breaking news New

വ്യാജ ഇ.ഡി നോട്ടീസുമായി കോടികളുടെ തട്ടിപ്പ് ശ്രമം ; കേരള പ്രവാസി അസോസിയേഷൻ ചെയർമാൻ രാജേന്ദ്രൻ അറസ്റ്റിൽ

കൊച്ചി : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പേരും ഔദ്യോഗിക സംവിധാനങ്ങളും ദുരുപയോഗം ചെയ്ത് കോടികൾ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ കേരള പ്രവാസി അസോസിയേഷൻ ചെയർമാൻ രാജേന്ദ്രൻ (54) അറസ്റ്റിലായി. എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കുന്നുവെന്ന് വിശ്വസിപ്പിച്ച് ഒരു സഹകരണ സൊസൈറ്റിക്ക് ഇ.ഡിയുടെ പേരിൽ വ്യാജ നോട്ടീസ് അയച്ചായിരുന്നു തട്ടിപ്പിന് തുടക്കമിട്ടത്. തുടർന്ന് കേസ് ഒത്തുതീർപ്പാക്കാമെന്ന് വാഗ്ദാനം ചെയ്ത് സൊസൈറ്റി ഭാരവാഹികളിൽനിന്ന് അഞ്ച് കോടി രൂപയും മറ്റ് കമ്പനികളിൽ വൻതുക നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടതായാണ് പരാതി.

കഴിഞ്ഞ ഒക്ടോബർ 13-നാണ് ഐസിസിഎസ്എൽ സിഇഒയ്ക്ക് ഇ.ഡി ഡൽഹി ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടർ അരവിന്ദ് കുമാറിന്റെ പേരിൽ തപാൽ വഴി കത്ത് ലഭിച്ചത്. സൊസൈറ്റിയുടെ കഴിഞ്ഞ അഞ്ച് വർഷത്തെ സാമ്പത്തിക ഇടപാടുകളുടെയും ഓഡിറ്റ് രേഖകളുടെയും വിവരങ്ങൾ സമർപ്പിക്കണമെന്നായിരുന്നു നിർദേശം.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (പി.എം.എൽ.എ) പേരിൽ തയ്യാറാക്കിയ കത്തിൽ ഇ.ഡിയുടെ ഔദ്യോഗിക മുദ്രയും ഉദ്യോഗസ്ഥരുടെ പേരും ഒപ്പും രണ്ട് മൊബൈൽ നമ്പറുകളും ഉൾപ്പെടുത്തിയിരുന്നു. യഥാർഥ ഔദ്യോഗിക അറിയിപ്പാണെന്ന് തെറ്റിദ്ധരിക്കുന്ന തരത്തിലായിരുന്നു വ്യാജരേഖയുടെ രൂപകൽപ്പന.

ഇതിനിടെ, കേസ് പരിഹരിച്ചുനൽകാമെന്ന വാഗ്ദാനവുമായി സൊസൈറ്റിയിലേക്ക് ഫോൺവിളിയെത്തി. ഇതോടെ സംശയം തോന്നിയ അധികൃതർ ഡൽഹിയിലെ ഇ.ഡി ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ട് നോട്ടീസിന്റെ ആധികാരികത പരിശോധിച്ചു. തുടർന്നാണ് കത്ത് വ്യാജമാണെന്ന് സ്ഥിരീകരിച്ചത്.

തുടർന്ന് അങ്കമാലി പൊലീസ് സ്റ്റേഷനിലും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകി. പിന്നീട് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി സൊസൈറ്റി ചെയർമാനെ ബന്ധപ്പെട്ട പ്രതികൾ ചർച്ചയ്ക്കെന്ന വ്യാജേന നെടുമ്പാശേരിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. അവിടെവെച്ച് ചെയർമാനെ ഒറ്റയ്ക്ക് മുറിയിലേക്ക് കൊണ്ടുപോയി രാജേന്ദ്രൻ സംസാരിച്ചെന്നാണ് പരാതി.

സൊസൈറ്റിയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ അഞ്ചോ ആറോ പേജുള്ള രേഖകളും ഇയാൾ കാണിച്ചതായി പരാതിയിൽ പറയുന്നു. ഇ.ഡി നടപടികൾ ഒഴിവാക്കുന്നതിനായി ആദ്യം അഞ്ച് കോടി രൂപ നൽകണമെന്നും പിന്നീട് തന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ–ഐടി സ്ഥാപനങ്ങളിലും മറ്റ് രണ്ട് കമ്പനികളിലും വൻതുക നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. ട്രസ്റ്റിന്റെ ഫണ്ടിലേക്ക് വലിയൊരു തുകയും ആവശ്യപ്പെട്ടതായാണ് പരാതി.

ഇ.ഡിയുടെ പേരിൽ തയ്യാറാക്കിയ വ്യാജ നോട്ടീസ് രാജേന്ദ്രൻ സ്വന്തം മൊബൈൽ ഫോണിൽ കാണിച്ചതായും സൊസൈറ്റി അധികൃതർ മൊഴി നൽകിയിട്ടുണ്ട്. ഇതോടെയാണ് തട്ടിപ്പിന് പിന്നിൽ ഇയാളാണെന്ന സംശയം ബലപ്പെട്ടത്. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

അതേസമയം, സംഭവത്തിന് പിന്നിൽ രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന വലിയൊരു തട്ടിപ്പ് ശൃംഖലയുണ്ടോയെന്ന കാര്യത്തിലും അന്വേഷണം വ്യാപിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. രാഷ്ട്രീയ രംഗത്തെ പ്രമുഖരുമായുള്ള രാജേന്ദ്രന്റെ ബന്ധങ്ങളും ഇയാളുടെ മറ്റ് സാമ്പത്തിക ഇടപാടുകളും അന്വേഷണപരിധിയിലുണ്ടാകുമെന്നാണ് സൂചന.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4