breaking news New

കോൺഗ്രസിനുള്ളിലെ അധികാരത്തർക്കവും പദവി വിഭജനത്തിലെ അതൃപ്തിയും നേതൃത്വത്തിന് പുതിയ തലവേദന : ലീഗിനെ മാത്രം പരിഗണിക്കുന്നുവെന്ന് വി.ഡി. സതീശനെതിരെ ആരോപണം ; കോൺഗ്രസിൽ പടയൊരുക്കം ; ബോർഡ്–കോർപറേഷൻ പദവി വിഭജനത്തിൽ പൊട്ടിത്തെറി !

മുസ്‌ലിം ലീഗിന് അമിത പരിഗണന നൽകുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കോൺഗ്രസിൽ ഒരു വിഭാഗം നേതാക്കൾ രംഗത്ത്.

ഭൂരിപക്ഷം എം.എൽ.എമാരുടെ പിന്തുണയില്ലാതിരുന്നിട്ടും സതീശൻ മുഖ്യമന്ത്രിയായത് ലീഗിന്റെ ശക്തമായ നിലപാടുകൊണ്ടാണെന്നും അതിനുള്ള പ്രത്യുപകാരമാണ് ഇപ്പോൾ ലീഗിനോട് കാണിക്കുന്നതെന്നുമാണ് നേതാക്കളുടെ വിമർശനം.

ഇന്നലെ രാത്രി ചേർന്ന കെ.പി.സി.സി ഭാരവാഹികളുടെ ഓൺലൈൻ യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനമുയർന്നത്. ലീഗിന് നൽകിയതിനുശേഷം ബാക്കിയുള്ള ബോർഡ്–കോർപറേഷൻ പദവികൾ മുഖ്യമന്ത്രിയുടെ ഇഷ്ടക്കാർക്ക് നൽകുകയാണെന്നും കോൺഗ്രസിന്റെ പദവികൾ സംബന്ധിച്ച വിവരങ്ങൾ പോലും ലീഗിൽ നിന്നാണ് അറിയുന്നതെന്നും നേതാക്കൾ ആരോപിച്ചു.

ഭരണം മാറി ആറുമാസം പിന്നിട്ടിട്ടും കോൺഗ്രസ് നേതാക്കൾക്ക് അർഹമായ പദവികൾ ലഭിച്ചിട്ടില്ല. മറുവശത്ത്, അധികാരമാറ്റമുണ്ടായിട്ടും സി.പി.എം നേതാക്കൾ പല പദവികളിലും തുടരുകയാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. മന്ത്രിമാരുടെ ജില്ലാതല സന്ദർശനങ്ങൾ പോലും പാർട്ടി നേതാക്കൾ അറിയുന്നില്ലെന്ന പരാതിയും യോഗത്തിലുയർന്നു.

പദവി വിഭജനത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. അവഗണന ഇനിയും സഹിക്കേണ്ടതില്ലെന്നാണ് ഗ്രൂപ്പിന്റെ പൊതുവികാരം. ഗ്രൂപ്പിനെ വീണ്ടും സജീവമാക്കാനും പദവി വിഭജന ചർച്ചകളിൽ ഗ്രൂപ്പ് പ്രതിനിധിക്ക് പങ്കാളിത്തം ഉറപ്പാക്കാനും തീരുമാനമുണ്ട്. ബോർഡ്–കോർപറേഷൻ വിഭജനം വൈകിയെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് യോഗത്തിൽ സമ്മതിച്ചു.

അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ഡി.സി.സി പ്രസിഡന്റുമാരും യോഗത്തിൽ പ്രതിഷേധിച്ചു. തീരുമാനങ്ങൾ ഒച്ചിന്റെ വേഗത്തിലാണ് മുന്നോട്ടുപോകുന്നതെന്നായിരുന്നു അവരുടെ പരിഹാസം.

അതേസമയം, ജി.എൻ.എ കരാറിൽ വ്യക്തത വേണമെന്ന ആവശ്യവും കോൺഗ്രസ് വക്താക്കൾ ഉന്നയിച്ചു. മുഖ്യമന്ത്രിയും മന്ത്രിയും തമ്മിലുള്ള ഭിന്നത കാരണം ചാനൽ ചർച്ചകളിൽ പാർട്ടിയുടെ നിലപാട് അവതരിപ്പിക്കാൻ പോലും പ്രതിസന്ധിയാണെന്ന് മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ളവർ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കൊപ്പമാണോ മന്ത്രിക്കൊപ്പമാണോ നിൽക്കേണ്ടതെന്ന ചോദ്യം ദീപ്തി മേരി വർഗീസും യോഗത്തിൽ ഉന്നയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4