breaking news New

ചാരിറ്റബിള്‍ ട്രസ്റ്റുകളും ഷെല്‍ കമ്പനികളും വിദേശത്തേക്കു വന്‍തോതില്‍ പണം കടത്തുന്നെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തല്‍ !!

രഹസ്യ വിവരത്തെത്തുടര്‍ന്ന് അതിര്‍ത്തി സംസ്ഥാനങ്ങളിലെ 117 സ്ഥാപനങ്ങളുള്‍പ്പെടെ രാജ്യവ്യാപകമായി 394 സ്ഥാപനങ്ങളിലും 36 അക്കൗണ്ടന്റ് സ്ഥാപനങ്ങളിലെയും പരിശോധനയിലാണ് വിദേശത്തേക്കുള്ള പണം കടത്തല്‍ കണ്ടെത്തിയത്.

മൂന്ന് വര്‍ഷത്തിനിടെ ചില ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വ്യാജ സംഭാവനകളുടെ മറവില്‍ കണക്കില്‍പ്പെടാത്ത വന്‍ തുകകള്‍ കടത്തിയെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. ചില ഷെല്‍ കമ്പനികളും അവയ്‌ക്കു പിന്നിലുള്ളവരും അനധികൃതമായി വിദേശത്തേക്കു പണം കടത്തി. ചരക്കുകൂലി, സോഫ്ട് വെയര്‍ ഇറക്കുമതി, കണ്‍സള്‍ട്ടിങ് സേവനങ്ങള്‍ എന്നിങ്ങനെ ആവശ്യങ്ങള്‍ കാണിച്ചാണ് പണം കടത്തിയത്. ചാരിറ്റബിള്‍ ട്രസ്റ്റുകളുടെയും ഷെല്‍ കമ്പനികളുടെയും വരുമാനവും വിറ്റുവരവും വിദേശത്തെ ഇടപാടുകളും തമ്മില്‍ വലിയ അന്തരമുള്ളതായും കണ്ടെത്തി. ഇത്തരം ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ പലതും വ്യാജ വിലാസങ്ങളിലാണെന്നും വ്യക്തമായി.

പണം കടത്താന്‍ ചാര്‍റ്റേഡ് അക്കൗണ്ടന്റുമാരും കൂട്ടുനില്‍ക്കുന്നു. വിദേശത്തേക്കു പണമയയ്‌ക്കുമ്പോള്‍ നികുതി ബാധ്യത സംബന്ധിച്ചു ഫോം 15 സി ബി സര്‍ട്ടിഫിക്കറ്റ് ചാര്‍റ്റേഡ് അക്കൗണ്ടന്റ് നല്കണം. ഇതിനായി അക്കൗണ്ട് ബുക്കുകളും മറ്റു രേഖകളും പരിശോധിക്കണം. എന്നാല്‍ അത്തരം രേഖകളൊന്നും പരിശോധിക്കാതെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകമായി നല്കി. ഇതുപയോഗിച്ചാണ് വിദേശത്തുള്ള ചില പ്രത്യേക ശൃംഖലയിലെ സ്ഥാപനങ്ങളിലേക്കു വന്‍ തോതില്‍ പണം കടത്തിയതെന്നും ആഗസ്ത് 18ലെ പരിശോധനയില്‍ വ്യക്തമായി. അക്കൗണ്ടന്റുമാര്‍ ഫോം 15 സിബി സര്‍ട്ടിഫിക്കറ്റ് നല്കുമ്പോള്‍ പൂര്‍ണ ഇടപാടുകള്‍ പരിശോധിക്കണമെന്ന് ആദായ നികുതി വകുപ്പ് കര്‍ശനമായി നിര്‍ദേശിച്ചു.

രാജ്യത്താകെ ഇത്തരം ശൃംഖലകള്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നതും വിദേശത്തെ ചില പ്രത്യേക ശൃംഖലയിലെ സ്ഥാപനങ്ങളിലേക്കു പണം കടത്തുന്നതിനു പിന്നിലെ ഉദ്ദേശ്യവും ഗൗരവതരമാണെന്നാണ് വിലയിരുത്തല്‍. രാജ്യത്തു കലാപത്തിനും തീവ്രവാദ ആക്രമണത്തിനും വിദേശത്തു നിന്ന് ആസൂത്രണവും ധനസഹായവും ലഭിക്കുന്നുണ്ടെന്ന് വിവിധ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ഈ സംഘങ്ങളിലേക്കാണോ പണം കടത്തിയതെന്ന സംശയമുണ്ട്. സംഭവത്തില്‍ ആദായ നികുതി വകുപ്പു വിശദമായ അന്വേഷണമാരംഭിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4