breaking news New

കൊച്ചിയിലെ സ്വകാര്യബസുകളുടെ അശ്രദ്ധമായ ഡ്രൈവിംഗിനും തുടർച്ചയായ അപകടങ്ങൾക്കും എതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി

കൊച്ചി : കാക്കനാട് സ്വകാര്യ ബസ് ഇടിച്ച് ഇൻഫോപാർക്ക് ജീവനക്കാരി അക്ഷര മരിച്ച സംഭവത്തിലാണ് കോടതിയുടെ കടുത്ത ഇടപെടൽ. റോഡിലൂടെ യാത്ര ചെയ്യുന്ന സാധാരണക്കാർക്ക് സുരക്ഷിതമായി വീടുകളിൽ തിരിച്ചെത്താമെന്നതിന് എന്ത് ഉറപ്പാണുള്ളതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.

അപകടത്തിന്റെ ദൃശ്യങ്ങൾ കണ്ട് നിൽക്കാൻ പോലും കഴിയുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, ഡ്രൈവർമാർ റോഡിന്റെ ഉടമമാർ അല്ലെന്നും, മറിച്ച് ‘കാലന്മാരായാണ്’ പെരുമാറുന്നതെന്നും കുറ്റപ്പെടുത്തി. പല ഡ്രൈവർമാരും ഫോണിൽ സംസാരിച്ചുകൊണ്ടാണ് വണ്ടിയോടിക്കുന്നത്. അപകടമുണ്ടാക്കിയാൽ ഇനി ഒരിക്കലും വാഹനം ഓടിക്കാൻ കഴിയില്ല എന്ന ഭയം ഡ്രൈവർമാർക്ക് ഉണ്ടാകണമെന്ന് കോടതി ഓർമ്മിപ്പിച്ചു.

ക്രിമിനൽ പശ്ചാത്തലമുള്ളവരെ ജോലിക്കുവെക്കുന്ന ബസ് ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, കാക്കനാട് അപകടമുണ്ടാക്കിയ ഡ്രൈവർക്കെതിരെ എത്ര കേസുകൾ നിലവിലുണ്ടെന്നും കോടതി ആരാഞ്ഞു. മരിച്ച അക്ഷരയുടെ കുടുംബത്തോട് കോടതി പരസ്യമായി മാപ്പ് ചോദിക്കുകയും ചെയ്തു.

വിഷയത്തിൽ പൊലീസ് അടിയന്തരമായി കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ ജനങ്ങൾ തന്നെ ഇതിനെതിരെ ശബ്ദമുയർത്തേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

നഗരത്തിൽ കാൽനടയാത്രക്കാർക്കായി നടപ്പാതകൾ ഒരുക്കാത്ത കൊച്ചി കോർപ്പറേഷനെതിരെയും കോടതി ആഞ്ഞടിച്ചു. എത്രയും പെട്ടെന്ന് നടപ്പാതകൾ നിർമ്മിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കോർപ്പറേഷൻ സെക്രട്ടറിയെ നേരിട്ട് വിളിച്ചുവരുത്തുമെന്നും കോടതി കർശന നിർദ്ദേശം നൽകി.

കൊച്ചി പഴയ കൊച്ചിയല്ലെന്നും വാഹനങ്ങളുടെ എണ്ണം അനന്തമായി വർദ്ധിച്ചുവെന്നും അധികൃതർ ഓർക്കണമെന്ന് കോടതി ചൂണ്ടിക്കാണിച്ചു. നിരത്തുകളിലെ നിരീക്ഷണ ക്യാമറകൾ പ്രവർത്തനരഹിതമാണോ എന്നും കോടതി സംശയം പ്രകടിപ്പിച്ചു.

ബസുകളുടെ അപകടകരമായ ഡ്രൈവിംഗ് രീതികളും സമയക്രമത്തിലെ അപാകതകളും ഗൗരവമായി പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4