breaking news New

ആരോഗ്യ ഇൻഷുറൻസ് എടുത്തിട്ട് കാര്യമില്ലേ ? ക്ലെയിമുകൾ അകാരണമായി തള്ളി ; സ്റ്റാർ ഹെൽത്തിന് ഐ.ആർ.ഡി.എ.ഐയുടെ 2 കോടി രൂപ പിഴ !

ആരോഗ്യ ഇൻഷുറൻസ് പോളിസി ഉടമകളുടെ ക്ലെയിമുകൾ അകാരണമായി നിരസിക്കുകയും അർഹമായ തുകയിൽ അന്യായമായി കുറവ് വരുത്തുകയും ചെയ്ത സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനിക്കെതിരെ കടുത്ത നടപടിയുമായി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആർ.ഡി.എ.ഐ).

ഗുരുതരമായ ചട്ടലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കമ്പനിക്ക് രണ്ട് കോടി രൂപ പിഴ ചുമത്തി.

കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട ക്ലെയിമുകൾ ഉൾപ്പെടെ മതിയായ കാരണമില്ലാതെ നിരസിച്ചതും പോളിസി വ്യവസ്ഥകളുടെ പിന്തുണയില്ലാതെ ക്ലെയിം തുക വെട്ടിക്കുറച്ചതുമാണ് പ്രധാന വീഴ്ചകളായി കണ്ടെത്തിയത്. ക്ലെയിമുകൾ നിരസിക്കുന്നതിനോ തുക കുറയ്ക്കുന്നതിനോ ആധാരമായ കൃത്യമായ പോളിസി വ്യവസ്ഥകൾ ഉപഭോക്താക്കളെ അറിയിക്കുന്നതിലും കമ്പനി പരാജയപ്പെട്ടു.

പരിശോധനയിൽ ഐ.ആർ.ഡി.എ.ഐ ഈ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയതിനു ശേഷമാണ് തർക്കത്തിലായിരുന്ന നിരവധി ക്ലെയിമുകൾ കമ്പനി തീർപ്പാക്കിയത്. അകാരണമായി ക്ലെയിമുകൾ നിരസിച്ചതിന് ഒരു കോടി രൂപയും അന്യായമായി തുക കുറച്ചതിനും വിവരങ്ങൾ കൃത്യമായി കൈമാറാത്തതിനും മറ്റൊരു ഒരു കോടി രൂപയുമാണ് പിഴ ചുമത്തിയത്.

2022 ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ 2024 ഡിസംബറിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. 2025 ജൂണിൽ കമ്പനിക്ക് നേരിട്ട് വാദം കേൾക്കാനുള്ള അവസരവും നൽകിയ ശേഷമാണ് അന്തിമ നടപടി.

നെറ്റ്‌വർക്ക് ആശുപത്രികളുമായുള്ള ഡിസ്കൗണ്ട് വിവരങ്ങൾ ഉപഭോക്താക്കളെ അറിയിക്കുന്നതിലും ക്ലെയിം സെറ്റിൽമെന്റ് കത്തുകളിൽ അനുവദിച്ച തുക, നിരസിച്ച തുക, ഡിസ്കൗണ്ട്, ശേഷിക്കുന്ന ഇൻഷുറൻസ് പരിരക്ഷ എന്നിവ വ്യക്തമായി രേഖപ്പെടുത്തുന്നതിലും വീഴ്ച കണ്ടെത്തി. പുതുക്കൽ പ്രീമിയം 90 ദിവസത്തിലധികം മുൻകൂറായി ഈടാക്കിയതിനും ഇൻഷുറൻസ് ഓംബുഡ്‌സ്മാന്റെ വിവരങ്ങൾ പരാതിക്കാർക്ക് നൽകാത്തതിനും കമ്പനിക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

സാങ്കേതിക തകരാറുകളാണ് ചില വീഴ്ചകൾക്ക് കാരണമെന്നും സിസ്റ്റത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നുമാണ് കമ്പനിയുടെ വിശദീകരണം. ഉത്തരവ് ലഭിച്ച് 45 ദിവസത്തിനുള്ളിൽ പിഴത്തുക അടയ്ക്കാനും 90 ദിവസത്തിനുള്ളിൽ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കാനും ഐ.ആർ.ഡി.എ.ഐ നിർദ്ദേശിച്ചു.

ഇൻഷുറൻസ് പോളിസിയുണ്ടായിട്ടും ചികിത്സാ ചെലവിന്റെ ക്ലെയിം ലഭിക്കാതെ ബുദ്ധിമുട്ടുന്ന ഉപഭോക്താക്കൾക്ക് നിർണായക സന്ദേശമാണ് ഈ നടപടി നൽകുന്നത്. ക്ലെയിം തീർപ്പാക്കലിൽ സുതാര്യതയും പോളിസി ഉടമകളുടെ അവകാശസംരക്ഷണവും ഉറപ്പാക്കണമെന്ന ശക്തമായ മുന്നറിയിപ്പാണ് റെഗുലേറ്ററുടെ ഇടപെടൽ.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4