breaking news New

ജലസംഭരണികളിൽ വെള്ളം താഴുന്നു ; എൽനിനോ ഭീഷണി : കേരളം വീണ്ടും വൈദ്യുതി പ്രതിസന്ധിയിലേക്ക് : ലോഡ്‌ഷെഡിങ് മുന്നിൽ !!

വരുംദിവസങ്ങളില്‍ കനത്ത മഴ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് വീണ്ടും നിയന്ത്രിത വൈദ്യുതി നിയന്ത്രണം സ്ഥിരമായി ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് ഉറപ്പായി. ഈ സാഹചര്യത്തില്‍, മഴയെ മാത്രം ആശ്രയിച്ചു മുന്നോട്ടുപോകുന്ന പരമ്പരാഗത രീതി അവസാനിപ്പിച്ച് അടിയന്തരമായി ബദല്‍ ഊര്‍ജ്ജമാര്‍ഗ്ഗങ്ങള്‍ തേടേണ്ടത് സംസ്ഥാനത്തിന്റെ നിലനില്‍പ്പിന് തന്നെ അത്യാവശ്യമായി മാറിയിരിക്കുകയാണ്.

രാജ്യത്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വൈദ്യുതിക്ഷാമമാണ് കഴിഞ്ഞ സെപ്റ്റംബറില്‍ രേഖപ്പെടുത്തിയത്. ഗ്രിഡ് കണ്‍ട്രോള്‍ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് സെപ്റ്റംബറിലെ ദേശീയ വൈദ്യുതികമ്മി 544 ദശലക്ഷം യൂണിറ്റായി കുതിച്ചുയര്‍ന്നു. ഓഗസ്റ്റില്‍ ഇത് കേവലം 98 ദശലക്ഷം യൂണിറ്റായിരുന്നുവെന്നത് പ്രതിസന്ധിയുടെ വ്യാപ്തി വ്യക്തമാക്കുന്നു. സെപ്റ്റംബര്‍ 15-ന് മാത്രം രാജ്യത്തെ പ്രതിദിന കമ്മിയെന്നത് 54 ദശലക്ഷം യൂണിറ്റിലെത്തിയിരുന്നു.

വേനലിന് സമാനമായി സെപ്റ്റംബറില്‍ രാജ്യത്തെ ഊര്‍ജ്ജ ഉപഭോഗം 11 ശതമാനത്തോളം വര്‍ദ്ധിച്ചു. എല്‍നിനോ കാരണം മഴ കുറഞ്ഞതോടെ രാജ്യത്തുടനീളമുള്ള ജലവൈദ്യുത നിലയങ്ങളില്‍ ഉത്പാദനം കുത്തനെ ഇടിഞ്ഞു. ഇതിന് പുറമേ താപവൈദ്യുത നിലയങ്ങളിലെ കല്‍ക്കരി ശേഖരം അപകടകരമായ വിധത്തില്‍ താഴുകയും ചെയ്തു. സെപ്റ്റംബര്‍ 30-ലെ കണക്കനുസരിച്ച് രാജ്യത്തെ 84 പ്രധാന താപനിലയങ്ങളില്‍ ആവശ്യത്തിന് വേണ്ട കല്‍ക്കരിയുടെ 36 ശതമാനം മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.

കേരളത്തിലും സ്ഥിതി ഒട്ടും ഭിന്നമല്ല. സെപ്റ്റംബര്‍ 16-ന് സംസ്ഥാനത്ത് സര്‍വ്വകാല റെക്കോര്‍ഡിട്ട് 95.82 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ആവശ്യമായി വന്നത്. എന്നാല്‍ ആ ദിവസം ലഭ്യതയില്‍ 900 മെഗാവാട്ടിലധികം കുറവാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ എല്ലാ ജലവൈദ്യുതി, സൗരോര്‍ജ്ജ, കാറ്റാടി നിലയങ്ങളില്‍ നിന്നുമെല്ലാമായി ആകെ ഉത്പാദിപ്പിക്കാനായത് 81 ദശലക്ഷം യൂണിറ്റ് മാത്രമായിരുന്നു.

