breaking news New

ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഭരണ മികവിലേക്ക് ഉയരുന്നുണ്ടോ പുതിയ സർക്കാർ ? പറയേണ്ടത് ജനങ്ങളാണ് : പുനർവിചിന്തനം അനിവാര്യമോ ; ജനവികാരം തിരിച്ചറിയാൻ ഭരണകൂടം തയ്യാറാകുമോ ? ചാൾസ് ചാമത്തിൽ

പത്തനംതിട്ട: പുതിയ സർക്കാർ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നുണ്ടോ എന്ന കാര്യത്തിൽ ഗൗരവമായ പുനർവിചിന്തനം അനിവാര്യമാണെന്ന് സി-മീഡിയ ചീഫ് എഡിറ്റർ ചാൾസ് ചാമത്തിൽ.

കഴിഞ്ഞ പത്തുവർഷത്തെ പിണറായി വിജയൻ സർക്കാരിന്റെ ഭരണത്തിന് ജനങ്ങൾ നൽകിയ വിലയിരുത്തലിന്റെ പ്രതിഫലനമാണ് പുതിയ സർക്കാരിന്റെ ഭൂരിപക്ഷമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനാധിപത്യ മൂല്യങ്ങൾക്ക് വേണ്ടത്ര പരിഗണന നൽകാതെയുള്ള ഭരണരീതിക്ക് കൈയടി നൽകിയത് അധികാരശ്രേണിയുമായി ബന്ധപ്പെട്ട ചെറിയൊരു വിഭാഗം മാത്രമായിരുന്നുവെന്ന് ചാൾസ് ചാമത്തിൽ അഭിപ്രായപ്പെട്ടു. ഒരു ന്യൂനപക്ഷത്തിന്റെ വാക്കുകൾ മാത്രം കേട്ട് ഭരണം മുന്നോട്ടുകൊണ്ടുപോയപ്പോൾ ജനാധിപത്യപരമായി പ്രതിഷേധിച്ചവരെപ്പോലും അധികാരത്തിന്റെ ശക്തി ഉപയോഗിച്ച് നേരിട്ടു.

അത്തരം നടപടികൾക്ക് 'രക്ഷാപ്രവർത്തനം' എന്ന പേരുനൽകാൻ ഭരണപക്ഷ അനുയായികൾ തയ്യാറായതും ജനങ്ങൾ നിരീക്ഷിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അന്നുതന്നെ ജനങ്ങൾ മനസ്സിൽ കുറിച്ചുവെച്ച മറുപടിയാണ് തിരഞ്ഞെടുപ്പിൽ പ്രകടമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പത്തനംതിട്ടയിൽ രാഷ്ട്രീയ മാറ്റത്തിന്റെ വ്യക്തമായ സൂചന
_____________________________

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിലെ മുഴുവൻ സീറ്റുകളും എൽഡിഎഫ് നേടിയിരുന്നു. എന്നാൽ 2026-ലെ തിരഞ്ഞെടുപ്പായപ്പോഴേക്കും ജനങ്ങളുടെ മനസ്സിലെ പഴയ രാഷ്ട്രീയ പ്രതിച്ഛായകൾ തകർന്നുവെന്നും ജില്ലയിലെ മുഴുവൻ സീറ്റുകളും യുഡിഎഫ് നേടുന്ന സാഹചര്യമുണ്ടായെന്നും ചാൾസ് ചാമത്തിൽ ചൂണ്ടിക്കാട്ടി.

ആരോഗ്യമന്ത്രിയെ ആക്രമിച്ചുവെന്ന പേരിൽ നടത്തിയ പ്രചാരണങ്ങളുൾപ്പെടെ വിവിധ രാഷ്ട്രീയ വിവാദങ്ങളുടെ യാഥാർഥ്യം ജനങ്ങൾ തിരിച്ചറിഞ്ഞതോടെയാണ് രാഷ്ട്രീയ സാഹചര്യത്തിൽ മാറ്റമുണ്ടായതെന്നും അദ്ദേഹം വിലയിരുത്തി.

വൈദ്യുതി നിരക്ക് വർധന : പഴയ സർക്കാരിന്റെ വഴിയേ പുതിയ സർക്കാരും ?
________________________________

