breaking news New

സൈബർ തട്ടിപ്പുകൾക്ക് തടയിടാൻ കേരള പോലീസിന്റെ 'സൈബർ വാൾ' ; എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുതിയ സുരക്ഷാ സംവിധാനം

തിരുവനന്തപുരം :
ഡിജിറ്റല്‍ ലോകത്തെ സംശയാസ്പദമായ ലിങ്കുകള്‍, വെബ്സൈറ്റുകള്‍, എസ്എംഎസുകള്‍, ഫോണ്‍ നമ്പറുകള്‍, ഐപി വിലാസങ്ങള്‍ എന്നിവയുടെ നിജസ്ഥിതി മനസ്സിലാക്കാനും വ്യാജ തട്ടിപ്പുകള്‍ തിരിച്ചറിഞ്ഞ് ജാഗ്രത പാലിക്കാനും സൈബര്‍ വാള്‍ സഹായിക്കും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം വാട്സാപ്പ് ചാറ്റ് ബോട്ട് അധിഷ്ഠിതമായാണ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. സുരക്ഷിതമായ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നതിനും സാമ്പത്തിക നഷ്ടങ്ങള്‍ ഒഴിവാക്കുന്നതിനും ആവശ്യമായ മുന്‍കരുതലുകള്‍ അപ്പപ്പോള്‍ സ്വീകരിക്കാന്‍ ഈ സംവിധാനം വഴി സാധിക്കും.

നമ്മിലേക്ക് എത്തുന്ന സംശയാസ്പദമായ സന്ദേശങ്ങളോ വെബ്സൈറ്റ് ലിങ്കുകളോ സൈബര്‍ വാളിന്റെ വാട്സാപ്പ് നമ്പറിലേക്ക് അയച്ചുനല്‍കിയാല്‍ അവ സുരക്ഷിതമാണോ എന്ന് എഐ വഴി പരിശോധിച്ച് വിവരങ്ങള്‍ നല്‍കും. സൈബര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള സംശയങ്ങള്‍ ഉടലെടുക്കുന്ന സാഹചര്യങ്ങളില്‍ 9497964163 എന്ന സൈബര്‍ വാള്‍ വാട്സാപ്പ് നമ്പറിലൂടെ ഏവര്‍ക്കും അടിയന്തര സഹായവും വിവരങ്ങളും തേടാവുന്നതാണ്.

അപരിചിതമായ സന്ദേശങ്ങളിലോ ആകര്‍ഷകമായ സാമ്പത്തിക ഓഫറുകളിലോ അടങ്ങിയിരിക്കുന്ന ലിങ്കുകളില്‍ യാതൊരു കാരണവശാലും ക്ലിക്ക് ചെയ്യരുതെന്ന് പോലീസ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നു. നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ തട്ടിപ്പ് രീതികള്‍ അതിവേഗത്തില്‍ വിശകലനം ചെയ്ത് ഉപയോക്താവിന് മുന്നറിയിപ്പ് നല്‍കാന്‍ ചാറ്റ് ബോട്ടിന് സാധിക്കും.

ഒടിപി (OTP), ബാങ്ക് എടിഎം പിന്‍ (PIN), പാസ്വേഡുകള്‍ തുടങ്ങിയ അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ ഒരു കാരണവശാലും മറ്റാരുമായും പങ്കുവെക്കരുത്. ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേനയോ പോലീസെന്ന വ്യാജേനയോ വരുന്ന ഫോണ്‍ കോളുകളിലോ സന്ദേശങ്ങളിലോ വീഴരുതെന്നും ഇത്തരം രഹസ്യവിവരങ്ങള്‍ ആരും തന്നെ ചോദിക്കില്ലെന്നും പൊതുജനങ്ങള്‍ ഓര്‍ക്കണമെന്ന് പോലീസ് വ്യക്തമാക്കുന്നു.

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പില്‍ അകപ്പെടുകയോ പണം നഷ്ടപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ ആദ്യ മണിക്കൂറുകളില്‍ തന്നെ വിവരം അറിയിക്കുന്നത് തുക തിരികെ പിടിക്കാന്‍ സഹായിക്കും. ഇതിനായി 1930 എന്ന സൗജന്യ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ അടിയന്തരമായി ബന്ധപ്പെടേണ്ടതാണ്.

കൂടാതെ, കേന്ദ്ര സര്‍ക്കാരിന്റെ www.cybercrime.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയും തട്ടിപ്പുകള്‍ക്കെതിരെ പരാതി നല്‍കാന്‍ സാധിക്കും. വ്യാജ പാര്‍ട്ട് ടൈം ജോലി വാഗ്ദാനങ്ങള്‍, ഡിജിറ്റല്‍ അറസ്റ്റ്, വ്യാജ ലോണ്‍ ആപ്പുകള്‍ എന്നിവ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പോലീസിന്റെ സൈബര്‍ വാള്‍ സംവിധാനം ഡിജിറ്റല്‍ സുരക്ഷയ്ക്ക് വലിയൊരു തുണയായി മാറും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4