പ്രാദേശിക ഉത്പാദനത്തിലെ കുറവ് പരിഹരിക്കാന്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങാമെന്ന് വെച്ചാല്‍ ദേശീയ ഗ്രിഡിലും കടുത്ത ക്ഷാമമായതിനാല്‍ ഉയര്‍ന്ന തുക നല്‍കിയാലും വൈദ്യുതി കിട്ടാത്ത അവസ്ഥയായി. സെപ്റ്റംബര്‍ 16-ന് വെറും 3.5 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ് കേരളത്തിന് പുറത്തുനിന്ന് വാങ്ങാന്‍ സാധിച്ചത്. ഈ സ്ഥിതി തുടര്‍ന്നാല്‍ വരും മാസങ്ങളില്‍ കേരളം പൂര്‍ണ്ണമായും ഇരുട്ടിലാകുമെന്ന കാര്യത്തില്‍ സംശയമില്ല.

ഈ ഗുരുതര സാഹചര്യത്തില്‍, സംസ്ഥാനത്തിന് മുന്നിലുള്ള ഏറ്റവും പ്രായോഗികവും അടിയന്തിരവുമായ പരിഹാരമാര്‍ഗ്ഗം നിര്‍ജ്ജീവമായി കിടക്കുന്ന കായംകുളം താപവൈദ്യുത നിലയത്തെ (ആര്‍.ജി.സി.സി.പി.പി) പുനരുജ്ജീവിപ്പിക്കുക എന്നതാണ്. നാഫ്ത അധിഷ്ഠിതമായി പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ ഉത്പാദനച്ചെലവ് കൂടുതലായതിനെ തുടര്‍ന്നാണ് എന്‍.ടി.പി.സി.യുടെ ഉടമസ്ഥതയിലുള്ള ഈ നിലയത്തില്‍ നിന്നുള്ള വൈദ്യുതി വാങ്ങല്‍ കേരളം നിര്‍ത്തിവെച്ചത്.

എന്നാല്‍ മാറുന്ന കാലഘട്ടത്തിന് അനുയോജ്യമായി കായംകുളം നിലയത്തെ എല്‍.എന്‍.ജി (ദ്രവീകൃത പ്രകൃതിവാതകം) ഇന്ധനമാക്കുന്ന പദ്ധതിയിലേക്ക് പരിവര്‍ത്തനം ചെയ്തത് ഉപയോഗിക്കേണ്ട സാഹചര്യമാണ്. നാഫ്തയെ അപേക്ഷിച്ച് എല്‍.എന്‍.ജി പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമാണ്. സംസ്ഥാനത്ത് കൊച്ചിയില്‍ എല്‍.എന്‍.ജി ടെര്‍മിനലും പൈപ്പ് ലൈന്‍ ശൃംഖലയും സജ്ജമായിരിക്കെ കായംകുളത്തേക്ക് ആവശ്യമായ പ്രകൃതിവാതക ലഭ്യത ഉറപ്പാക്കാന്‍ വലിയ തടസ്സങ്ങളില്ല.

കായംകുളം നിലയം എല്‍.എന്‍.ജിയിലേക്ക് മാറ്റുന്നതിലൂടെ പ്രതിസന്ധി ഘട്ടങ്ങളില്‍ പെട്ടെന്ന് ഉത്പാദനം കൂട്ടി ഗ്രിഡിനെ സുരക്ഷിതമാക്കാന്‍ കേരളത്തിന് സാധിക്കും. പുറം സംസ്ഥാനങ്ങളില്‍ നിന്ന് വന്‍ തുക നല്‍കി വൈദ്യുതി വാങ്ങുന്നതിനേക്കാളും, പുറത്തുനിന്നുള്ള വൈദ്യുതി ലൈനുകളിലെ തടസ്സം മൂലം ഇരുട്ടിലാകുന്നതിനേക്കാളും സുരക്ഷിതവും നിശ്ചിതവുമായ ഉത്പാദനം സ്വന്തം മണ്ണില്‍ ഉറപ്പാക്കാന്‍ ഈ പ്ലാന്റിന് കഴിയും.

പ്രകൃതിയുടെ കനിവ് കാത്തിരുന്ന് ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തുന്ന പരമ്പരാഗത സമീപനം ഇനി തുടരാനാകില്ല. മഴ കുറയുന്ന ഓരോ വേനലിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ദുരവസ്ഥയ്ക്ക് വിരാമമിടാന്‍ കായംകുളം പദ്ധതിയുടെ നവീകരണവും എല്‍.എന്‍.ജി ഇന്ധനലഭ്യതയും അടിയന്തരമായി പൂര്‍ത്തിയാക്കുക തന്നെ വേണം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4