മുൻ സർക്കാരിന്റെ കാലത്ത് വൈദ്യുതി വകുപ്പിൽ നടപ്പാക്കിയ നയങ്ങളെയും ചാൾസ് ചാമത്തിൽ രൂക്ഷമായി വിമർശിച്ചു. കെഎസ്ഇബിയിലെ ജീവനക്കാർക്ക് ഉയർന്ന ശമ്പളം ലഭിക്കുന്ന സാഹചര്യത്തിലും വീണ്ടും ശമ്പളവർധന ആവശ്യപ്പെട്ട് വൈദ്യുതി നിരക്ക് കൂട്ടാനുള്ള നീക്കമുണ്ടായതും അതിന് റെഗുലേറ്ററി കമ്മീഷൻ തടയിട്ടതും ജനങ്ങൾ മറന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള കെഎസ്ഇബി ജീവനക്കാർക്ക് പോലും 1.35 ലക്ഷം രൂപയ്ക്ക് മുകളിൽ ശമ്പളം ലഭിക്കുന്ന സാഹചര്യമുണ്ടെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. ഇത്തരം ചെലവുകൾ നിയന്ത്രിക്കുന്നതിന് പകരം വീണ്ടും വൈദ്യുതി നിരക്ക് വർധിപ്പിക്കണമെന്ന നിലപാടുമായി പുതിയ സർക്കാരും മുന്നോട്ടുവരുന്നത് ജനങ്ങൾക്ക് അംഗീകരിക്കാനാകില്ല.

പഴയകാലത്ത് കടത്തുകൂലി ഇരട്ടിയാക്കിയ പിതാവിനെ ന്യായീകരിക്കാൻ മകൻ അതേ കൂലി മൂന്നിരട്ടിയാക്കിയതുപോലെയാണ് പുതിയ സർക്കാരിന്റെ സമീപനത്തെ ജനങ്ങൾ കാണുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

പഞ്ചാബ് മാതൃക കേരളത്തിന് പാഠമാകണം
________________________________

ഒരു യൂണിറ്റ് വൈദ്യുതി പോലും ഉൽപ്പാദിപ്പിക്കാത്ത പഞ്ചാബിൽ 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നൽകുന്ന പദ്ധതിയുണ്ടായിട്ടും അവിടുത്തെ വൈദ്യുതി വകുപ്പ് ലാഭത്തിൽ പ്രവർത്തിക്കുന്നുവെന്ന കാര്യം കേരളം ഗൗരവമായി പഠിക്കേണ്ടതാണെന്ന് ചാൾസ് ചാമത്തിൽ പറഞ്ഞു.

രണ്ടുമാസത്തെ ബില്ലിങ് കാലയളവിൽ 600 യൂണിറ്റ് വരെ ആണ് സൗജന്യമായി നൽകുന്നത്.
കൂടാതെ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം കർഷകർക്കുള്ള വൈദ്യുതി
തികച്ചും സൗജന്യമാണ്.

കേരളത്തിൽ വൈദ്യുതി ഉൽപ്പാദനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ വർഷങ്ങളായി പഠനത്തിന്റെ പേരിൽ ഓരോ കേന്ദ്രത്തിലും അമ്പതോളം ജീവനക്കാർ കാര്യമായ ജോലിയില്ലാതെ ശമ്പളം വാങ്ങുന്ന സാഹചര്യമുണ്ടെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. ഇത്തരം സംവിധാനങ്ങളുടെ പ്രവർത്തനക്ഷമതയും സാമ്പത്തിക ബാധ്യതയും പുതിയ സർക്കാർ പരിശോധിക്കണം.

അയൽസംസ്ഥാനങ്ങളിലെ ഫാക്ടറികൾക്ക് വൈദ്യുതി നൽകുന്നത് കേരളം ; നഷ്ടം ആർക്കാണ്?
______________________________

തമിഴ്നാട്, കർണാടക അതിർത്തികളിൽ പ്രവർത്തിക്കുന്ന ഫാക്ടറികൾക്ക് രാത്രികാല ഷിഫ്റ്റുകളിൽ ആവശ്യമായ വൈദ്യുതി കേരളം നൽകുന്നുവെന്നത് ഗൗരവത്തോടെ പരിശോധിക്കേണ്ട വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതുമായി ബന്ധപ്പെട്ട ക്രമക്കേടുകളുണ്ടെന്ന ആരോപണങ്ങൾ സർക്കാർ അന്വേഷിക്കണം. സർക്കാർ മാറിയിട്ടും ഇത്തരം നടപടികൾ തുടരുന്നുവെന്ന വിമർശനങ്ങൾ ഉയരുമ്പോൾ, പല വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ നയപരമായ വ്യത്യാസമില്ലെന്ന ആരോപണത്തെ എങ്ങനെ തള്ളിക്കളയാനാകുമെന്നും അദ്ദേഹം ചോദിച്ചു.

സർക്കാരിന്റെ ഭരണനേട്ടങ്ങൾക്ക് ലഭിച്ച ശ്രദ്ധേയമായ അംഗീകാരമായിരുന്നു ഓപ്പറേഷൻ തൂഫാൻ. രാജ്യത്തിന്റെ തന്നെ സമ്പത്തായി മാറേണ്ട യുവതലമുറയെ ലഹരിയുടെ പിടിയിലാക്കി സ്വബോധം നഷ്ടപ്പെടുത്തി മരണത്തിലേക്ക് തള്ളിവിടുന്ന മാഫിയാ സംഘങ്ങൾക്ക് വലിയ തിരിച്ചടിയാണ് ഈ ദൗത്യത്തിലൂടെ ഉണ്ടായത്.

