ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി നിർമിക്കുന്ന 10 വന്ദേസ്ലീപ്പർ തീവണ്ടികളിൽ ഒന്നാണ് കേരളത്തിലേക്ക് അനുവദിക്കുന്നത്. ഈ വർഷം ഫാക്ടറിയിൽ നിന്ന് പുറത്തിറങ്ങുന്ന രണ്ടെണ്ണത്തിൽ ഒന്നാകും കേരളത്തിലെത്തുക. ദക്ഷിണ റെയിൽവേക്ക് അനുവദിച്ച 16 കോച്ച് വന്ദേ സ്ലീപ്പറിനായി ആദ്യ മുൻഗണന നൽകിയിരിക്കുന്നത് കേരളം ഉൾപ്പെട്ട പ്രധാന റൂട്ടുകൾക്കാണ്.
മംഗളൂരു-തിരുവനന്തപുരം (631 കി.മീ), തിരുവനന്തപുരം-ചെന്നൈ (922 കി.മീ), മംഗളൂരു-ചെന്നൈ (889 കി.മീ) എന്നീ റൂട്ടുകളാണ് കേരളത്തിന് ലഭിക്കുന്ന ഈ പുതിയ വന്ദേസ്ലീപ്പർ ട്രെയിനിനായി പരിഗണനയിലുള്ളത്. ചെന്നൈ ബേസിൻ ബ്രിഡ്ജിലെ മെക്കാനിക്കൽ വിഭാഗത്തിനും ഇതുസംബന്ധിച്ച നിർദേശം ലഭിച്ചുകഴിഞ്ഞു. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് പുറത്തിറങ്ങുന്ന വന്ദേഭാരത് ട്രെയിനുകൾ വിവിധ പരിശോധനകൾക്ക് ശേഷം കമ്മിഷൻ ചെയ്യുന്നത് ബേസിൻ ബ്രിഡ്ജ് യാർഡിലാണ്.
മുഴുവൻ എയർകണ്ടീഷൻ ചെയ്ത 16 കോച്ച് വന്ദേസ്ലീപ്പർ തീവണ്ടിയിൽ ആകെ 823 ബർത്തുകളാണുള്ളത്. നിലവിൽ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് നാല് വണ്ടികളാണ് നിർമിക്കുന്നത്. അതിൽ രണ്ടെണ്ണം ഇതിനകം പുറത്തിറങ്ങി. ഹൗറ-കമാഖ്യ-ഹൗറ റൂട്ടിലാണ് ഈ വന്ദേസ്ലീപ്പറുകൾ നിലവിൽ സർവീസ് നടത്തുന്നത്. ഈ വർഷം രണ്ടു വണ്ടികൾ കൂടി പുറത്തിറങ്ങും. ഇത് മുംബൈ-ബംഗളൂരു റൂട്ടിലായിരിക്കും സർവീസ് നടത്തുക.
ചെന്നൈ ഐ.സി.എഫിന് ആദ്യഘട്ടത്തിൽ 10 വന്ദേസ്ലീപ്പർ കോച്ചുകൾ നിർമിക്കാനാണ് കരാർ ലഭിച്ചിട്ടുള്ളത്. ഇതിന്റെ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ഇതിൽ രണ്ടെണ്ണമാണ് ഈവർഷം പുറത്തിറങ്ങുന്നത്. ഐ.സി.എഫിൽ നടക്കുന്ന വന്ദേഭാരത് നിർമാണ പദ്ധതിയിൽ (എട്ട്, 16, 20 ചെയർകാർ) നിന്നുള്ള 16 കോച്ചുകളുള്ള 10 റേക്കുകൾ മാറ്റിയെടുത്താണ് സ്ലീപ്പർ ട്രെയിനുകളാക്കി മാറ്റുന്നത്.
രാജ്യത്തിന്റെ പുതിയ തലമുറ തീവണ്ടി പതിപ്പായ വന്ദേഭാരതിന്റെ നിർമാണം 100 എണ്ണം പിന്നിട്ടതോടെ നിലവിൽ നിർത്തിവച്ചിരിക്കുകയാണ്. രാജ്യത്തിന്റെ പ്രധാന റൂട്ടുകളിലെല്ലാം വന്ദേഭാരത് സർവീസുകൾ ഇതിനകം എത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് റെയിൽവേ ഇപ്പോൾ അമൃത് ഭാരത് പതിപ്പുകളിലേക്കും വന്ദേസ്ലീപ്പർ ട്രെയിനുകളിലേക്കും തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ഈ വർഷം പുറത്തിറങ്ങുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ ഒന്ന് കേരളത്തിന്
Advertisement
Advertisement
Advertisement