breaking news New

ശബരിമല വാജിവാഹനം തന്ത്രിയിൽ നിന്ന് തിരിച്ചെടുക്കാൻ ദേവസ്വം ബോർഡ് ; ക്ഷേത്രസ്വത്തിൽ തന്ത്രിമാർക്ക് ഉടമസ്ഥാവകാശമില്ലെന്ന് ഹൈക്കോടതി

കൊച്ചി: ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾക്ക് നേതൃത്വം നൽകാൻ തന്ത്രിമാർക്ക് അധികാരമുണ്ടെങ്കിലും ദേവന്റെ സ്വത്തിൽ ഉടമസ്ഥാവകാശമില്ലെന്ന് ഹൈക്കോടതി.

ശബരിമലയിലെ പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജിവാഹനം തന്ത്രിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് കോടതിയുടെ നിർണായക നിരീക്ഷണം. പഴയ കൊടിമരത്തിലെ വാഹനരൂപവും മാറ്റിസ്ഥാപിക്കുന്ന ലോഹവസ്തുക്കളും ദേവസ്വം ബോർഡിന്റെ സ്വത്താണെന്നും ഇവയിൽ തന്ത്രിമാർക്ക് അവകാശമില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

2012-ലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സർക്കുലർ ചോദ്യം ചെയ്ത് അഖില തന്ത്രി പ്രചാരകസഭ ഭാരവാഹികളായ എം.എസ്. ശ്രീരാജ്കൃഷ്ണൻ പോറ്റിയും എൻ. വിഷ്ണുനമ്പൂതിരിയും സമർപ്പിച്ച ഹർജി തള്ളിയാണ് ജസ്റ്റിസുമാരായ വി. രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. കൊടിമരം മാറ്റുമ്പോൾ പഴയ വാഹനരൂപം തന്ത്രിക്ക് നൽകണമെന്ന ആചാരാവകാശം അംഗീകരിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.

എന്നാൽ കാലപ്പഴക്കം ചെന്ന ക്ഷേത്രവസ്തുക്കൾ വ്യക്തികൾക്ക് കൈമാറാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ക്ഷേത്രത്തിലെ പഴയ ലോഹവസ്തുക്കളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ദേവസ്വം സ്വത്തായി തന്നെ നിലനിർത്തണമെന്ന സർക്കുലർ നിയമവിരുദ്ധമല്ലെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം വസ്തുക്കൾ കൃത്യമായി കണക്കിൽപ്പെടുത്തി സുരക്ഷിതമായി സംരക്ഷിക്കണമെന്നും നിർദേശമുണ്ട്.

2017-ൽ ശബരിമലയിലെ കൊടിമരം മാറ്റി സ്ഥാപിച്ചപ്പോഴാണ് പഴയ കൊടിമരത്തിലുണ്ടായിരുന്ന കുതിരയുടെ രൂപമായ വാജിവാഹനം അന്നത്തെ ദേവസ്വം ബോർഡ് തന്ത്രി കണ്ഠര് രാജീവർക്ക് കൈമാറിയത്. പിന്നീട് ഈ കൈമാറ്റം വിവാദമായി. വാജിവാഹനം തന്റെ കൈവശമുണ്ടെന്നും ദേവസ്വം ബോർഡിന് തിരികെ നൽകാൻ തയ്യാറാണെന്നും അറിയിച്ച് തന്ത്രി നേരത്തെ എക്സിക്യൂട്ടീവ് ഓഫീസർക്ക് കത്ത് നൽകിയിരുന്നു.

എന്നാൽ നിയമനടപടികൾ നിലനിൽക്കുന്നതിനാൽ ബോർഡ് തുടർനടപടി നീട്ടിവെക്കുകയായിരുന്നു. ഇപ്പോൾ ഹൈക്കോടതി വിധി വന്നതോടെ വാജിവാഹനം തിരികെ ഏറ്റെടുക്കുന്ന കാര്യം ദേവസ്വം ബോർഡിന്റെ പരിഗണനയിലെത്തിയിട്ടുണ്ട്. നിയമവിഭാഗത്തിന്റെ പരിശോധനയ്ക്കുശേഷം ബോർഡ് യോഗത്തിലായിരിക്കും അന്തിമ തീരുമാനമെടുക്കുക.

ക്ഷേത്രത്തിലെ ആചാരപരമായ അധികാരവും ക്ഷേത്രസ്വത്തിന്റെ ഉടമസ്ഥാവകാശവും രണ്ടായി കാണണമെന്ന വ്യക്തമായ സന്ദേശമാണ് ഹൈക്കോടതി വിധിയിലൂടെ പുറത്തുവരുന്നത്. മറ്റ് ദേവസ്വം ക്ഷേത്രങ്ങളിലെ പഴയ ലോഹവസ്തുക്കളുടെയും വാഹനരൂപങ്ങളുടെയും കൈമാറ്റത്തിലും ഈ ഉത്തരവ് നിർണായകമായേക്കും.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4