പശ്ചിമേഷ്യയിൽ യുദ്ധസമാന സാഹചര്യം കൂടുതൽ രൂക്ഷമാകുന്നു. യമനിലെ ഹൊദെയ്ദ തുറമുഖത്തും വൈദ്യുതി നിലയങ്ങളിലും സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ സൗദി അറേബ്യയ്ക്ക് നേരെ ശക്തമായ തിരിച്ചടിക്ക് ഒരുങ്ങുന്നതായി ഹൂതി വിമതരുടെ മുന്നറിയിപ്പ്.
സംഘർഷം വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നീ ഇന്ത്യൻ വിമാനക്കമ്പനികൾ സൗദിയിലേക്കുള്ള സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി.
റിയാദ്, ദമാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഈ മാസം 30 വരെയും ജിദ്ദയിലേക്കുള്ള സർവീസുകൾ 24 വരെയും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നിർത്തിവച്ചു. സൗദിയിലേക്കുള്ള മുഴുവൻ സർവീസുകളും 30 വരെ ഇൻഡിഗോയും റദ്ദാക്കിയിട്ടുണ്ട്. സൗദി വ്യോമപാത സുരക്ഷിതമല്ലെന്നും വിമാനക്കമ്പനികൾ ഈ മേഖല ഒഴിവാക്കണമെന്നും ഹൂതി വക്താവ് യഹ്യ സരീ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് നടപടി.
സൗദിയുടെ തന്ത്രപ്രധാന കേന്ദ്രങ്ങളാണ് ഹൂതികളുടെ ഭീഷണിയുടെ ലക്ഷ്യം. യമനിലെ സാദ, മോഖ എന്നിവിടങ്ങളിലെ വൈദ്യുതി നിലയങ്ങൾ തകർത്തതിന് പ്രതികാരമായി സൗദിയിലെ ഷുഖൈഖ് പവർ പ്ലാന്റും ജിദ്ദ ഉൾപ്പെടെയുള്ള പ്രധാന തുറമുഖങ്ങളും ആക്രമിക്കുമെന്നാണ് മുന്നറിയിപ്പ്. റിയാദിലെ കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെന്ററിൽ നിന്ന് ജീവനക്കാരോടും പൊതുജനങ്ങളോടും ഒഴിഞ്ഞുപോകാനും ഹൂതികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
അരാംകോയുടെ ശുദ്ധീകരണശാല സ്ഥിതിചെയ്യുന്ന ജിസാനിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. മിസൈൽ ആക്രമണ സാധ്യത മുൻനിർത്തി മൊബൈൽ ഫോണുകളിലേക്ക് മുന്നറിയിപ്പ് സന്ദേശങ്ങളും അയച്ചിട്ടുണ്ട്. അതേസമയം, മക്കയെയും മദീനയെയും ആക്രമണങ്ങളിൽ നിന്ന് ഒഴിവാക്കുമെന്ന് ഹൂതികൾ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ, ബാലിസ്റ്റിക് മിസൈലുകളും ആയുധങ്ങളും കടത്തുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ യമനിലെ ഹൊദെയ്ദ തുറമുഖത്ത് സൗദി സഖ്യസേന ശക്തമായ വ്യോമാക്രമണം നടത്തി. സാധാരണക്കാർക്ക് ഒഴിഞ്ഞുപോകാൻ സുരക്ഷിത പാത ഒരുക്കിയ ശേഷമായിരുന്നു സൈനിക നടപടി.
സനാ, സാദ, തായിസ് എന്നിവിടങ്ങളിലെ ഹൂതി ആയുധസംഭരണ കേന്ദ്രങ്ങളും തകർത്തതായി സഖ്യസേന അറിയിച്ചു. ഹൂതികളുടെ സൈനിക ശേഷി പൂർണമായും ഇല്ലാതാക്കുന്നതുവരെ ആക്രമണം തുടരുമെന്ന് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി വ്യക്തമാക്കി.
വിമാന സർവീസുകൾ നിലച്ചതോടെ സൗദിയിലേക്ക് യാത്ര ചെയ്യാനിരുന്ന ആയിരക്കണക്കിന് യാത്രക്കാരെയും പ്രവാസികളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുമോയെന്ന ആശങ്കയും ശക്തമാകുന്നു.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
സൗദിക്കെതിരെ തിരിച്ചടിക്ക് ഹൂതികളുടെ ഭീഷണി ; യുദ്ധഭീതിയിൽ ഇന്ത്യൻ വിമാനക്കമ്പനികൾ : സൗദി സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി
Advertisement
Advertisement
Advertisement