breaking news New

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോർഡ് നിലയിലേക്ക് ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് കെഎസ്ഇബി

എയർ കണ്ടീഷണറുകളുടെ താപനില 25 ഡിഗ്രി സെൽഷ്യസിന് മുകളിൽ ക്രമീകരിക്കണമെന്നും സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നും കെഎസ്ഇബി നിർദേശിച്ചു.

പമ്പിങ് ഉൾപ്പെടെയുള്ള വൈദ്യുതി കൂടുതൽ ആവശ്യമായ പ്രവർത്തനങ്ങൾ പകൽ സമയത്തേക്ക് മാറ്റാനാണ് നിർദേശം. തുടർച്ചയായി വൈദ്യുതി ആവശ്യമുള്ള സ്ഥാപനങ്ങൾ പരമാവധി പകൽ സമയത്ത് മാത്രം പ്രവർത്തിക്കുന്ന രീതിയിൽ ക്രമീകരണം നടത്തണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു.

ഒരു യൂണിറ്റിന് 11 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നതിനുള്ള കരാർ നിലവിലുണ്ടെങ്കിലും വൈദ്യുതി ഉപയോഗത്തിലെ നിയന്ത്രണങ്ങൾ തുടരാനാണ് തീരുമാനം. വർധിച്ചുവരുന്ന ആവശ്യകതയും ദേശീയ തലത്തിലെ വൈദ്യുതി ലഭ്യതയിലെ കുറവും കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നത്.

ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം നിലവിൽ ദേശീയ തലത്തിൽ ഏകദേശം 12,000 മെഗാവാട്ടിന്റെ വൈദ്യുതി കുറവുണ്ട്. രാജ്യത്തെ വൈദ്യുതി ആവശ്യകതയിൽ 5,000 മെഗാവാട്ട് വരെ വർധനയുണ്ടാകാനും കാറ്റിൽ നിന്നുള്ള വൈദ്യുതി ഉൽപ്പാദനത്തിൽ 5,000 മെഗാവാട്ട് വരെ കുറവുണ്ടാകാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

ഇത്തരം സാഹചര്യം ഉണ്ടായാൽ കേരളം അധിക വൈദ്യുതി വാങ്ങാൻ ശ്രമിച്ചാലും നിലവിലെ വൈദ്യുതി പ്രതിസന്ധി കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. അതിനാൽ വൈദ്യുതി ഉപയോഗം പരമാവധി നിയന്ത്രിച്ച് പ്രതിസന്ധി മറികടക്കാനുള്ള നടപടികൾ തുടരാനാണ് തീരുമാനം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4