സിനിമാ പ്രമോഷനുകൾ, സെലിബ്രിറ്റികളുടെ പരിപാടികൾ, വാർത്താസമ്മേളനങ്ങൾ തുടങ്ങി വിവിധ പൊതുപരിപാടികളിൽ ഓൺലൈൻ മാധ്യമപ്രവർത്തകരുടെയും യൂട്യൂബർമാരുടെയും സാന്നിധ്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ, മാധ്യമപ്രവർത്തനത്തിന്റെ പേരിൽ നടക്കുന്ന വ്യാജ പ്രവർത്തനങ്ങൾക്കെതിരെ നിയന്ത്രണം വേണമെന്ന ആവശ്യം ശക്തമാകുന്നു.
വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനും വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ഡിജിറ്റൽ മാധ്യമങ്ങൾ നിർണായക പങ്കുവഹിക്കുന്നുണ്ടെങ്കിലും, ഈ മേഖലയുടെ മറവിൽ ചിലർ നടത്തുന്ന ഭീഷണിപ്പെടുത്തലും അനധികൃത പണപ്പിരിവും ആശങ്കയുണ്ടാക്കുന്നുണ്ട്.
സിനിമാ താരങ്ങളെയും മറ്റ് പ്രമുഖ വ്യക്തികളെയും അഭിമുഖം ചെയ്യുന്നതിനും പരിപാടികൾ റിപ്പോർട്ട് ചെയ്യുന്നതിനുമായി നിരവധി ഓൺലൈൻ മാധ്യമപ്രവർത്തകരും യൂട്യൂബർമാരും രംഗത്തുണ്ട്. എന്നാൽ, മാധ്യമപ്രവർത്തനത്തിന്റെ പേരിൽ വ്യക്തികളെ ഭീഷണിപ്പെടുത്തുകയോ പണം ആവശ്യപ്പെടുകയോ ചെയ്യുന്നവരുടെ നടപടികൾ ഈ മേഖലയ്ക്ക് തന്നെ അവമതിപ്പുണ്ടാക്കുന്നതായാണ് വിലയിരുത്തൽ. ഇത്തരം സംഭവങ്ങളിൽ കുറ്റക്കാരെ തിരിച്ചറിഞ്ഞ് നിയമാനുസൃതമായ നടപടി സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.
ഓൺലൈൻ മാധ്യമപ്രവർത്തനത്തിന് വ്യക്തമായ പ്രവർത്തനമാനദണ്ഡങ്ങൾ രൂപീകരിക്കുക, വാർത്താ റിപ്പോർട്ടിങ്ങിന്റെയും വ്യക്തിഗത ഉള്ളടക്ക നിർമാണത്തിന്റെയും പരിധികൾ വ്യക്തമാക്കുക, മാധ്യമപ്രവർത്തനത്തിന്റെ പേരിൽ ഭീഷണിപ്പെടുത്തി പണം തട്ടുന്നവർക്കെതിരെ നിയമനടപടി ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉയരുന്നത്. അതോടൊപ്പം, മാധ്യമപ്രവർത്തകരുടെ ഉത്തരവാദിത്തവും പൊതുജനങ്ങളോടുള്ള ബാധ്യതയും ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങളും ആവശ്യമാണ്.
എന്നാൽ, നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ മാധ്യമസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണം. വിമർശനാത്മക വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനോ അധികാരികളോട് ചോദ്യങ്ങൾ ചോദിക്കുന്നതിനോ തടസ്സമാകുന്ന രീതിയിലുള്ള നടപടികൾ ഒഴിവാക്കേണ്ടതുണ്ട്.
വ്യാജ മാധ്യമപ്രവർത്തനത്തെയും നിയമവിരുദ്ധ പ്രവർത്തനങ്ങളെയും തടയുന്നതിനൊപ്പം, സത്യസന്ധമായി നിയമാനുസൃതമായി രജിസ്ട്രേഷനോടുകൂടിയും, ഔദ്യോഗിക മാധ്യമ സംഘടനകളിൽ അംഗത്വവുമുള്ള നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമപ്രവർത്തകർക്ക് ( ന്യൂസ് പോർട്ടലുകൾ )
സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഉറപ്പാക്കുകയെന്നതാണ് പ്രധാന വെല്ലുവിളി.
മാധ്യമപ്രവർത്തനത്തിന്റെ മറവിൽ ഭീഷണിയും പണപ്പിരിവും ; ഓൺലൈൻ മാധ്യമങ്ങൾക്കും യൂട്യൂബ് ചാനലുകൾക്കും വ്യക്തമായ മാനദണ്ഡങ്ങൾ വേണമെന്ന ആവശ്യം ശക്തം : മൊബൈലും മൈക്കും ഉണ്ടെങ്കില്‍ മാധ്യമപ്രവര്‍ത്തകനോ ?
Advertisement
Advertisement
Advertisement