breaking news New

മണ്ഡല-മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം, നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് എസി ബസ് സർവീസുകൾ ആരംഭിക്കാൻ കെഎസ്ആർടിസി

വിമാനമാർഗം കേരളത്തിലെത്തുന്ന ശബരിമല തീർഥാടകർക്ക് യാത്ര കൂടുതൽ സൗകര്യപ്രദമാക്കുകയാണ് ലക്ഷ്യം. കെഎസ്ആർടിസി അധികൃതരും വിമാനത്താവള അതോറിറ്റി പ്രതിനിധികളും നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നടന്ന വെറ്റ് ലീസ് ബസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ മന്ത്രി സി.പി. ജോൺ പുതിയ സർവീസുകൾ പ്രഖ്യാപിച്ചു.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാത്രി 9.30ന് ബസ് പമ്പയിലേക്ക് പുറപ്പെടും. പമ്പയിൽ നിന്ന് വൈകിട്ട് ഏഴിന് തിരികെ പുറപ്പെട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രീതിയിലാണ് മടക്ക സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാത്രി 8.30നാണ് പമ്പയിലേക്കുള്ള ബസ് സർവീസ് ആരംഭിക്കുക. പമ്പയിൽ നിന്ന് വൈകിട്ട് ഏഴിന് പുറപ്പെടുന്ന ബസ് തിരികെ വിമാനത്താവളത്തിലെത്തും.

വിവിധ വിമാനങ്ങളിൽ എത്തുന്ന തീർഥാടകർക്ക് യാത്രയ്ക്കായി കാത്തിരിക്കാനും വിശ്രമിക്കാനും രണ്ട് വിമാനത്താവളങ്ങളിലും പ്രത്യേക സൗകര്യങ്ങൾ ഒരുക്കും. തീർഥാടകർക്ക് വിശ്രമിക്കാനും വിരിവയ്ക്കാനുമുള്ള സംവിധാനങ്ങളും സജ്ജമാക്കും. വിവിധ വിമാനങ്ങളിൽ എത്തുന്ന ഭക്തർക്ക് ഒരുമിച്ച് യാത്ര ചെയ്യാൻ കാത്തിരിപ്പ് സൗകര്യവും ഒരുക്കാനാണ് തീരുമാനം.

കെഎസ്ആർടിസിയുടെ ഔദ്യോഗിക ബുക്കിങ് വെബ്സൈറ്റ് വഴിയും വിമാന ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റുകൾ വഴിയും ബസ് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന വെബ്സൈറ്റുകളിൽ കെഎസ്ആർടിസി ബസ് ടിക്കറ്റ് ബുക്കിങ്ങിനുള്ള ലിങ്കും ലഭ്യമാക്കും.

തീർഥാടന സംഘങ്ങൾക്ക് ഗ്രൂപ്പായി ചാർട്ടേഡ് ബസുകൾ ബുക്ക് ചെയ്യാനും സൗകര്യമുണ്ടാകും. വിമാനമാർഗം കേരളത്തിലെത്തുന്ന ശബരിമല തീർഥാടകർക്ക് പമ്പയിലേക്ക് നേരിട്ട് യാത്ര ചെയ്യാനുള്ള സൗകര്യം പുതിയ സർവീസുകളിലൂടെ ലഭ്യമാകും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4