തിരുവനന്തപുരം : കിഫ്ബിയും മുൻ എൽഡിഎഫ് സർക്കാരും കേരളത്തിന് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ചെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി തകർത്ത ശേഷമാണ് മുൻ സർക്കാർ അധികാരമൊഴിഞ്ഞതെന്നും നികുതി വർധിപ്പിക്കാതെ തന്നെ ഖജനാവിന്റെ വരുമാനം വർധിപ്പിക്കാൻ യുഡിഎഫ് സർക്കാരിന് കഴിഞ്ഞെന്നും അദ്ദേഹം അവകാശപ്പെട്ടു.
കിഫ്ബി സൃഷ്ടിച്ച സാമ്പത്തിക ബാധ്യതകൾക്ക് കൃത്യമായ കണക്കുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. മുൻ സർക്കാരിന്റെ കാലത്ത് ഉത്തരവാദിത്തം ഏറ്റെടുക്കാത്ത സമീപനമായിരുന്നു ഉണ്ടായിരുന്നത്. 'ഞാനൊന്നും അറിഞ്ഞില്ലേ നാരായണ' എന്ന നിലപാടാണ് അന്നത്തെ ഭരണനേതൃത്വം സ്വീകരിച്ചതെന്നും അദ്ദേഹം പരിഹസിച്ചു.
സ്തുതിപാഠകരെ തനിക്ക് ഭയമാണെന്നും പൂമ്പാറ്റ പൂവിൽനിന്ന് തേൻ കുടിക്കുന്നതുപോലെ ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ നികുതി പിരിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
കണ്ണൂരിൽ ആയിരം ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള കിഫ്ബിയുടെ നീക്കം റിയൽ എസ്റ്റേറ്റ് ഇടപാടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. വിഴിഞ്ഞത്ത് എന്തുകൊണ്ട് ഭൂമി വാങ്ങിയില്ലെന്ന ചോദ്യവും മുഖ്യമന്ത്രി ഉയർത്തി.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തിരുവാതിരയും സ്തുതിഗീതങ്ങളും 'കാരണഭൂതൻ' വിശേഷണവും മാത്രമായിരുന്നു പ്രധാനമെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, സർക്കാർ ജീവനക്കാരുടെ വിവിധ ആവശ്യങ്ങളിൽ അനുഭാവപൂർവമായ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. മെഡിസെപ്, ലീവ് സറണ്ടർ, ശമ്പള പരിഷ്കരണം തുടങ്ങിയ വിഷയങ്ങൾ പരിഗണിക്കും. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഒപ്പമുണ്ടാകുമെന്നും സെക്രട്ടേറിയറ്റ് ആധുനികവൽക്കരിച്ച് രാജ്യത്തെ മികച്ച ഭരണസ്ഥാപനങ്ങളിലൊന്നാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയെക്കുറിച്ച് സംസാരിക്കവെ, ഒക്ടോബറിലെ ജിഎസ്ടി വളർച്ച 28 ശതമാനമായിരുന്നുവെന്നും കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വളർച്ച മൈനസ് രണ്ടായിരുന്നുവെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
കിഫ്ബിയുടെ സാമ്പത്തിക ബാധ്യതകളും മുൻ സർക്കാരിന്റെ ധനകാര്യ നയങ്ങളും വീണ്ടും രാഷ്ട്രീയ പോരാട്ടത്തിന്റെ കേന്ദ്രമാകുകയാണ്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
കിഫ്ബി സംസ്ഥാനത്തിന് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കി ; മുൻ എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ
Advertisement
Advertisement
Advertisement