ട്രെയിൻ യാത്രയ്ക്കിടെ ഭക്ഷണം ഓർഡർ ചെയ്യാൻ അനധികൃത വെബ്സൈറ്റുകളെയും മൊബൈൽ ആപ്പുകളെയും ആശ്രയിക്കരുതെന്ന് യാത്രക്കാർക്ക് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി).
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളിൽനിന്നുള്ള ഭക്ഷണം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്നും വ്യക്തിഗത വിവരങ്ങളും ബാങ്കിങ് വിവരങ്ങളും ചോർത്തി സാമ്പത്തിക തട്ടിപ്പ് നടത്താൻ ഇത്തരം പ്ലാറ്റ്ഫോമുകൾ വഴിയൊരുക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അനധികൃത ഇ-കാറ്ററിങ് പ്ലാറ്റ്ഫോമുകൾക്കെതിരായ പരിശോധനയും നടപടികളും ശക്തമാക്കിയിട്ടുണ്ട്.
ലൈസൻസില്ലാത്ത ഭക്ഷണശാലകളിൽനിന്ന് ഭക്ഷണം വിതരണം ചെയ്യുന്ന ഇത്തരം സംവിധാനങ്ങൾ യാത്രക്കാരുടെ ആരോഗ്യത്തിന് ഭീഷണിയാണെന്നാണ് ഐആർസിടിസിയുടെ വിലയിരുത്തൽ. ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ എഫ്എസ്എസ്എഐയുടെ മാനദണ്ഡങ്ങളും ശുചിത്വ വ്യവസ്ഥകളും പാലിക്കാത്ത സ്ഥാപനങ്ങളിൽ ഭക്ഷണം തയ്യാറാക്കാനുള്ള സാധ്യതയുണ്ട്. വൃത്തിഹീനമായ സാഹചര്യങ്ങളിൽ പാചകം ചെയ്യുക, പരിശീലനം ലഭിക്കാത്ത ജീവനക്കാരെ നിയോഗിക്കുക, ഭക്ഷണ വിതരണ ജീവനക്കാരുടെ നിർബന്ധിത ആരോഗ്യപരിശോധനകൾ ഒഴിവാക്കുക തുടങ്ങിയ വീഴ്ചകളും അപകടസാധ്യത വർധിപ്പിക്കുന്നു.
സാമ്പത്തിക തട്ടിപ്പിനും വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്. ഭക്ഷണം ഓർഡർ ചെയ്യുന്നതിനായി പിഎൻആർ നമ്പർ, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം, ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, യുപിഐ വിവരങ്ങൾ എന്നിവ കൈമാറുന്നത് സുരക്ഷിതമല്ലാത്ത പ്ലാറ്റ്ഫോമുകളിൽ വലിയ അപകടമുണ്ടാക്കും. ഫിഷിങ് ആക്രമണങ്ങളിലൂടെയും മറ്റ് തട്ടിപ്പ് മാർഗങ്ങളിലൂടെയും യാത്രക്കാരുടെ പണവും തിരിച്ചറിയൽ വിവരങ്ങളും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ഓർഡർ ചെയ്ത ഭക്ഷണം കൃത്യസമയത്ത് ലഭിക്കാതിരിക്കുക, ഓർഡർ റദ്ദാക്കപ്പെടുക, പണം തിരികെ ലഭിക്കാതിരിക്കുക തുടങ്ങിയ പരാതികളും ഇത്തരം സംവിധാനങ്ങളുമായി ബന്ധപ്പെട്ട് ഉയരാം. ഔദ്യോഗിക പരാതിപരിഹാര സംവിധാനവും വിശ്വസനീയമായ ഉപഭോക്തൃസേവനവും ഇല്ലാത്തത് യാത്രക്കാരെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നും ഐആർസിടിസി ചൂണ്ടിക്കാട്ടി.
