാണ്.
ദേശീയ തലത്തിലെ പ്രതിസന്ധിക്ക് പുറമെ കേരളത്തിലെ ആഭ്യന്തര സാഹചര്യവും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. സംസ്ഥാനത്ത് മഴ ഗണ്യമായി കുറഞ്ഞതോടെ കടുത്ത ചൂടാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനുഭവപ്പെടുന്നത്. ഇത് വലിയ തോതില്‍ വൈദ്യുതി ഉപഭോഗം വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. ഫാനുകളുടെയും എസികളുടെയും ഉപയോഗം കൂടിയതോടെ പീക്ക് സമയത്തെ ഡിമാന്‍ഡ് കുതിച്ചുയരുകയാണ്.
സ്ഥിതിഗതികള്‍ കൈവിട്ടുപോകുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. ദേശീയ ഗ്രിഡില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ളതില്‍ കൂടുതല്‍ വൈദ്യുതി യാതൊരു കാരണവശാലും എടുക്കരുത് എന്നാണ് പ്രധാന നിര്‍ദ്ദേശം. ഗ്രിഡിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള അധിക ഉപയോഗം പാടില്ലെന്ന് കര്‍ശനമായി വിലക്കിയിട്ടുണ്ട്.
വൈദ്യുതി ഉപയോഗം നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അനിവാര്യമായ ഘട്ടത്തില്‍ ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തണമെന്നും ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രിഡില്‍ നിന്നുള്ള വൈദ്യുതി ലഭ്യത കുറയുകയും ആഭ്യന്തര ഉത്പാദനം കുറയുകയും ചെയ്താല്‍ ഔദ്യോഗികമായി ലോഡ് ഷെഡിംഗ് പ്രഖ്യാപിക്കുകയല്ലാതെ മറ്റ് വഴികള്‍ സംസ്ഥാന സര്‍ക്കാരിന് മുന്നിലുണ്ടാകില്ല.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ മാത്രം കണക്കെടുത്താല്‍ നിലവില്‍ 1.5 ജിഗാവാട്ടിന്റെ അധിക ഡിമാന്‍ഡ് ഉണ്ടെന്നാണ് കേന്ദ്ര ഏജന്‍സികളുടെ വിലയിരുത്തല്‍. അയല്‍ സംസ്ഥാനങ്ങളിലും മഴ കുറഞ്ഞതോടെ അവിടെയും വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു. അതിനാല്‍ തന്നെ ഉയര്‍ന്ന വില കൊടുത്താല്‍ പോലും പുറത്ത് നിന്ന് വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കുക എന്നത് കേരളത്തെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.
ഇന്നലെ രാത്രി സംസ്ഥാനത്തെ പലയിടത്തും അര മണിക്കൂറോളം വൈദ്യുതി മുടങ്ങിയത് ജനങ്ങളെ ഏറെ വലച്ചിരുന്നു. മുന്‍കൂട്ടിയുള്ള യാതൊരു അറിയിപ്പുകളും ഇല്ലാതെയായിരുന്നു പവര്‍കട്ട്. കേന്ദ്ര ഗ്രിഡില്‍ നിന്നുള്ള വൈദ്യുതി വിഹിതത്തില്‍ പെട്ടെന്നുണ്ടായ കുറവാണ് ഈ അടിയന്തര നിയന്ത്രണത്തിന് കാരണമായതെന്നാണ് അധികൃതരുടെ വിശദീകരണം. വരും ദിവസങ്ങളിലും സമാനമായ അപ്രഖ്യാപിത നിയന്ത്രണങ്ങള്‍ക്ക് സാധ്യതയുണ്ട്.
ജലവൈദ്യുത പദ്ധതികളെ ഏറെ ആശ്രയിച്ച് മുന്നോട്ട് പോകുന്ന കേരളത്തിന് മഴയുടെ അഭാവം നല്‍കുന്നത് വലിയ തിരിച്ചടിയാണ്. പുറത്തുനിന്നുള്ള താപവൈദ്യുതിയെ ആശ്രയിക്കാമെന്ന് കരുതിയാല്‍ കല്‍ക്കരി ക്ഷാമവും മറ്റു സാങ്കേതിക പ്രശ്‌നങ്ങളും അവിടെയും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മഴയുടെ കുറവ് ജലവൈദ്യുത നിലയങ്ങളെ നിശ്ചലമാക്കുമ്പോള്‍ പകരമൊരു ബദല്‍ സംവിധാനം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയിലാണ് സംസ്ഥാനം.
അപ്രഖ്യാപിത പവര്‍കട്ടുകള്‍ ദിവസേനയുള്ള ഔദ്യോഗിക ലോഡ് ഷെഡിംഗിലേക്ക് വഴിമാറുന്ന സാഹചര്യം വിദൂരമല്ല. വൈദ്യുതി ഉപയോഗത്തില്‍ ജനങ്ങള്‍ സ്വയം പരമാവധി നിയന്ത്രണം പാലിച്ചില്ലെങ്കില്‍ വരും ദിനങ്ങളില്‍ പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിക്കും.
12,000 മെഗാവാട്ട് വൈദ്യുതി മുങ്ങി ; കേരളത്തിൽ വീണ്ടും ഇരുട്ടിന്റെ കാലമോ?
Advertisement
Advertisement
Advertisement