കൊച്ചി: ഡിജിപി എസ്. ശ്രീജിത്ത് ഉൾപ്പെട്ട ഡ്രൈവിങ് ലൈസൻസ് കരാർ ക്രമക്കേട് കേസിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ കർശന നിർദേശം. വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഒരാഴ്ച കൂടി സമയം വേണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി. പകരം വരുന്ന ചൊവ്വാഴ്ചയ്ക്കകം കൃത്യമായ വിവരങ്ങൾ ഉൾപ്പെടുത്തിയ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് നിർദേശിച്ചു.
കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ ആവശ്യപ്പെട്ട പൂർണ വിവരങ്ങൾ നൽകാത്തതിന് സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ ഡിജിപി നേരിട്ട് കോടതിയിൽ ഹാജരായി വിശദീകരണം നൽകിയിരുന്നു. റിപ്പോർട്ടുകൾ പൂർണമാണെന്നും ബന്ധപ്പെട്ട രേഖകൾ കൈമാറാൻ ഒരാഴ്ചത്തെ സാവകാശം അനുവദിക്കണമെന്നുമായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ കൂടുതൽ സമയം അനുവദിക്കാനാകില്ലെന്ന് കോടതി നിലപാടെടുത്തു.
ടെൻഡർ നടപടിക്രമങ്ങൾ പാലിക്കാതെ ഐ.ടി.ഐ ലിമിറ്റഡിന് ഏകപക്ഷീയമായി കരാർ നൽകിയെന്നാണ് കേസിലെ പ്രധാന ആരോപണം. സുപ്രീംകോടതിയുടെ സ്റ്റേ ഉത്തരവുകൾ നിലനിൽക്കെ തന്നെ 32.93 കോടിയിലധികം രൂപ പദ്ധതിക്കായി അനുവദിച്ചെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ദിപിൻ എടവന സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ചിന്റെ നിർണായക ഇടപെടൽ. ഹർജിയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് സർക്കാർ നേരത്തെ നൽകിയ മറുപടികൾ അപൂർണമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
സർക്കാരിന്റെ വിശദീകരണവും രേഖകളും ഇനി കോടതി പരിശോധിക്കും. ചൊവ്വാഴ്ച സമർപ്പിക്കേണ്ട സത്യവാങ്മൂലത്തിലെ വിവരങ്ങൾ കേസിന്റെ തുടർനടപടികളിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
ഡിജിപി എസ്. ശ്രീജിത്ത് ഉൾപ്പെട്ട ഡ്രൈവിങ് ലൈസൻസ് കരാർ ക്രമക്കേട് ; സർക്കാരിന്റെ കൂടുതൽ സമയം തേടിയുള്ള ആവശ്യം തള്ളി ഹൈക്കോടതി : ചൊവ്വാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകണം
Advertisement
Advertisement
Advertisement