അനധികൃത ഇ-കാറ്ററിങ് വെബ്സൈറ്റുകൾ
ഐആർസിടിസിയുടെ മുന്നറിയിപ്പിൽ പരാമർശിച്ച വെബ്സൈറ്റുകൾ:
* RAILRESTRO.COM
* RAILRESTRO.IN
* RAILMITRA.COM
* TRAVELKHANA.COM
* TRAINSCAFE.COM
* DIBRAIL.COM
* RAILFOOD.NET
* TRAVELERFOOD.COM
* FOODONTRACK.IN
* ECATERING.APP
* KHANAONLINE.IN
* TRAINWAY.IN
* RAILMEAL.COM
* TRAINMENU.COM
അംഗീകൃത ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകൾ
ഐആർസിടിസിയുടെ ഔദ്യോഗിക ഇ-കാറ്ററിങ് സംവിധാനത്തിന് പുറമെ അംഗീകൃത പങ്കാളികളായി നൽകിയിട്ടുള്ള പ്ലാറ്റ്ഫോമുകൾ:
Zomato, Swiggy, Zoop, Rail Yatri, Rail Recipe, Yatribhojan, Yatrirestro, Garg Rajdhani, Homebytes, OLF, Relfood, Gofoodieonline, Rajbhog, BrotherByte, Happy Journey, Swad Express എന്നിവ.
അംഗീകൃത പങ്കാളികളുടെ പട്ടികയിൽ മാറ്റങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ ഔദ്യോഗിക വെബ്സൈറ്റിലോ ആപ്പിലോ പുതുക്കിയ വിവരങ്ങൾ പരിശോധിക്കണമെന്നും നിർദേശമുണ്ട്.
അനധികൃത ഭക്ഷണവിൽപ്പന ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാം
ട്രെയിനുകളിലോ റെയിൽവേ സ്റ്റേഷനുകളിലോ അനധികൃതമായി ഭക്ഷണം വിൽക്കുന്നതോ വിതരണം ചെയ്യുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ (RPF) 182 എന്ന ഹെൽപ്ലൈൻ നമ്പറിൽ വിവരം അറിയിക്കാം. നികുതി ബാധ്യതകൾ ഒഴിവാക്കുന്നതിനും റെയിൽവേയുടെ നിയന്ത്രണങ്ങൾ മറികടക്കുന്നതിനും ഇത്തരം അനധികൃത പ്രവർത്തനങ്ങൾ വഴിയൊരുക്കുന്നുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
ട്രെയിനിൽ ഭക്ഷണം ഓർഡർ ചെയ്യേണ്ടത് എങ്ങനെ?
യാത്രക്കാർക്ക് ഐആർസിടിസിയുടെ ഔദ്യോഗിക ഇ-കാറ്ററിങ് വെബ്സൈറ്റായ ecatering.irctc.co.in വഴിയോ Food on Track മൊബൈൽ ആപ്പ് വഴിയോ ഭക്ഷണം ബുക്ക് ചെയ്യാം. ഭക്ഷണം എത്തിക്കേണ്ട സ്റ്റേഷൻ തിരഞ്ഞെടുത്ത് ലഭ്യമായ ഭക്ഷണശാലകളിൽനിന്ന് ഇഷ്ടമുള്ള വിഭവങ്ങൾ ഓർഡർ ചെയ്യാം. 1323 എന്ന ഹെൽപ്ലൈൻ നമ്പർ വഴിയും ഭക്ഷണം ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.
ട്രെയിൻ യാത്രയ്ക്കിടെ കുറഞ്ഞ ചെലവിൽ ഭക്ഷണം ലഭിക്കുമെന്ന വാഗ്ദാനങ്ങളിൽ വീഴാതെ ഔദ്യോഗികവും അംഗീകൃതവുമായ സംവിധാനങ്ങൾ മാത്രം ഉപയോഗിക്കണമെന്നാണ് ഐആർസിടിസിയുടെ പ്രധാന നിർദേശം.
🖥️ CENTRAL MEDIA NEWS DESK | 🌐www.cmediaonline.in
ട്രെയിൻ യാത്രക്കാർ ജാഗ്രതൈ ! ഭക്ഷണം ഓർഡർ ചെയ്യാൻ വ്യാജ ആപ്പുകളെ ആശ്രയിക്കരുത് ; സാമ്പത്തിക തട്ടിപ്പിനും ആരോഗ്യപ്രശ്നങ്ങൾക്കും സാധ്യതയെന്ന് ഐആർസിടിസി
Advertisement
Advertisement
Advertisement