ഓപ്പറേഷൻ തൂഫാനെ കേന്ദ്രസർക്കാർ അഭിനന്ദിച്ചതും അതിന്റെ പ്രവർത്തനമികവ് ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടതിന്റെ തെളിവാണ്. ജാതിമത രാഷ്ട്രീയ ചിന്തകൾക്കപ്പുറം ലഹരിമാഫിയക്കെതിരെ ആഞ്ഞടിച്ച തൂഫാൻ സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെയും ഭരണഇച്ഛാശക്തിയുടെയും അടയാളമായി മാറി.

അതേസമയം, അധികാരത്തിലെത്തിയ പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ മാസങ്ങളിലെ പ്രവർത്തനങ്ങളും വികസന മുന്നേറ്റങ്ങളും ശ്രദ്ധേയമാണ്. നൂറുദിന കർമ്മപദ്ധതിയിൽ ലക്ഷ്യമിട്ട 588 പദ്ധതികളിൽ 568 എണ്ണം പൂർത്തീകരിച്ചതും, പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് കുടിശ്ശികയായിരുന്ന 180 കോടി രൂപയുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വിതരണം ചെയ്തതും പ്രധാന നേട്ടങ്ങളാണ്.

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് 510 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമിട്ടതും, ആരോഗ്യസംരക്ഷണം, തൊഴിൽ, നിക്ഷേപം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചതും സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നു.

എന്നാൽ, ഇത്തരം നേട്ടങ്ങൾ കേവലം പ്രഖ്യാപനങ്ങളിലും കണക്കുകളിലും ഒതുങ്ങാതെ സാധാരണക്കാരുടെ ജീവിതത്തിൽ നേരിട്ടുള്ള മാറ്റങ്ങളായി പ്രതിഫലിക്കണം.

ലഹരിമാഫിയക്കെതിരായ പോരാട്ടം, അഴിമതിരഹിത ഭരണം, മികച്ച ആരോഗ്യ-വിദ്യാഭ്യാസ സംവിധാനങ്ങൾ, യുവാക്കൾക്ക് തൊഴിൽ, സ്ത്രീകൾക്കും വയോജനങ്ങൾക്കും സുരക്ഷയും ക്ഷേമവും, ഗ്രാമീണ റോഡുകളുടെയും അടിസ്ഥാനസൗകര്യങ്ങളുടെയും വികസനം എന്നിവയിൽ സർക്കാർ കൂടുതൽ മികവ് തെളിയിക്കേണ്ടതുണ്ട്. ഓപ്പറേഷൻ തൂഫാൻ സൃഷ്ടിച്ച ആത്മവിശ്വാസം ഭരണത്തിന്റെ മറ്റു മേഖലകളിലും ഫലപ്രാപ്തിയോടെ മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞാൽ മാത്രമേ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്ന സർക്കാരായി യുഡിഎഫ് ഭരണത്തെ വിലയിരുത്താനാകൂ.

ജനങ്ങളുടെ പ്രതീക്ഷ തകർക്കരുത്; തെറ്റുകൾ ഉണ്ടെങ്കിൽ അത് തിരുത്താൻ സർക്കാർ തയ്യാറാകണം
____________________________________

ഭരണത്തിൽ മാറ്റം വന്നതുകൊണ്ടുമാത്രം ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല. മുൻ സർക്കാരിന്റെ തെറ്റായ നയങ്ങൾ തിരുത്തുകയും പുതിയ തീരുമാനങ്ങൾ ജനപക്ഷത്തുനിന്ന് വിലയിരുത്തുകയും ചെയ്യുമ്പോഴാണ് യഥാർഥ മാറ്റം സാധ്യമാകുന്നത്.

ജനങ്ങളുടെ നികുതിപ്പണം വിനിയോഗിക്കുന്നതിലും വൈദ്യുതി മേഖലയിലെ സാമ്പത്തിക ബാധ്യതകൾ നിയന്ത്രിക്കുന്നതിലും ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിലും സർക്കാർ കൂടുതൽ ഉത്തരവാദിത്വം കാണിക്കണം.

പുതിയ സർക്കാർ സ്വയം തെറ്റുതിരുത്താൻ തയ്യാറാകാത്ത പക്ഷം ജനങ്ങൾക്ക് വീണ്ടും തിരഞ്ഞെടുപ്പിലൂടെ തിരുത്തേണ്ടിവരും. ജനങ്ങളുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായി മുന്നോട്ടുപോകുന്ന ഏത് ഭരണകൂടത്തിനും ജനാധിപത്യത്തിൽ തിരിച്ചടി നേരിടേണ്ടിവരുമെന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ചാൾസ് ചാമത്തിൽ പ്രസ്താവനയിൽ വ്യക്തമാക്കി.

C-MEDIA EDITORIAL DESK | www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4