കൊച്ചി: സംസ്ഥാനത്തെ റോഡപകടങ്ങളും അപകടമരണങ്ങളും പകുതിയായി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന സമഗ്ര റോഡ് സുരക്ഷാ പദ്ധതിയായ ‘ജീവസുയാത്ര’ മിഷന് നാളെ തുടക്കമാകും.
നവംബർ 15ന് രാവിലെ 11.30ന് എറണാകുളം ടൗൺ ഹാളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ഗതാഗത മന്ത്രി സി.പി. ജോൺ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും. പദ്ധതിയുടെ ടീസർ അദ്ദേഹം പ്രകാശനം ചെയ്യും. ജീവസുയാത്ര മിഷന്റെ ബ്രാൻഡ് അംബാസഡറായ നടൻ മമ്മൂട്ടി ലോഗോ പ്രകാശനം നിർവഹിക്കും.
മന്ത്രിമാരായ അനൂപ് ജേക്കബ്, റോജി എം. ജോൺ, വി.ഇ. അബ്ദുൾ ഗഫൂർ, ഹൈബി ഈഡൻ എംപി, ടി.ജെ. വിനോദ് എംഎൽഎ, കൊച്ചി മേയർ വി.കെ. മിനിമോൾ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ജില്ലാ ഭരണകൂടത്തിലെയും ഗതാഗത-പോലീസ് വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരാകും.
2030ഓടെ റോഡപകട മരണങ്ങളും പരിക്കുകളും 50 ശതമാനം കുറയ്ക്കുകയെന്ന ആഗോള ലക്ഷ്യത്തിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാർ ഈ ദൗത്യം ആവിഷ്കരിച്ചിരിക്കുന്നത്.
അഞ്ച് പ്രധാന മേഖലകളെ കേന്ദ്രീകരിച്ചാണ് മിഷന്റെ പ്രവർത്തനം. സുരക്ഷിത നിരത്തുകൾ, സുരക്ഷിത പെരുമാറ്റം, അപകടാനന്തര അടിയന്തര പ്രതികരണം, സുരക്ഷിത വേഗത, സുരക്ഷിത വാഹനങ്ങൾ എന്നിവയാണ് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യങ്ങൾ.
സ്കൂളുകളിലും കോളേജുകളിലും റോഡ് സുരക്ഷാ ബോധവത്കരണം ശക്തമാക്കുന്നതിനൊപ്പം അപകടസാധ്യതയുള്ള മേഖലകളിൽ ആധുനിക എൻജിനീയറിങ് പരിഹാരങ്ങളും നടപ്പാക്കും. നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ഗതാഗത നിയമപാലനം കാര്യക്ഷമമാക്കാനും പദ്ധതിയുണ്ട്.
കുടുംബശ്രീ, തദ്ദേശസ്ഥാപനങ്ങൾ, വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവരുടെ സജീവ പങ്കാളിത്തവും ഉറപ്പാക്കും. റോഡുകളിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം കുറയ്ക്കുന്നതിനൊപ്പം സുരക്ഷിത യാത്രാ സംസ്കാരം വളർത്തിയെടുക്കുകയെന്ന വലിയ ലക്ഷ്യത്തോടെയാണ് ജീവസുയാത്ര മിഷൻ രംഗത്തെത്തുന്നത്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
റോഡപകടങ്ങളും മരണങ്ങളും 50% കുറയ്ക്കാൻ ‘ജീവസുയാത്ര’ ; സംസ്ഥാനതല ഉദ്ഘാടനം നാളെ ; മമ്മൂട്ടി ബ്രാൻഡ് അംബാസഡർ
Advertisement
Advertisement
Advertisement