breaking news New

കേരളത്തിന് വേണം റോഡ് സംസ്കാരം ; നിയമം ലംഘിക്കുന്നവരെ മുഖം നോക്കാതെ പിടിക്കണം : ആറ് മാസത്തിനുള്ളിൽ മാറ്റം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ; 'ഗൾഫിൽ എത്തുമ്പോൾ മലയാളികൾക്ക് എന്തൊരു ശ്രദ്ധയാണ്' ; സ്വന്തം ഡ്രൈവിങ്ങിന് സൽപ്പേരില്ലെന്ന് മമ്മൂട്ടി

കൊച്ചി: കേരളത്തിൽ റോഡ് സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ അനിവാര്യമാണെന്നും സംസ്ഥാനത്തിന് സ്വന്തമായി ഒരു റോഡ് സംസ്കാരം രൂപപ്പെടണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ.

റോഡ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും ആറ് മാസത്തിനുള്ളിൽ പ്രകടമായ മാറ്റം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പൊലീസിന് നിർദേശം നൽകി.

കേരളത്തിൽ അശ്രദ്ധമായി വാഹനമോടിക്കുന്ന പലരും ഗൾഫിലെത്തുമ്പോൾ അതീവ ശ്രദ്ധയോടെയാണ് വാഹനമോടിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അറബികൾ പോലും അത്രത്തോളം നന്നായി വാഹനമോടിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

മദ്യപിച്ച് വാഹനമോടിച്ചാൽ പൊലീസ് പിടികൂടുമെന്ന ഭയത്തിൽ ചിലർ ഭാര്യമാരെ ഡ്രൈവിങ് പഠിപ്പിച്ചിരുന്നുവെന്നും പരിശോധന കുറഞ്ഞതോടെ വീണ്ടും അവർക്ക് വാഹനം നൽകാതായെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളത്ത് സംസ്ഥാന സർക്കാർ സംഘടിപ്പിച്ച 'ജീവ-സുയാത്ര' മിഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോഡ് നിയമങ്ങൾ കർക്കശമാക്കും. അതിന്റെ പേരിൽ ജനങ്ങൾ സർക്കാരിനെതിരെ തിരിഞ്ഞാൽ അതിന്റെ മുഴുവൻ ഉത്തരവാദിത്തവും താൻ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിയമനടപടികളിൽ ഇടപെടലുകളുണ്ടാകില്ലെന്നും പൊലീസുകാർക്ക് ആരുടെയും ശുപാർശ കേൾക്കേണ്ടതില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. താനടക്കമുള്ളവർ ആരെയും വിളിച്ച് നിയമനടപടികളിൽ ഇടപെടില്ലെന്നും വ്യക്തമാക്കി.

പരിപാടിയിൽ പങ്കെടുത്ത നടൻ മമ്മൂട്ടിയും റോഡ് സുരക്ഷയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. റോഡ് അപകടങ്ങൾക്ക് പ്രധാന കാരണം മനുഷ്യരുടെ അശ്രദ്ധയാണെന്ന് അദ്ദേഹം പറഞ്ഞു. മറ്റൊരാളുടെ സുരക്ഷയെ ആശ്രയിച്ച് റോഡിൽ സഞ്ചരിക്കാനാകില്ലെന്നും സ്വന്തം സുരക്ഷ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും മമ്മൂട്ടി ഓർമിപ്പിച്ചു.

സ്വന്തം ഡ്രൈവിങ്ങിന് അത്ര നല്ല സൽപ്പേരില്ലെന്നും ആവേശത്തോടെ വേഗത്തിൽ വാഹനമോടിക്കുന്ന ആളാണ് താനെന്നും മമ്മൂട്ടി തുറന്നു പറഞ്ഞു. വാഹനങ്ങളോടുള്ള മമ്മൂട്ടിയുടെ പ്രണയത്തെക്കുറിച്ച് മുഖ്യമന്ത്രി പരാമർശിച്ചതിന് പിന്നാലെയായിരുന്നു താരത്തിന്റെ പ്രതികരണം.

സമയക്കുറവ് പറഞ്ഞ് അമിതവേഗം തിരഞ്ഞെടുക്കുന്നവർ യാത്രാസമയവും റൂട്ടും പുനഃപരിശോധിക്കണമെന്ന് മമ്മൂട്ടി നിർദേശിച്ചു. റോഡുകൾ അഭ്യാസപ്രകടനങ്ങൾക്കുള്ള സ്ഥലമല്ലെന്നും അതിനായി പ്രത്യേക ഇടങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓവർടേക്കിങ്ങിനിടയിലെ അപകടകരമായ മത്സരങ്ങളും ബസുകളുടെ മത്സരയോട്ടവും നിയന്ത്രിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി.

ഫുട്പാത്തുകൾ കാൽനടയാത്രക്കാർക്ക് നടക്കാൻ കഴിയുന്ന രീതിയിൽ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യവും മമ്മൂട്ടി ഉയർത്തി. പല സ്ഥലങ്ങളിലും ഫുട്പാത്തുകൾ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനാൽ കാൽനടയാത്രക്കാർ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളിൽ ചെറുപ്പം മുതൽ പൗരബോധവും റോഡ് നിയമങ്ങളെക്കുറിച്ചുള്ള അവബോധവും വളർത്തണമെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു. അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരെ കാത്തിരിക്കുന്ന കുടുംബങ്ങളെ ഓർക്കണമെന്നും ഓരോ യാത്രയിലും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

റോഡിലെ നിയമലംഘനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി, പൊതുജനങ്ങളിൽ ഉത്തരവാദിത്തബോധം, സുരക്ഷിതമായ യാത്രാസംസ്കാരം – കേരളത്തിന്റെ റോഡ് സുരക്ഷാ ദൗത്യത്തിന് പുതിയ ദിശ നൽകുമോ 'ജീവ-സുയാത്ര' മിഷൻ എന്നതാണ് ഇനി ശ്രദ്ധേയം.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4